വാഷിംഗ്ടണ്‍: ഭീകരസംഘടനകളായ ലഷ്കറെ തൊയ്ബയും സഹസംഘടനയായ ജമാ-ഉദ്-ദവയും ആക്രമണം നടത്താന്‍ വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ വാങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. യുഎസില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന് എഴുത്തുകാരന് ആരിഫ് ജമാല്‍ എഴുതിയ ‘കോള്‍സ് ഫോര്‍ ട്രഡീഷണല്‍ ജിഹാദ്: ലഷ്കറെ തൊയ്ബ 1985- 2014’ എന്ന പുസ്തകത്തിലാണ് സുപ്രധാന വിവരം പരാമര്‍ശിച്ചിരിക്കുന്നത്. ഭീകരാക്രമണങ്ങള്‍ നടത്താന്‍ സൈനിക പിന്‍ബലം നേടുക മാത്രമല്ല, സ്ഫോടനങ്ങള്‍ നടത്താനുള്ള ആയുധങ്ങള്‍ വാങ്ങാനും ഭീകരര്‍ ശ്രമിക്കുന്നുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു.
”കടലിലേയും കരയിലേയും വന്‍ ശക്തികളാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭീകരരുടെ ഈ നീക്കം. വന്‍ സ്ഫോടനങ്ങളും ആക്രമണങ്ങളും നടത്തിയാല്‍ മാത്രമേ ഈ നിലയിലേക്ക് എത്താന്‍ സാധിക്കൂ എന്നാണ് ലഷ്കറിന്റെയും ജമാ-ഉദ്-ദവയുടെയും വിശ്വാസം. ആണവ സാങ്കേതികവിദ്യയുടെ സഹായത്താല്‍ വന്‍ സ്ഫോടനങ്ങള്‍ നടത്താനാണ് ജമാ-ഉദ്-ദവയുടെ ലക്ഷ്യം. എന്നാല്‍ പാക്കിസ്ഥാനെതിരെ ഒരിക്കലും ആക്രമണം നടത്താന്‍ ഇവര്‍ തയ്യാറല്ല. ലോകത്തിന് മുന്നില്‍ തങ്ങളുടെ ശക്തിയെന്താണെന്ന് തെളിയിക്കാനുള്ള അവസരം ഉടന്‍ വരുമെന്ന് അവര്‍ വിശ്വസിക്കുന്നെന്നും അതിനായി ഇവര്‍ കാത്തിരിക്കുകയാണെന്നും പുസ്കത്തില്‍ പറയുന്നു. 260 പേജുകളുള്ള പുസ്തകത്തില്‍ ലഷ്കറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
ഭീകര സംഘങ്ങള്‍ക്കെതിരെ പാക് സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ലെന്നും, ഇന്ത്യക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ആക്രമണം നടത്താന്‍ പാക് സൈന്യം ജിഹാദി ഗ്രൂപ്പുകളെ ഉപയോഗിക്കുമെന്നും പുസ്തകത്തില്‍ വിവരിക്കുന്നു.
2008-ലെ മുംബൈ ഭീകരാക്രമണം നടന്ന് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാക്കിസ്ഥാന് ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാത്തത് ഭീകരരെ തുരത്താന്‍ സര്‍ക്കാരിന് കഴിവില്ലെന്നതിനു തെളിവാണെന്നും ആരിഫ് ജമാല്‍ പറയുന്നു. മുംബൈ ഭീകരാക്രമണത്തിനുശേഷം ജമാ- ഉദ്- ദവ ശക്തിയാര്‍ജ്ജിച്ചുവരികയാണ്. ഇവര്‍ ഭീകരാക്രമണം നടത്തുന്നത് പാക് സൈന്യത്തിന്റെ പിന്തുണയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന് ആസ്ഥാനമായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജമാ-ഉദ്-ദവയെ വിദേശ ഭീകരസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കഴിഞ്ഞയാഴ്ച അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: