ആളുകള്‍ പിച്ചും പേയും പറയുന്നതെപ്പോഴൊക്കെയാണ്? മരണമടുക്കുമ്പോളെന്ന് ഒരുത്തരം. അങ്ങനെയെങ്കില്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് പ്രസ്ഥാനവും അതിന്റെ വര്‍ഗബഹുജനസംഘടനകളും ആസന്നമരണരായിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ തോല്‍വി മാത്രമല്ല അതിന്റെ ലക്ഷണം. കേരളത്തിലെ അതിന്റെ സെക്രട്ടറി സഖാവ് മുതല്‍ കോളേജുകളിലെ കുട്ടിസഖാക്കള്‍ വരെ ദൈനംദിന ഭാഷാ വ്യവഹാരങ്ങളില്‍ കാട്ടിക്കൂട്ടുന്ന പാതാള പ്രയോഗങ്ങള്‍ കൃത്യമായും മരണ ചിഹ്നങ്ങളാണ്.
മാതൃസംഘടനയായ സിപിഎമ്മിന്റെയും ഏറ്റവും ഇളയ പോഷകസംഘടനയായ( വര്ഗബഹുജനസംഘടനയെന്നാണ് മാര്‍ക്സിസ്റ്റ് സംജ്ഞയെങ്കിലും പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയുടെ അടിമപ്പണി തന്നെ) എസ്എഫ്ഐയുടെയും പൊതുസമൂഹത്തിലെ വാഗ്വിലാസങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മൊത്തത്തിലുള്ള പോക്ക് മനസിലാക്കാം. പരനാറിയെന്ന പദപ്രയോഗം കേരളത്തിലെ മാധ്യമങ്ങള്‍ മേറ്റ്പ്പോഴെങ്കിലും ഉപയോഗിച്ചതായി അറിയില്ല. കാരണം അത് അച്ചടിക്കാന്‍ പറ്റിയ ഒരു വാക്കായി ആരും കരുതിപ്പോന്നില്ല. പക്ഷേ പിണറായി വിജയന് മറ്റൊരു നേതാവിനെ അങ്ങനെ വിളിച്ചപ്പോള്‍ അത് അച്ചടിക്കാതിരിക്കാന്‍ പറ്റാതായെന്ന് മാത്രം. പിണറായി ആ വാക്ക് ഉപയോഗിച്ചപ്പോള്‍ എസ്എഫ്ഐക്കാര്‍ അതിലും കൂടിയ വാക്ക് ഉപയോഗിച്ചില്ലങ്കിലല്ലേ അദ്ഭുതമുള്ളു. കുന്നംകുളം പോളിയിലും സാക്ഷാല്‍ ഗുരുവായുരപ്പന്റെ പേരിലുള്ള ശ്രീകൃഷ്ണ കോളേജിലും മാഗസിനുകളെ തെറിയുടെ പൂരപ്പറമ്പാക്കി മാറ്റിയിരിക്കുന്നു ഈ മഹാന്മാര്.
ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാതാ അമൃതാനന്ദമയിയെയുമെല്ലാം പോളിടെക്നിക് സഖാക്കളും കോളേജ് സഖാക്കളും ചിത്രീകരിച്ചിരിക്കുന്ന ഭാഷ കാണുമ്പോഴാണ് പാര്‍ട്ടിസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പഠനക്യാമ്പുകളുടെ ഗുണനിലവാരമാപിനിയുടെ തകരാറ് മനസ്സിലാവുക. ഭാരതാംബയെപ്പോലും തേവിടിച്ചിയായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. തുടര്‍ന്നുളള വാക്കുകളും വര്‍ണ്ണനകളും ഇവിടെ കുറിച്ചിടാന്‍ അറപ്പുതോന്നുന്നതിനാല് അതിന് മുതിരുന്നില്ല. ‘കൊലയാളി ഇതാ പുനര്‍ജനിച്ചിരിക്കുന്നു’ എന്ന തലക്കെട്ടില്‍ തുടങ്ങുന്ന ലേഖനം അവസാനിപ്പിക്കുന്നത് നരേന്ദ്ര മോദിയെ മ്ലേച്ഛമായ ഒരു മുദ്രവാക്യത്തിലൂടെ ഭംഗ്യന്തരേണ വരച്ചുകാട്ടിയാണ്. ‘നെഗേറ്റെവ് ഫെയ്സസ് ‘ എന്ന തലവാചകത്തോടെ മറ്റൊരു പേജില്‍ ഒസാമ ബിന്ലാദന്, വീരപ്പന്, സ്റ്റാലിന് തുടങ്ങിയവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം ഭാവനാത്മകം മാത്രമാണ്. മനുഷ്യനെന്ന സമ്പൂര്ണ്ണവ്യക്തിയെ അത് പരിഗണിക്കുന്നില്ല. മനുഷ്യരെ സാമൂഹ്യജീവികളായി മാത്രം കാണുകയും അനിവാര്യമായും രൂപപ്പെടുമെന്ന് അവര്‍ കരുതുന്ന ചില അവസ്ഥകളെ സ്വപ്നം കാണുകയും ചെയ്യുന്നു.ഈ മാര്‍ക്സിസ്റ്റ് ഡിറ്റര്‍മിനിസം അഥവാ തീര്ച്ചാവാദമാണ് എക്കാലവും അവരുടെ പ്രവൃത്തികളെയും ഭാഷയെയും നിര്‍ണ്ണയിച്ചിരുന്നത്. പ്രതീക്ഷകള്‍ തകര്‍ന്നപ്പോഴും അവര്‍ക്ക് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവുന്നില്ല. മാര്‍ക്സിസം മാത്രമാണ് ശരിയെന്നും സോഷ്യലിസ്റ്റ് സമൂഹനിര്‍മിതി സാധ്യമാണെന്നും ഇക്കൂട്ടര്‍ ഉറച്ചുവിശ്വസിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ നടിക്കുകയെങ്കിലും ചെയ്യുന്നു. പഴയ കമ്യൂണിസ്റ്റ് തലമുറക്ക് ചില കച്ചിത്തുരുമ്പുകള്‍ അവശേഷിച്ചിരുന്നതിനാല്‍-സോവ്യറ്റ് യൂണിയന് മുതല്‍ ബംഗാള്‍ വരെ-വാദം എളുപ്പമായിരുന്നു. അങ്ങനെയാണ് ഇഎംഎസും എകെജിയുമൊക്കെ ഇടപെട്ടുപോന്നത്. പക്ഷേ ഇപ്പോള്‍ പിടിച്ചുനില്ക്കാന് ഒരു പുല്‍നാമ്പു പോലുമില്ല. അപ്പോഴെന്തു ചെയ്യും? വാദത്തില്‍ തോല്‍ക്കുന്ന ഏതൊരാളും ജനാധിപത്യമര്യാദകള്‍ തൊട്ടുതീണ്ടാത്തവരാണെങ്കില് അക്രമത്തിലേക്കും അസഭ്യത്തിലേക്കും വഴുതും. ക്രമേണ സമൂഹം അവരെ ഒറ്റപ്പെടുത്തും. ഇത് വ്യക്തികളുടെ മാത്രം കുഴപ്പമല്ല. മാര്‍ക്സിസ്റ്റ് പ്രയോഗ രീതികളുടെ അനിവാര്യമായ പതനമാണ്.
ലെനിന്റെ കാലത്താണ് സോവ്യറ്റ് യൂണിയന് കേന്ദ്രീകരിച്ച് മാര്‍ക്സിസ്റ്റ് പ്രയോഗശാസ്ത്രം ശക്തമായത്. കുറ്റം പറയരുതല്ലോ. അതൊരു താത്വിക സമീപനമായിരുന്നു. ലോകമെമ്പാടും കയറ്റിയയക്കപ്പെട്ടു. ജനാധിപത്യ കേന്ദ്രീകരണമെന്ന സംഘടനാതത്വം മുഖ്യമായും ലെനിനിന്റെ സംഭാവനയാണ്. താഴെത്തട്ടില്‍ എല്ലാം ചര്‍ച്ച ചെയ്യാം, പക്ഷേ തീരുമാനം മുകളിലെടുത്തോളും എന്നാണ് അതിന്റെ ശരിയായ അര്‍ത്ഥമെന്ന് വിവരമുള്ളവര്‍ അന്നേ പറഞ്ഞിരുന്നു. പക്ഷേ ലെനിന്റെ കാലം കഴിയും മുന്നേ പ്രത്യയശാസ്ത്രത്തിന്റെ കട്ടയും പടവും മടങ്ങുന്ന സൂചന കിട്ടി. സ്റ്റാലിന് ആശയത്തെ ഒരു മൂടുപടം മാത്രമായി ഉപയോഗിച്ചു. മൂര്‍ച്ച പോയ ആശയത്തിനു പകരം അക്രമവും അസഭ്യവും വ്യാപകമായി. മനോഹരമായ ഭാഷ ഉപയോഗിച്ച ബോറിസ്് പാസ്റ്റര്‍നാക്കും അന്ന അഖ്മത്തോവയും സോള്ഷെനിറ്റ്സനുമൊക്കെ വിവിധ സോവ്യറ്റ് ഭരണാധികാരികളുടെ കാലത്ത് പിന്തിരിപ്പന്മാരും കുലംകുത്തികളും അഞ്ചാംപത്തികളും ചാരന്മാരും ആയി അവഹേളിക്കപ്പെട്ടു. സാംസ്കാരിക നവീകരണത്തിനായി വാദിച്ച ട്രോട്സ്കിയെ സ്റ്റാലിന് ഈ പദാവലികൊണ്ടൊക്കെ അഭിഷേകിച്ചത് പോരാഞ്ഞിട്ട് കൈക്കോടാലിക്ക് അടിച്ചുകൊല്ലിക്കുകയായിരുന്നു. ഇതൊന്നും പരനാറിക്ക് അടുത്തു വരില്ല കേട്ടോ. പിണറായി ഒരു ഒന്നൊന്നര സ്റ്റാലിനുമാണ്. കയ്യിലൊരു സോവ്യറ്റ് യൂണിയനില്ലെന്നു മാത്രം.
ഇന്ത്യയിലും മാര്‍ക്സിസ്റ്റുകളില്‍ ഈ പതനം കൃത്യമായി കാണാം. കമ്യൂണിസ്റ്റ് തീര്ച്ചാവാദത്തിന്റെ പരിമിതികളില്‍ നിന്ന് വാദിക്കുമ്പോഴും ഇഎംഎസോ ബസവപുന്നയ്യയോ എകെജിയോ ആരെയും അസഭ്യം വിളിച്ചിരുന്നില്ല. ചടയന്‍ ഗോവിന്ദന് വരെയുള്ള പാര്‍ട്ടി സെക്രട്ടറിമാരിലും ഈ രോഗം അത്രയൊന്നും പ്രകടമായിരുന്നില്ല. പരമേശ്വര്‍ജിയുമായി ശങ്കര ദര്‍ശനത്തെക്കുറിച്ച് നടത്തിയിട്ടുള്ള സംവാദങ്ങളില്‍ അടിപതറിയാലും എവിടെയെങ്കിലും ഇഎംഎസ് അധിക്ഷേപം ചൊരിഞ്ഞിട്ടില്ല. കെ.ആര്.ഗൗരിയമ്മയെ പുറത്താക്കിയതിനെ ന്യായീകരിച്ച് നടത്തിയ അസംഖ്യം പ്രസംഗങ്ങളില്‍ ഒരിടത്തും അദ്ദേഹം അവരെ അമാന്യമായി ചിത്രീകരിച്ചിട്ടില്ല. എകെജി ഒരു നല്ല പ്രഭാഷകനായിരുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മനസിലാകുന്ന മട്ടില്‍ കാര്യം പറയാന്‍ വിദഗ്ധനായിരുന്നു. എന്നാല്‍ അദ്ദേഹവും വാമൊഴിവഴക്കങ്ങള്‍ കൊണ്ട് എതിരാളികളെ അപഹസിച്ചിട്ടില്ല. നായനാര്‍ മാധ്യമങ്ങളില്‍ ഒരു കോമേഡിയനായി നിറഞ്ഞു നിന്നിരുന്നു. പക്ഷേ ചീത്ത വിളിച്ച് തരംതാഴ്ന്നിട്ടില്ല. എന്നാല്‍ വിഎസ് മുതല്‍ ഈ അവസ്ഥ മാറി. അപ്പോഴേക്കും മാര്‍ക്സിസ്റ്റ് പരീക്ഷണങ്ങള്‍ നിരന്തരമായി പരാജയപ്പെട്ടും തുടങ്ങിയിരുന്നു.
അന്തച്ചിദ്രം തറവാടിന്റെ തകര്‍ച്ചയുടെ സൂചനയാണല്ലൊ. അപ്പോഴാണ് ഈ പാര്‍ട്ടിയില്‍ ഗ്രൂപ്പിസം കൊടികുത്തി വാണ് തുടങ്ങിയത്. പത്രാധിപര്‍ എടോ..ഗോപാലകൃഷ്ണനായതും വി.എസ്. വിഴുപ്പു ചുമക്കുന്ന കഴുതയായതും കൊലചെയ്യപ്പെട്ടയാള്‍ കുലംകുത്തിയായതും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മന്ത്രിയുടെ വാക്കുകളില്‍ തെമ്മാടിയും കൊഞ്ഞാണനുമായതും ജഡ്ജി ശുംഭനായതും എം.എം.മണി വാക്കുകളുടെ വഷളത്തം കൊണ്ടു മാത്രം പ്രധാന മാര്‍ക്സിസ്റ്റ് നേതാവായതും ഈ അന്ത്യകാലത്താകുന്നു. പറഞ്ഞുനില്ക്കാനും ചെയ്തുനില്ക്കാനും ഒന്നുമില്ലാതാകുമ്പോള്‍ കൂവിയും തല്ലിയും തോല്‍പ്പിക്കാറുള്ള നാടന്‍ രീതിമാത്രമാണിത്. പക്ഷേ മാര്‍ക്സിസ്റ്റുകളുടെ കാര്യത്തില്‍ അതിനൊരു ചരിത്രപശ്ചാത്തലമുണ്ടെന്നു മാത്രം. ഒരു പക്ഷേ ഈ തകര്‍ച്ചയാണ് അവരുടെ ചരിത്രപരമായ അനിവാര്യത.
ലജ്ജാകരം ഇതിനെ ന്യായീകരിക്കുന്ന സാംസ്കാരിക-മാധ്യമ ലോകങ്ങളാണ്. പിണറായി പ്രയോഗങ്ങളെ വാമൊഴിവഴക്കമെന്ന് വാഴ്ത്തിയത് സിപിഎമ്മിന്റെ കള്‍ച്ചറല്‍ കമ്മിസാറായ കെ.ഇ.എന്‍. കുഞ്ഞഹമ്മദാണ്. പക്ഷേ പരനാറി പ്രയോഗത്തെ ഉപമിക്കാന്‍ ഈ കമ്മിസാറിനും വാക്കുകള്‍ കമ്മിയായി തോന്നി. അപ്പോഴാണ് പാര്‍ട്ടി മാധ്യമം തന്നെ തിരനോട്ടം നടത്തിയത്. ഫ്രഞ്ച് കവി ബോദ്ലെയറെ ഉദ്ധരിച്ചാണ് സാമാന്യ ജനങ്ങളുടെ ഭാഷ നേതാക്കള്‍ ഉപയോഗിക്കുന്നത് ജനങ്ങളോടുള്ള അടുപ്പം കൊണ്ടാണെന്ന് കണ്ടെത്തിയത്. പക്ഷേ ഏതെങ്കിലും മാന്യനായ രക്ഷിതാവ് മക്കളോട് അരിശം തോന്നിയിട്ട് ഈ വാക്കു വിളിക്കുമോ? പോട്ടെ, ഏതെങ്കിലും ഡിവൈഎഫ്ഐക്കാരന് അയാളുടെ പ്രണയിനിയോട് എടീ………..,എന്ന് ദേഷ്യം വന്നാല്‍ വിളിക്കുമോ, വിളിച്ചാല്‍ ആ സഖാവിനെ ബോദ് ലെയറിനോട് ‘ദേശാഭിമാനി’ ഉപമിക്കുമോ? സ്റ്റാലിന് പോലും എത്താത്ത കുഴിയിലാണ് ഇവരുടെ കിടപ്പ്. ഉറച്ചതല്ല, ഒറ്റ ഊത്തിന് തെറിക്കുന്ന ന്യായവാദങ്ങളാണ് ഇവരുടേതെല്ലാം. ഗംഭീരമായി തോറ്റപ്പോള്‍ എം.എ.ബേബിക്ക് ഇത് അല്‍പ്പാല്‍പ്പമായി മനസിലായി വരുന്നുണ്ട്. അതു കൊണ്ടാണല്ലോ. നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും മസിലുപിടിത്തം കളയണമെന്നും ആഹ്വാനം ചെയ്തത്. പക്ഷേ സ്വന്തം മസിലു പിടുത്തത്തെപ്പറ്റി ഒരു ബോധവുമില്ലാത്തയാളാണ് ഈ പറയുന്നതെന്ന് ഓര്‍ക്കണം. എന്റെ ബേബി, ഈ ഭാഷയും പിടുത്തവും നിങ്ങളുടെ വ്യക്തിപരമായ കുഴപ്പം മാത്രമല്ല, മാര്‍ക്സിസ്റ്റ് ഡിറ്റര്‍മിനിസം നിങ്ങളില്‍ അടിച്ചേല്‍പ്പിച്ചതാണ്. ഞങ്ങള്‍ മാത്രമാണ് ശരിയെന്നും ലോകത്തെ നന്നാക്കാന്‍ ഞങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്നും നിങ്ങള്‍ക്ക് തോന്നുമ്പോള്‍ ഉണ്ടാകുന്നതാണ് ഈ മസിലുപിടുത്തവും അധിക്ഷേപങ്ങളുമൊക്കെ.
ഈ രോഗത്തിന്റെ ഏറ്റവും അസഹ്യമായ പകര്‍ച്ചയാണ് ക്യാമ്പസുകളിലെ എസ്എഫ്ഐ മാഗസിനുകളില്‍ കാണുന്നത്. എക്കാലവും എസ്എഫ്ഐ ക്കാര് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് മാഗസിനുകളെ ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ 90 കള്‍ വരെ അതിനൊരു അന്തസുണ്ടായിരുന്നു. അനേകം പ്രതിഭാധനന്മാരായ എഴുത്തുകാരും കവികളും കഥാകൃത്തുക്കളുമൊക്കെ ഈ മാഗസിനുകളിലൂടെ വളര്ന്നുവന്നിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മറക്കുന്നില്ല. എന്നാല്‍ ഇപ്പോഴത് ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ഭാരതാംബയെയും വരെ തെറിവിളിക്കാനുള്ള മഞ്ഞപ്പുസ്തകമാക്കി പിണറായിശിഷ്യര് മാറ്റിയിരിക്കുന്നു. മറ്റ് വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്ന പ്രക്രിയയും ഇതിനൊപ്പം നടക്കുന്നു. ക്യാമ്പസുകളിലെ മനസ് ഇതിനെല്ലാമെതിരാണ്. പക്ഷേ അത് പ്രകടിപ്പിക്കാനുള്ള അവസരങ്ങളെ ഈ ഫാസിസ്റ്റ് മേധാവിത്തം ഉപയോഗിച്ച് ഇവര്‍ അടച്ചിരിക്കുന്നു. ഇനിയത് തുടരാനാവില്ല. എസ്എഫ്ഐക്കാരെ ന്യായീകരിച്ച് രമേശ് ചെന്നിത്തല നിയമസഭയില്‍ രംഗത്തുവന്നത് ആ തലയില്‍ എന്താണുള്ളതെന്ന സംശയം വീണ്ടും ഉയര്‍ത്തുന്നുണ്ട്. എന്തായാലും മാര്‍ക്സിസ്റ്റ് സാംസ്കാരികതയെന്ന മരം കേരളത്തില്‍ പൂതലിച്ചിരിക്കുന്നു. അത് വെള്ളവും വളവും വലിച്ചെടുത്ത് വളര്‍ന്നുവന്ന സാമ്പത്തികമാത്ര നിര്ണ്ണയവാദമെന്ന നിലം ഇളകിപ്പോയിരിക്കുന്നു. പക്ഷേ ഒരു മാര്‍ക്സിസ്റ്റ് സംജ്ഞ അവര്‍ക്കു നേരെ ഉപയോഗിച്ച് പറഞ്ഞാല്‍-വ്യവസ്ഥിതി ജീര്‍ണ്ണിച്ചിരിക്കുന്നു. പക്ഷേ അത് താഴെ വീഴണമെങ്കില്‍ ആഞ്ഞൊരു തള്ള് കൊടുക്കണം. കേരളീയര്‍ ആ ദൗത്യം ഏറ്റെടുക്കാനുള്ള കാലമായെന്നു തോന്നുന്നു. അല്ലെങ്കില്‍ നമ്മുടെ ഭാവി തലമുറ അച്ഛനമ്മമാരെ തെറി വിളിച്ച് വളരാന്‍ തുടങ്ങും.
യാഗാ ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: