തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. റെയില്‍വേ ചരക്ക് കൂലിയില്‍ വന്ന വര്‍ധനവാണ് ഇതിന് കാരണമായി പറയുന്നത്. 90 ശതമാനം അരിയും കേരളത്തിലെത്തുന്നത് റെയില്‍ മാര്‍ഗമാണെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ യാത്രാ ചരക്ക് കൂലി വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.
റെയില്‍വേ നിരക്ക് വര്‍ധനയില്‍ കേരളത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ നിയമസഭ പ്രമേയം പാസാക്കണമെന്ന് എളമരം കരിം ആവശ്യപ്പെട്ടു. വിലക്കയറ്റം എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്കി. ഇതു സംബന്ധിച്ച വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം സമ്മതിച്ചു. നിരക്ക് വര്‍ധിപ്പിച്ചതില്‍ സംസ്ഥാനത്തിനുള്ള ആശങ്ക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: