നിഗ്രഹാനുഗ്രഹ ശക്തിയുള്ള ദൈവത്തിന്റെ അത്രതന്നെ മാധ്യമങ്ങളുടെയും സ്വന്തം നാടായ കേരളത്തില്‍ 200 ദിനപത്രങ്ങളാണുള്ളത്. ഇതിലുള്‍പ്പെടുന്ന മുഖ്യധാരാ പത്രങ്ങളില്‍ മാതൃഭൂമി, മലയാള മനോരമ, മംഗളം, മാധ്യമം, ദീപിക, വീക്ഷണം എന്നിവയ്ക്ക് തൃശ്ശൂരില്‍ എഡിഷനുകളുണ്ട്. എന്നാല്‍ ഈ പത്രങ്ങള്ക്കൊന്നുമില്ലാത്ത നാഭീനാള ബന്ധം തൃശ്ശൂരുമായി ഹിന്ദുത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്ന, ഭാരതദേശീയതയുടെ ജിഹ്വയായ ‘ജന്മഭൂമി’ക്കുണ്ട്. തൃശ്ശൂരിന്റെ സ്വന്തം പത്രമായി നാല് പതിറ്റാണ്ട് കാലത്തോളം നിലനിന്ന എക്സ്പ്രസിനോ തൃശ്ശൂരില്‍നിന്ന് പ്രവര്‍ത്തനം ആരംഭിച്ച് പില്ക്കാലത്ത് നിലച്ചുപോയ ‘ഗോമതി’, ‘തൊഴിലാളി’, ‘നവജീവന്‍’ എന്നീ പത്രങ്ങള്‍ക്കൊ അവകാശപ്പെടാനാവാത്ത ഒരു ബന്ധമാണിത്. തൃശ്ശൂരില്‍നിന്ന് കുഞ്ഞിരാമപ്പൊതുവാള്‍ ‘ജന്മഭൂമി’ എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. പൊതുവാളിന്റെ നിത്യഹരിത വിമതനായ മകന് നവാബ് രാജേന്ദ്രനില്‍നിന്ന് ഇപ്പോഴത്തെ ജന്മഭൂമിയുടെ പ്രസാധകരായ മാതൃകാ പ്രചരണാലയം ‘ജന്മഭൂമി’ എന്ന ടൈറ്റില്‍ വിലകൊടുത്തു വാങ്ങുകയായിരുന്നു.
പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട അടിയന്തരാവസ്ഥയിലെ നിരോധനത്തെ അതിജീവിച്ച് കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചശേഷമാണ് തൃശ്ശൂരില്‍ ‘ജന്മഭൂമി’ക്ക് പ്രചാരം ലഭിക്കുന്നതെങ്കിലും പത്രം ഉള്‍പ്പെടുന്ന മഹാപ്രസ്ഥാനം തൃശ്ശൂരിന്റെ സാംസ്ക്കാരിക പാരമ്പര്യത്തില്‍ പണ്ടേ അലിഞ്ഞുചേര്‍ന്നതാണ്. തൃശ്ശൂരിന്റെ സാഹിത്യ- സാംസ്ക്കാരിക രംഗത്ത് നായകത്വമുണ്ടായിരുന്നയാളും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായിരുന്ന പുത്തേഴത്ത് രാമന് മേനോന് ആര്‍എസ്എസിന്റെ തൃശ്ശൂര്‍ ജില്ലാ സംഘചാലകായിരുന്നു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷയായിരുന്ന മകള്‍ ഡോ.എം.ലക്ഷ്മി കുമാരിയിലൂടെ അച്ഛന്റെ ഈ പാരമ്പര്യം അഭംഗുരം തുടരുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍എസ്എസ് തൃശ്ശൂര്‍ ജില്ലാ സംഘചാലകനായ ജി.മഹാദേവന് കുറെക്കാലം ജന്മഭൂമിയുടെ ജനറല്‍ മാനേജരാവുകയുണ്ടായി. ധനലക്ഷ്മി ബാങ്കിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം മഹാദേവ്ജി ‘ജന്മഭൂമി’യുമായി സ്ഥാപിച്ച ഔദ്യോഗിക ബന്ധം വേര്‍പെടുത്താനാവാത്തതാണ്. വടക്കുന്നാഥന്റെ സങ്കേതത്തില്‍ തന്നെ താമസിക്കുന്ന കെ.ബി.ശ്രീദേവിയും അധികം ദൂരത്തല്ലാതെ കഴിയുന്ന മാടമ്പ് കുഞ്ഞുക്കുട്ടനും മൗനത്തിന് ആയിരം നാവുകള്‍ നല്കിയ യൂസഫലി കേച്ചേരിയും എഴുത്തുകാര്‍ എന്നതോടൊപ്പം ‘ജന്മഭൂമി’ കുടുംബാംഗങ്ങളുമാണ്.
ഇന്ന് നിലവിലുള്ള പ്രമുഖ പത്രങ്ങള്‍ വളരെ വൈകിയാണ് തൃശ്ശൂരില്‍നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയതെങ്കിലും കേരളം കണ്ട മികച്ച പത്രപ്രവര്‍ത്തകരില്‍ പലരും തൃശ്ശൂര്‍ സ്വദേശികളാണ്. സ്വാതന്ത്ര്യസമര ഭടനും ‘മാതൃഭൂമി’യുടെ ആദ്യകാല റിപ്പോര്‍ട്ടറുമായിരുന്ന ആര്.കൃഷ്ണന്‍കുട്ടി നായര്‍ ഇവരിലൊരാളാണ്. കോണ്‍ഗ്രസിലെ അതികായനും ഉജ്ജ്വല പ്രഭാഷകനും കേന്ദ്രമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന് പോലും തന്റെ ഗുരുവായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് കൃഷ്ണന്‍കുട്ടി നായര്‍ എന്നറിയുമ്പോഴാണ് ആ വ്യക്തിത്വത്തിന്റെ മഹത്വം പുതിയതലമുറയ്ക്ക് മനസ്സിലാവുക.
ഫാദര്‍ വടക്കന്‍ സ്ഥാപിച്ച ‘തൊഴിലാളി’ പത്രത്തില്‍ തുടങ്ങി ‘മലയാള മനോരമ’യില്‍ എത്തിച്ചേര്‍ന്ന് ഇന്ത്യയിലെ തന്നെ മികച്ച പത്രപ്രവര്‍ത്തകരുടെ നിരയില്‍ സ്ഥാനം പിടിച്ച കെ.ആര്.ചുമ്മാര്‍ തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട്ടുകാരനായിരുന്നു. ശ്രീലന് എന്ന തൂലികാ നാമത്തില്‍ ‘മനോരമ’യില്‍ ചുമ്മാര്‍ എഴുതിക്കൊണ്ടിരുന്ന ആഴ്ചക്കുറിപ്പുകള്‍ വായിച്ച് വായനക്കാര്‍ വര്‍ഷങ്ങളോളം കുലുങ്ങിച്ചിരിച്ചു. മലയാളിയുടെ മനസ്സില്‍ ഇടംനേടിയ മറ്റൊരു പത്രപ്രവര്‍ത്തകനുണ്ട് അന്തിക്കാട്ടുകാരനായി. കളിയെഴുത്തിന് പുതിയ മാനങ്ങള്‍ നല്കുന്ന ‘മാതൃഭൂമി’ റസിഡന്റ് എഡിറ്റര്‍ എം.പി.സുരേന്ദ്രന്.
മലയാളം എക്സ്പ്രസിന്റെ സ്ഥാപകനായ എക്സ്പ്രസ് കൃഷ്ണനൊപ്പം പത്രത്തെ നയിച്ച പത്രാധിപരായിരുന്നു എ.പി.നമ്പ്യാര്‍. മലയാള പത്രങ്ങളില്‍ വാര്‍ത്തകള്‍ക്ക് ഹാസ്യാത്മകമായ തലക്കെട്ടുകള്‍ നല്കാന് തുടങ്ങിയത് ഇദ്ദേഹമായിരുന്നു. എക്സ്പ്രസിന്റെ സ്വന്തം പത്രാധിപന്മാരായിരുന്ന വി.കരുണാകരന് നമ്പ്യാരും ടി.വി.അച്യുതവാര്യരും കേരളത്തിന്റെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ തിളങ്ങുന്ന കണ്ണികളാണ്. (ജന്മംകൊണ്ട് കണ്ണൂരുകാരനായിരുന്നെങ്കിലും കര്‍മംകൊണ്ട് തനി തൃശ്ശൂരുകാരനായി മാറിയ ആളായിരുന്നു കരുണാകരന് നമ്പ്യാര്‍) ഇരുവരും ചേര്‍ന്നെഴുതിയ മുഖപ്രസംഗങ്ങളുടെ തീര്‍ച്ചയും മൂര്‍ച്ചയും അവ ഇന്ന് വായിക്കുന്നവര്‍ക്കും ഒട്ടും കുറയാതെ അനുഭവപ്പെടും. ‘എക്സ്പ്രസി’ന്റെ അവസാന നാളുകളില്‍ പത്രത്തിന്റെ ശബ്ദമായിരുന്ന പി.ശ്രീധരന് സ്വന്തം പത്രത്തിനപ്പുറം വളര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്നു.
ഐക്യകേരളത്തെ അനുസ്മരിച്ച് സ്വന്തം പത്രത്തിന് ‘ഗോമതി’ (ഗോശ്രീ-കൊച്ചി, മലബാര്‍, തിരുവിതാംകൂര്‍) എന്നു പേരിട്ട ഗോമതി രാഘവന് നായര്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തൃശ്ശൂരിനെ അടയാളപ്പെടുത്തിയ മറ്റൊരു പത്രാധിപരായിരുന്നു.
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് കാതോര്‍ത്ത് തൂലിക പടവാളാക്കിയ വി.ടി. ഇന്ദുചൂഡന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരുകാരനായിരുന്നു. “വിവര്‍ത്തനത്തിലെ വിശ്വവിസ്മയം” എന്ന് സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ച സാക്ഷാല്‍ കുഞ്ഞുക്കുട്ടന്തമ്പുരാന്റെ നാട്ടില്‍നിന്ന് ‘ദേശാഭിമാനി’യുടെ പത്രാധിപരായി മാറിയ ഇന്ദുചൂഡന് പില്ക്കാലത്ത് മാനസാന്തരം വന്ന് ഹിന്ദുത്വത്തിന്റെ പാത അവലംബിച്ചു. ഇതുവഴി അദ്ദേഹം ‘ജന്മഭൂമി’യുടെയും അഭ്യുദയകാംക്ഷിയായി.
ഇടപ്പളളിയില്‍ മകള്‍ക്കൊപ്പം താമസിച്ചിരുന്ന കാലത്ത് ഈ ലേഖകന്‍ അനുവദിച്ച ഒരു അഭിമുഖത്തില്‍ വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് കാണിച്ച സ്വജനപക്ഷപാതത്തെക്കുറിച്ച് ഇന്ദുചൂഡന് തുറന്നടിക്കുകയുണ്ടായി. ജന്മഭൂമി ഇത് പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തു. ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിനുമേല്‍ ആരോപിച്ചതിന് മാപ്പ് പറയേണ്ടിവന്ന ‘ദേശാഭിമാനി’ പത്രാധിപര്‍ കൂടിയായിരുന്നു ഇന്ദുചൂഡന്.
പത്രപ്രവര്‍ത്തനത്തില്‍ മുന്‍പേ പറക്കുന്ന പക്ഷികളായിരുന്ന തൃശ്ശൂരുകാരായ ഇവര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന ഒരു പേര് ‘ജന്മഭൂമി’ക്കുമുണ്ട്. ഇപ്പോഴത്തെ ‘ജന്മഭൂമി’ മാനേജിംഗ് എഡിറ്റര്‍ പി.ബാലകൃഷ്ണന്. തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് സ്വദേശിയായ അദ്ദേഹം മൂന്നരപ്പതിറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം ‘മാതൃഭൂമി’യില്നിന്ന് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചയാളാണ്.
തൃശ്ശൂരിലെ ജനതയെ പ്രതികൂലമായി ബാധിക്കുന്ന പല പ്രശ്നങ്ങളിലും ധീരമായ നിലപാടെടുക്കാന്‍ കഴിഞ്ഞിട്ടുളള പത്രമാണ് ‘ജന്മഭൂമി’. പാലിയേക്കര ടോള്‍പ്ലാസയിലെ അമിത ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷത്തിലേറെക്കാലമായി നടക്കുന്ന സമരത്തിന് കരുത്തു പകര്‍ന്ന മാധ്യമങ്ങളുടെ മുന്‍നിരയിലാണ് ‘ജന്മഭൂമി’യുടെ സ്ഥാനം. തൃശ്ശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശമായ ലാലൂരിലെ നിവാസികളെ ശ്വാസംമുട്ടിച്ച മാലിന്യം തള്ളലിനെതിരായ സമരത്തിനൊപ്പവും ‘ജന്മഭൂമി’ നിലകൊണ്ടു. അതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മിച്ചേ പറ്റൂ എന്ന് ഭരണകൂട ശക്തികള്‍ വാശിപിടിച്ചപ്പോള്‍ അതിനെതിരെ സമരമുഖത്തുവന്ന പരിസ്ഥിതിവാദികള്‍ക്കും ജനങ്ങള്‍ക്കുമൊപ്പം എല്ലായ്പ്പോഴും ‘ജന്മഭൂമി’യുണ്ടായിരുന്നു. ഒടുവില്‍ അതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മിക്കുന്നത് വിനാശകരമായിരിക്കുമെന്ന് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശ ചെയ്തപ്പോള്‍ ആ വിജയം ‘ജന്മഭൂമി’യുടെതുമായി.
കോടിക്കണക്കിന് രൂപയുടെ പാട്ടക്കുടിശികയുള്ള ഭൂമി ക്രൈസ്തവ മാനേജുമെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നിസ്സാരവിലയ്ക്ക് വില്ക്കാന് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ അത് പുറത്തുകൊണ്ടുവന്നത് ‘ജന്മഭൂമി’യാണ്. ഇതുസംബന്ധിച്ച ‘ജന്മഭൂമി’ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്കും മുന്‍മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് കേസ് വരികയുണ്ടായി. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട ഭൂമിയായ കച്ചേരി വളപ്പ് വീണ്ടെടുക്കാന്‍ ഒറ്റയാള്‍ പോരാട്ടം തന്നെ നടത്തി വിജയിച്ച ചരിത്രവും ‘ജന്മഭൂമി’ക്ക് അവകാശപ്പെട്ടതാണ്.
എല്ലാറ്റിനുമുപരി കേരള ചരിത്രത്തെ ഇന്നും കിടുകിടാ വിറപ്പിക്കുന്ന ശക്തന് തമ്പുരാന്റെ നാടാണ് തൃശ്ശൂര്‍. അതോടൊപ്പം ശുദ്ധഗാന്ധിയന്മാരായിരുന്ന കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാടിന്റെയും ആയുര്വേദജ്ഞന് കെ.രാഘവന് തിരുമുല്‍പ്പാടിന്റെയും നാടുകൂടിയാണത്. ശക്തിയുടെയും അഹിംസയുടെയും അപൂര്‍വമായൊരു ചേരുവ. ടിപ്പുവിന്റെ പടയോട്ടത്തെപ്പോലെ മതപരമായ ക്രൂരതയുടെ കുത്തൊഴുക്കായിരുന്ന മലബാര്‍ കലാപത്തെയും ചെറുത്ത പാരമ്പര്യം തൃശ്ശൂരിനുണ്ട്. (ലഹളക്കാരെ നേരിടാന്‍ രൂപീകരിച്ച ഹിന്ദു സന്നദ്ധ സേനയുടെ ക്യാപ്റ്റനും പില്ക്കാലത്ത് ഇഎംഎസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയുമായി മാറിയ എന്‍.ആര്.മേനോന് തൃശ്ശൂരുകാരനായിരുന്നു). കറയറ്റ ഹിന്ദുത്വത്തിന്റെ കരുത്ത് ആത്മാവില്‍ ആവാഹിച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായ എ.ആര്. ശ്രീനിവാസന് തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ സ്വദേശിയായിരുന്നു.
ശക്തന്റെ തട്ടകത്തില്‍നിന്ന് ‘ജന്മഭൂമി’ പ്രസിദ്ധീകരണം തുടങ്ങുമ്പോള്‍ ഏറ്റെടുക്കാനുളള സാംസ്കാരിക-സാമൂഹ്യ ദൗത്യങ്ങള്‍ ഏറെയാണ്. ആധുനിക കേരളത്തിന്റെ ശില്‍പ്പികളായ പലരും വടക്കുന്നാഥന്റെ മണ്ണില്‍ ഉയിരെടുത്ത് ഉല്‍ക്കടമായ അഭിലാഷത്തോടെ സ്വജീവിതം സാമൂഹ്യനന്മയ്ക്കായി സമര്‍പ്പിച്ചവരാണ്. എന്നാല്‍ ഇവരുടെയൊക്കെ അഭിലാഷങ്ങള്‍ വേണ്ടവിധം ഇന്നും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ മണ്ണായിരുന്നിട്ടും സ്വാമിജിക്ക് ഉചിതമായ സ്മാരകം ഇനിയും ഉയര്‍ന്നിട്ടില്ല. ദൗത്യപൂര്‍ത്തീകരണത്തിന് നിലമൊരുക്കാനുള്ള ഇച്ഛാശക്തിയോടെയാണ് ‘ജന്മഭൂമി’ തൃശ്ശൂരിലെത്തുന്നത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: