തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയ ജൂറിയില്‍ ഭൂരിപക്ഷം പേരും നല്ല നടനുള്ള പുരസ്കാരത്തിനു പിന്തുണച്ചത് മനോജ്.കെ.ജയനെ. ശക്തമായ മത്സരമായിരുന്നു മികച്ച നടനുള്ള തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ആദ്യഘട്ടം മുതല്‍ മത്സരരംഗത്തുണ്ടായിരുന്ന മനോജ് കെ. ജയനെ അവസാനനിമിഷം പിന്തള്ളിയാണു പൃഥ്വിരാജ് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡു കരസ്ഥമാക്കിയത്. മികച്ച നടനം തെരഞ്ഞെടുക്കാന്‍ വോട്ടിംഗ് നടന്നതായും സൂചനയുണ്ട്.
പൃഥ്വിരാജ് (സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍), മനോജ് കെ ജയന് (അര്‍ദ്ധനാരി, കളിയച്ഛന്) തിലകന് (അര്‍ദ്ധനാരി), ഫഹദ് ഫാസില്‍ (22 എഫ്.കെ കോട്ടയം, ഡയമണ്ട് നെക്ലെസ്, അന്നയും റസൂലും), ലാല്‍ (ഒഴിമുറി, ഷട്ടര്‍), ഇന്ദ്രജിത്ത് (101 ചോദ്യങ്ങള്‍, ഈ അടുത്ത കാലത്ത്), സലീംകുമാര്‍ (വേനല്‍ ഒടുങ്ങാതെ) എന്നിവരാണ് മികച്ച നടനുള്ള പട്ടികയില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നത്. അവസാനഘട്ടത്തില്‍ പൃഥിരാജ്, മനോജ് കെ ജയന്, ഫഹദ് ഫാസില്‍, ലാല്‍ എന്നിവര്‍ മാത്രമായി. ജൂറിയില്‍ പകുതിയിലേറെപേര്‍ കളിയച്ഛനിലെ മനോജ് കെ ജയന്റെ അഭിനയ മികവിനെയാണ് പിന്തുണച്ചത്. വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥകളി നടന്റെ ആത്മസംഘര്‍ഷങ്ങളെ കൈയടക്കത്തോടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ മികവിനെ എല്ലാവരും പ്രശംസിച്ചു. എന്നാല്‍, കഴിഞ്ഞ ഒരുദിവസത്തെ അവസാനചര്ച്ചയില് പൃഥ്വിരാജ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജെ.സി ഡാനിയേലിന്റെ യൗവന, വാര്ദ്ധക്യകാലത്തെ അനുയോജ്യമായ ശരീരഭാഷയോടെ അവതരിപ്പിച്ചതിനും അയാളും ഞാനും തമ്മിലിലെ അഭിനയ മികവിനുമാണു പൃഥ്വിരാജിനെ തെരഞ്ഞെടുത്തത്. അങ്ങനെ മനോജ് കെ ജയന് രണ്ടാമത്തെ നടനായി. കാര്യമായ മത്സരമില്ലാതെയാണ് റീമാ കല്ലിങ്കല്‍ മികച്ച നടിയായത്. നവാഗത സംവിധായകനെയും ഛായാഗ്രാഹക മികവിനെയും തെരഞ്ഞെടുക്കാനും ജൂറിയംഗങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി. നടിമാരുടെ തെരഞ്ഞെടുപ്പില്‍ റീമാ കല്ലിങ്കല്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. റീമാ കല്ലിങ്കല്‍ (നിദ്ര, 22 എഫ്.കെ കോട്ടയം), അനുമോള്‍ (ചായില്യം), പ്രവീണ (ഉറവ, സ്ഥലം), ജ്യോതിര്‍മയി (ഉറവ), ശ്വേതാമേനോന് (ഇത്രമാത്രം, ഒഴിമുറി), കാവ്യാ മാധവന് (ബാവൂട്ടിയുടെ നാമത്തില്‍), ചാന്ദ്നി (സെല്ലുലോയ്ഡ്), അഞ്ജലി (എന്റെ), സീമാ ബിശ്വാസ് (വേനല്‍ ഒടുങ്ങാതെ), ലെന (101 ചോദ്യങ്ങള്‍), സജിതാ മഠത്തില്‍ (ഷട്ടര്‍), മമത മോഹന്‍ദാസ് (അരികെ) എന്നിവരായിരുന്നു ആദ്യഘട്ടത്തില്‍ പരിഗണനയ്ക്കു വന്നത്. അവസാനഘട്ടത്തില്‍ റീമാ കല്ലിങ്കലും ശ്വേതാമേനോനും ചാന്ദ്നിയും സജിതാ മഠത്തിലും മമത മോഹന്‍ദാസും അനുമോളുമെത്തി. എന്നാല്‍ നിദ്രയിലെ അഭിനയവും 22 എഫ്.കീയിലെ പ്രകടനവും റീമയെ തെരഞ്ഞെടുക്കാന്‍ ഇടയാക്കി. സജിതാ മഠത്തിലിന് രണ്ടാമത്തെ നടിയുടെ പുരസ്കാരവും ലഭിച്ചു. കമലിന്റെ സെല്ലുലോയ്ഡ്, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, മധുപാലിന്റെ ഒഴിമുറി, ഫറൂഖ് അബ്ദുള്‍ റഹ്മാന്റെ കളിയച്ഛന്, ജോയ് മാത്യൂവിന്റെ ഷട്ടര്‍ എന്നീ ചിത്രങ്ങളാണ് മികച്ച സിനിമക്കുള്ള അവസാനഘട്ട പരിഗണനയ്ക്കു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: