“ചരിത്രത്തേക്കാളും സംസ്കാരത്തേക്കാളും ഇതിഹാസങ്ങളേക്കാളും പഴക്കം ചെന്നത്” അമേരിക്കന്‍ ചരിത്രകാരനായ മാര്‍ക് ട്വയിന് വാരാണാസിയെന്ന ക്ഷേത്ര നഗരിയെ വിശേഷിപ്പിച്ചതാണിത്. നൂറ്റാണ്ടുകളായി അണമുറയാതെ പ്രവഹിക്കുന്ന ഹിന്ദു സാംസ്കാരിക ധാരയുടെ യഥാര്‍ത്ഥ ബിംബമാണ് വാരാണസിയെന്നറിയപ്പെടുന്ന കാശി.
ഹിന്ദുക്കളുടെ പുണ്യ നഗരി. കാശിയെന്നാല്‍ ശിവന്റെ നഗരം. ഈ ഗംഗാതീരത്ത് എല്ലാം ശിവമയമാണ്. ഹരഹര മഹാദേവ സ്തുതികള്‍ മാത്രം മുഴങ്ങുന്ന മണ്ണ്. എന്നാല്‍, പലവട്ടം വിലക്കിയിട്ടും ജനങ്ങളില്‍ നിന്നും ഉയരുന്ന ഹര ഹര മോദി സ്തുതികള്‍ ക്ഷേത്രനഗരിയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ആഘോഷമാക്കുകയാണ്. രണ്ടുദിവസമായി ഇവിടെകണ്ട കാഴ്ചകള്‍ക്ക് വിശ്വാസത്തിന്റെ നിറമുണ്ടെന്ന് വ്യക്തം. അതു മതവിശ്വാസത്തിന്റെയല്ല,മോദിയോടുള്ള സാധാരണക്കാരന്റെ വിശ്വാസത്തിന്റേതെന്നാണ് തിരിച്ചറിയാനാകുന്നത്.
ചെറുതും വലുതുമായ കാല്‍ലക്ഷത്തോളം ക്ഷേത്രങ്ങളുണ്ട് ഇവിടെ. ഗംഗയേയും ക്ഷേത്രങ്ങളേയും ആശ്രയിച്ചു കഴിയുന്നവരാണ് ജനങ്ങളില്‍ ഭൂരിപക്ഷവും. ബനാറസ് സാരി നെയ്ത്തുകാരുള്പ്പെടുന്ന മുസ്ലിം സമൂഹവും വാരാണസിയുടെ സവിശേഷതയാണ്. പലപ്പോഴും സമുദായ കലാപങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ സാഹോദര്യത്തോടെ ജീവിക്കുന്ന പ്രദേശമാണ് വാരാണസി.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ലോക്സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ച മാര്‍ച്ച് 15വരെ രാജ്യത്തെ മറ്റുമണ്ഡലങ്ങള്‍ പോലെ മാത്രമായിരുന്നു വാരാണസിയും. എന്നാല്‍ മോദിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തോടെ അന്താരാഷ്ട്രതലത്തില്‍ തന്നെ വാരാണസി സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.
പത്തുലക്ഷത്തോളം ഹിന്ദുക്കളും രണ്ടുലക്ഷത്തിലധികം വരുന്ന മുസ്ലിംകളും അടങ്ങുന്ന വാരാണസിയില്‍ മതം പ്രചാരണവിഷയമാക്കാനുള്ള ശ്രമങ്ങള്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സജീവമായി നടത്തുമ്പോഴും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്.
മോദിയെന്ന നേതാവിന് വര്‍ഗ്ഗീയത ചാര്‍ത്തിനല്‍കാന്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കുമ്പോള്‍ വാരാണസിയിലെ ആയിരത്തോളം വരുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയാണ് ബിജെപി. ജാതിമത വത്യാസമില്ലാതെ വികസനവും സദ്ഭരണവും എന്ന പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഗ്രാമീണരിലേക്ക് എത്തിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല നിര്‍വഹിക്കുന്ന ബിജെപി ക്ഷേത്രീയ ജനറല്‍ സെക്രട്ടറി ജന്മഭൂമിയോട് പറഞ്ഞു. പുണ്യനദിയായ ഗംഗയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഇനി മോദിക്കു മാത്രമേ സാധിക്കൂ എന്ന വിശ്വാസം സാധാരണക്കാര്‍ക്കുണ്ട്. ഗുജറാത്തിലെ നര്‍മ്മദയെ ശുചീകരിച്ച രീതിയാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. ഗംഗയും യമുനയും ശുചീകരിക്കുന്നതിനായി ആയിരക്കണക്കിന് കോടികള്‍ ഒഴുക്കിക്കളഞ്ഞ നാട്ടില്‍ അവസാന പ്രതീക്ഷയാണ് മോദിയെന്ന് ഗംഗാതീരത്തു കണ്ട സന്യാസിയും പറഞ്ഞു.
വാരാണസിയിലെ പരമ്പരാഗത നെയ്ത്തുകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം സൂറത്തിലെ വസ്ത്രവ്യാപാരമേഖലയുടെ വളര്‍ച്ച കണ്ടതില്‍ നിന്നും ഉണ്ടായതാണ്.
തകര്‍ന്ന റോഡുകള്‍ക്ക് ശാപമോക്ഷം ലഭിക്കണമെങ്കില്‍ മോദി വിജയിക്കണമെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ റിക്ഷചവിട്ടികൊണ്ട് റുക്സാന്‍ പറയുന്നു. മോദിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ വിദേശ മാധ്യമങ്ങളടക്കം എത്തിത്തുടങ്ങിയ വാരാണസിയില്‍ ഭരണകൂടം ധൃതിപിടിച്ച് റോഡുകള്‍ നന്നാക്കിയിരുന്നു. ഇതും മോദിയെത്തിയതിന്റെ ശുഭലക്ഷണമാണെന്നാണ് റുക്സാന്റെ പക്ഷം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മദനമോഹന മാളവ്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പുതിയ ഭരണത്തിന് കീഴില്‍ സാധിക്കുമെന്ന പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നാണ് ബിഎച്ച്യുവിലെ ബിരുദ വിദ്യാര്‍ത്ഥി അജയ് സിങ്ങിന്റെ അഭിപ്രായം.
സപ്തംബര്‍ മുതല്‍ മോദിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന, മിഷന് 272പ്ലസ് എന്ന ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന, മുകേഷിന്റെ അഭിപ്രായം തെരഞ്ഞെടുപ്പ് വിജയമല്ല, അതിനു ശേഷം ആരംഭിക്കേണ്ട പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ്. ഇത്തരത്തില്‍ എല്ലാവിഭാഗങ്ങളിലും പ്രതീക്ഷകളേറുകയാണ് വാരാണസിയില്‍. ഗംഗയുടെ തീരത്തെ തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ കൂടുതല്‍ വിശദമായ കാഴ്ചകള്‍ വരും ദിവസങ്ങളില്‍.
വാരാണസിയില്‍നിന്നും എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: