കാശിവിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും അസിഘട്ടിലേക്കുള്ള ചെറിയ വഴിയായ ഗാന്ധിചൗക്കിലാണ് പപ്പുചായ്വാലയുടെ കട. വാരാണസിയിലെ പ്രശസ്തമായ ചായക്കടയാണിത്. നല്ല കടുപ്പത്തിലുള്ള ചായയുടെ സ്വാദ് കുടിച്ചവരൊന്നും ഒരിക്കലും മറക്കില്ലെന്നുറപ്പ്. വാരാണസിയില്‍ മത്സരിക്കുന്ന നരേന്ദ്രമോദിയുടെ നാമനിര്‍ദ്ദേശ പത്രികയെ പിന്തുണയ്ക്കുന്നത് പപ്പുചായ്വാലയാണെന്ന വാര്‍ത്ത പരന്നതോടെ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളുടെ തിരക്കാണിവിടെ. ഒരു ദിവസം കൊണ്ട് പപ്പു എന്ന വിശ്വനാഥ്സിങ് പ്രശസ്തനായി മാറുകയും ചെയ്തു. മോദിയുടെ ചായ്പെ ചര്‍ച്ച എന്ന പരിപാടി മുമ്പ് ഇവിടെവെച്ച് നടത്തിയിട്ടുണ്ട്.
രാവിലെ 7മുതല്‍ രാത്രി 9 മണിവരെ ചായക്കട സജീവമാണ്. മോദിയെ പിന്തുണയ്ക്കുന്നെങ്കിലും പപ്പുചായ്വാലയുടെ ചായക്കടയില്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിലക്കൊന്നുമില്ല. എല്ലാ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും പപ്പുവിന്റെ കടയിലെ ചുവരുകളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. രാവിലെ മുതല്‍ രാത്രി വൈകുംവരെ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രമാണ് പപ്പുചായ്വാലയുടെ കട. മാറിമാറി ചായ കുടിച്ച് മണിക്കൂറുകളോളമാണ് ഇവിടെ ആളുകള്‍ ഇരിക്കുന്നത്.
വഴിചോദിച്ചറിഞ്ഞ് പപ്പുചായ്വാലയടെ അടുത്തെത്തിയപ്പോള്‍ കടയിലേക്ക് കയറാനാവാത്തത്ര തിരക്കായിരുന്നു. കുറച്ചുനേരം പുറത്തുനിന്ന ശേഷം ഒരുവിധത്തില്‍ അകത്തുകയറിപ്പറ്റി. വീണ്ടും കുറച്ചുനേരം ഇരിക്കേണ്ടിവന്നു ചായ ലഭിക്കാന്‍. കാരണം അന്വേഷിച്ചപ്പോള്‍ അടുത്ത ബെഞ്ചിലിരുന്ന പണ്ഡിറ്റ്ജി പറഞ്ഞു, ഇവിടെ ചായ കുടിക്കാന്‍ വരുന്നവര്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇരുന്ന് സജീവ രാഷ്ട്രീയ ചര്‍ച്ച നടത്തി മാത്രമേ പോകൂ എന്ന്. അതിനകം തന്നെ കടയിലെ രാഷ്ട്രീയചര്‍ച്ചയുടെ ചൂട് തിരിച്ചറിഞ്ഞു. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ആംആദ്മിപാര്‍ട്ടിയുടേയും സമാജ് വാദി പാര്ട്ടിയുടേയുമെല്ലാം അനുയായികള്‍ ആകെയുള്ള മൂന്ന് മേശയ്ക്ക് ചുറ്റുമിരുന്ന് ശക്തമായ ചര്‍ച്ചയാണ് കടയ്ക്കുള്ളില്‍. പതിയ ചര്‍ച്ചയുടെ ഭാഗമായി മാറുകയേ വഴിയുണ്ടായിരുന്നുള്ളൂ.
അരവിന്ദ് കെജ്വാളിനെയും എഎപിയേയും പുകഴ്ത്തി വാശിയേറിയ വാദഗതികള്‍ അവതരിപ്പിക്കുകയാണ് സഹജാനന്ദ റായ് എന്ന എഎപിക്കാരന്‍. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് കക്ഷി ദല്ഹിക്കാരനാണ്. കെജ്രിവാളിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ വാരണാസിയില്‍ വന്നതാണ്. രഹസ്യമായി സംസാരിച്ചപ്പോള്‍ ഒരു കാര്യം കൂടി വ്യക്തമായി സഹജാനന്ദ റായ് എഎപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗവുമാണ്. ഇതിനകം പ്രധാന രാഷ്ട്രീയ കേന്ദ്രമായ മാറിയ പപ്പുചായ്വാലയുടെ കടയിലേക്ക് എഎപി നിയോഗിച്ചതാണ് അദ്ദേഹത്തെ. കുര്‍ത്തയുടെ പോക്കറ്റില്‍ എഎപി തൊപ്പി സുരക്ഷിതമായിരിക്കുന്നു.
എഎപിക്കാരന്‍ ദല്‍ഹിയില്‍ നിന്നും വന്നയാളാണെന്ന് മനസ്സിലായതോടെ ചായക്കടയിലിരുന്നവരുടെ മുഴുവന്‍ ‘ആക്രമണവും’ സഹജാനന്ദ റായിക്ക് നേരിടേണ്ടിവന്നു. നിരുത്തരവാദപരമായി ദല്‍ഹിയിലെ ഭരണം വലിച്ചെറിഞ്ഞു പോയ കെജ്രിവാള് വാരാണസിയിലും അതു ചെയ്യില്ലെന്നതിനു എന്തുറപ്പാണ് താങ്കള്ക്കുള്ളതെന്ന ചോദ്യത്തിന് റായിക്ക് ഉത്തരമില്ല. കടുത്ത മോദി ഭക്തരുടെ രോഷം നിറഞ്ഞ ചോദ്യങ്ങളില്‍ നിന്നും റായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി റോയ് സംസാരിക്കുന്നതു കണ്ടപ്പോള്‍ ‘ നിങ്ങള്‍ പത്രക്കാരുടെ പിന്തുണ മാത്രമാണ് ഇവിടെ കെജ്രിവാളിനുള്ളത്’ എന്ന പരിഹാസവും ഉയര്‍ന്നു.
ദല്‍ഹിയില്‍ നിന്നെത്തിയ എഎപിക്കാര്‍ക്ക് മണ്ഡലത്തിലെല്ലായിടത്തും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകുന്നുണ്ട്. വാരണാസിയില്‍ എഎപിക്ക് യാതൊരു സ്വാധീനവുമില്ല. ജില്ലാ ഘടകങ്ങള്‍ പോലുമില്ലാത്ത സ്ഥലത്ത് കെജ്രിവാള് മത്സരിക്കുന്നത് കേവലം പ്രശസ്തിക്കുവേണ്ടി മാത്രമാണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. മോദി തരംഗം വാരണാസിയില്‍ എത്ര തീവ്രമാണെന്ന് പപ്പുവിന്റെ ചായക്കടയിലെ ചര്‍ച്ചകളില്‍ നിന്നും തിരിച്ചറിയാം.
വാരാണസിയില്‍ നിന്നും എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: