കൊച്ചി: ബ്രസീല്‍-അര്‍ജന്റീന സംരംഭമായ ഡോക്യുഫിക്ഷന് ‘വാണ്ടറേഴ്സ്’ നല്കിയ തീവ്രാനുഭവം കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രത്യേകതയായി. സെര്‍ജിയോ ഒലിവേര, റെനാറ്റ പിന്‍ഹേരിയോ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം പറയുന്നത് നാടോടികളുടെ കഥയാണ്. 2011 ല്‍ റിയോ ഡി ജെയിനെറോയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയ വാണ്ടറേഴ്സ് ലോകത്തിന്റെ തനതു-കൃത്രിമ ജീവിതം ശക്തമായി അനാവരണം ചെയ്യുന്നു.
ആദ്യന്തം ട്രാവലോഗിന്റെ സ്വഭാവമുള്ള ചിത്രത്തില്‍ കഥാപാത്രങ്ങളോ നായികാനായകന്മാരോ പ്രത്യേകിച്ചില്ല. അല്ലെങ്കില്‍ എല്ലാവരും കഥാപാത്രങ്ങള്‍തന്നെ എന്നും പറയാം. കരകൗശല വസ്തുക്കള്‍ വില്‍ക്കുകയും പാട്ടും നൃത്തവും കലകളുമൊക്കെയായി കഴിയുന്ന വ്യത്യസ്ത പശ്ചാത്തലത്തില്‍നിന്നുള്ള വ്യക്തികളുടെ ജീവിതാനുഭവങ്ങളാണ് ചിത്രം.
തിക്കും തിരക്കും മഹാസൗധങ്ങളും പേപിടിച്ച് പായുന്ന വാഹനങ്ങളും നിറഞ്ഞ ആധുനിക നഗരജീവിതത്തിന്റെ പൊയ്മുഖവും ശാന്തവും മന്ദവുമായൊഴുകുന്ന പ്രകൃതിജന്യമായ നാടോടിജീവിതവും തമ്മിലുള്ള വിടവാണ് ചിത്രത്തിന്റെ പ്രമേയം. കാറ്റും മഴയും മഞ്ഞും വെയിലും കാടും മലയും ഉപേക്ഷിച്ച് ആര്‍ത്തിയും മത്സരവുമായി പുതുജീവിതം തുടങ്ങിയപ്പോള്‍ മനുഷ്യന് ആഹ്ലാദവും സ്വസ്ഥതയും നഷ്ടപ്പെട്ടു. ഭാഷ-രാജ്യം-സംസ്ക്കാരാതിര്ത്തികള് ഇത്തരം മത്സരങ്ങളുടെ ഫലമാണ്. തിരക്കില്‍ എങ്ങോട്ടെന്നില്ലാതെ പായുന്നവര്‍ക്കിടയില്‍ ആഹ്ലാദത്തോടെയും ശാന്തരായും തങ്ങളുടെ കരവേല ഉല്‍പ്പന്നങ്ങള്‍ വിറ്റ്നടക്കുന്ന നാടോടികളെ ചിത്രത്തില്‍ കാണാം. അതിസ്വപ്നങ്ങളോ ആര്‍ത്തിയോ ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് നഷ്ടബോധമോ നിരാശയോ ഇല്ല. ജീവിതം യാത്രയാണെന്നും ജനനം മുതല്‍ മരണം വരെ അതൊരു ദ്വാരമാണെന്നും വീടും കുടിലും പണം പോലുമില്ലാതെ കഴിയാമെന്നുമൊക്കെയുള്ള അപരിഷ്കൃതരെന്ന് തോന്നിക്കുന്ന നാടോടികളുടെ ആഴമുള്ള ദര്‍ശനം പരിഷ്കൃത മനുഷ്യന്റെ പൊങ്ങച്ചത്തിന് പുറത്തുള്ള പ്രഹരമാണ്.
പരിസ്ഥിതിസംരക്ഷണത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാനവജാഗ്രതയിലൂന്നി എവിടെയും മനുഷ്യവികാരം ഒന്നാണെന്ന് പ്രഖ്യാപിക്കുന്ന ‘വാണ്ടറേഴ്സ്’ അനവധി രാഷ്ട്രീയ-സാമൂഹ്യ മാനങ്ങളെ വെളിവാക്കുന്നു. നാളത്തെ മനുഷ്യന് കേവലം നമ്പറുകള്‍ മാത്രമായി അറിയപ്പെടാന്‍ സാധ്യതയുണ്ടെന്നതിനെക്കുറിച്ച് ചിത്രം വ്യാകുലപ്പെടുന്നു. എല്ലാ അപചയങ്ങളേയും സ്നേഹവും സമാധാനവുംകൊണ്ട് നേരിടാമെന്നൊരു സാംസ്ക്കാരിക തിരിച്ചറിവ് ചിത്രം മുന്നോട്ടുവെക്കുന്നു.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: