നവാഗതനായ ജോ ഈശ്വര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുന്താപുര’ എന്ന ചിത്രം 1920കളിലെ സ്വാതന്ത്ര്യസമര ചരിത്രമാണ് കുറിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ചേര്‍ക്കപ്പെടാതെ പോയ ചില ഏടുകള്‍ ഒരു സാങ്കല്പിക ഗ്രാമത്തില്‍ അരങ്ങേറുന്നതായാണ് കഥ. ഇതുവരെ പറഞ്ഞിട്ടുള്ള കഥകളില്‍ നിന്നു ഏറെ വ്യത്യസ്തമാകും ഇതെന്നു സംവിധായകന് അവകാശപ്പെടുന്നു. ചിത്രം ജൂലൈ പതിമൂന്നിന് റിലീസ് ചെയ്യും.
കൃഷ്ണപ്പ നരസിംഹ ശാസ്ത്രി എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ കണ്ണുകളിലൂടെ 1920കളിലെ കഥയാണ് ചിത്രം പറയുന്നത്. ബാലനായിരുന്നപ്പോള്‍ ശാസ്ത്രി അനുഭവിച്ചറിഞ്ഞ സ്വാതന്ത്ര്യസമരത്തിന്റെ ചൂടും ചൂരും, ഉരുകിപ്പോകാതെ അതേ തീവ്രതയില്‍ ചിത്രം വെളിപ്പെടുത്തുന്നു. പ്രശസ്ത നടനായ ചാരുഹാസനാണ് ശാസ്ത്രിയായി അഭിനയിക്കുന്നത്. അതോടൊപ്പം ഗ്രാമത്തിന്റെ വിശ്വാസമായ ചാമരദേവരുടെ പ്രതിഷ്ഠ, സ്വാതന്ത്ര്യ സമര സേനാനിയായ സുബണ്ണ ശാസ്ത്രി, സുന്ദരിയായ പുരാവസ്തു ഗവേഷക വസുന്ധര ദേവി തുടങ്ങിയ കഥാപാത്രങ്ങള്‍ ചിത്രത്തിന്റെ പ്രമേയവുമായി ഇഴുകിച്ചേരുന്നു. വസുന്ധര, ഗ്രാമം സന്ദര്‍ശിക്കുന്നതിനെ തുടര്‍ന്നു ഗ്രാമത്തിന്റെ ഭാവി തന്നെ മാറുന്നിടത്താണ് കഥ വികസിക്കുന്നത്. പ്രണയവും ചരിത്രവും ഈ സിനിമയില്‍ കാണാം. മണ്മറഞ്ഞു പോയവര്‍ കഷ്ടപ്പെട്ടും യാതനകള്‍ സഹിച്ചും സ്വന്ത ജീവന് വെടിഞ്ഞും നേടിത്തന്ന സ്വാതന്ത്ര്യത്തോടു നമ്മള് നീതി പുലര്‍ത്തുന്നുണ്ടോ എന്നാണ് ചിത്രം ഉയര്‍ത്തുന്ന ചോദ്യം.
ബാലതാരമായും മറ്റും 44 സിനിമകള്‍ ചെയ്ത ബിയോണ് ആദ്യമായി നായകനാകുന്ന ചിത്രമാണ് കുന്താപുര. വസുന്ധര ദേവിയായി പ്രിയ ലാലും അഭിനയിക്കുന്നു. ബ്രിട്ടീഷ് താരങ്ങളായ വിക്ടപര് പറ്റാക്, സുസെയ്ന്‍ റോഷെ, ലോറന്‍സ് ലാര്കിന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഞ്ചു പാട്ടുകളുണ്ട്. ചാരുഹാസന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് മാസ്റ്റര്‍ മിഷാല്‍ ആണ്.
ചിത്രത്തില്‍ അഞ്ചു പാട്ടുകളുണ്ട്. ജോര്‍ജി ജോണിന്റെ വരികള്‍ക്ക് വിമല്‍ ടി.കെ. ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒരു പാട്ട് സംഗീതസംവിധായകനായ വിമല്‍ തന്നെയാണ് രചിച്ചത്. ലിവര്‍പൂള്‍ ഫിലിം സൊസൈറ്റിയുടെ ബാനറില്‍ പി.സി. ജേക്കബും, സ്റ്റെസണ്‍ സ്റ്റീഫനുമാണ് ചിത്രം നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡാനി ജോമി. നവാസ് ഇസ്മയീല്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്ങ്-പ്രദീപ്, കലാസംവിധാനം-രവി, സ്റ്റെസണ്‍, മേക്കപ്പ്-ബൈജു ബാലരാമപുരം, ഹെലന് ക്വിന്‍, ബിബിന്‍, വസ്ത്രാലങ്കാരം-കെ.കെ. ഏറ്റുമാനൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ജോണ്‍ ഗയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബിജു കടവൂര്‍, ഫെയ്ത് കടവൂര്‍. വിന്‍ഡ്സ്ക്രീന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഡിസ്ട്രിബ്യൂട്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: