ഫോര്‍ട്ടാലെസ: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്ക് ഫോര്‍ട്ടാലെസ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ലോകകപ്പിലെ നാലാം സ്ഥാനക്കാരും കരുത്തരുമായ ഉറുഗ്വെയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കോസ്റ്ററിക്കയാണ് അട്ടിമറി വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് ഗോളാക്കി എഡിസന് കവാനി ഉറുഗ്വെയെ മുന്നിലെത്തിച്ചശേഷമാണ് കോസ്റ്ററിക്കന്‍ പട മൂന്നെണ്ണം തിരിച്ചടിച്ച് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. കോസ്റ്ററിക്കക്ക് വേണ്ടി ജോയല്‍ കാംപെല്‍, ഓസ്കര് ഡുറേറ്റ, മാര്‍ക്കോ യുരേന എന്നിവര്‍ ഗോളുകള്‍ നേടി. കളിയുടെ അന്ത്യനിമിഷത്തില്‍ ഉറുഗ്വെയുടെ മാക്സി പെരേര ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തത് അവര്‍ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
ഉറുഗ്വെയുടെ പേരും പെരുമയും വകവെക്കാതെ കളത്തിലിറങ്ങിയ കോസ്റ്ററിക്ക് മികച്ച ചില മുന്നേറ്റങ്ങളാണ് ആദ്യപകുതിയില്‍ നടത്തിയത്. എന്നാല്‍ ഇതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ആദ്യപകുതിയില്‍ കോസ്റ്ററിക്കക്ക് നാല് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചപ്പോള്‍ ഉറുഗ്വെക്ക് ഒരെണ്ണമാണ് ലഭിച്ചത്. നാലാം മിനിറ്റില്‍ കോസ്റ്ററിക്ക് അനുകൂലമായി ഫ്രീകിക്കും ഒമ്പതാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണറും ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് 12-ാം മിനിറ്റില്‍ മറ്റൊരു അവസരവും നഷ്ടമായി. ക്രിസ്റ്റിയന്‍ ബോളോനസ് ഹെഡ്ഡറിലൂടെ നല്കിയ പാസ് മറ്റൊരു ഹെഡ്ഡറിലൂടെ ബ്രയാന്‍ റൂയിസ് ഉറുഗ്വെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 16-ാം മിനിറ്റിലാണ് ഉറുഗ്വെക്ക് ആദ്യ അവസരം ലഭിച്ചത്. എഡിസണ് കവാനിയാണ് തുറന്ന അവസരം നഷ്ടമാക്കിയത്. 23-ം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ഉറുഗ്വെ ക്യാപ്റ്റന്‍ ഡീഗോ ലുഗാനോയെ ബോക്സിനുള്ളില്‍ വെച്ച് ജൂനിയര്‍ ഡയസ് വീഴ്ത്തിയതിന് അനുവദിച്ച പെനാല്‍റ്റിയിലൂടെയാണ് കഴിഞ്ഞ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ ഉറുഗ്വെ ലീഡ് നേടിയത്. കവാനിയെടുത്ത കിക്ക് കോസ്റ്ററിക്കന്‍ വലയില്‍ കയറി (1-0). തൊട്ടുപിന്നാലെ ഡീഗോ ഫോര്ലാന് ഒരു അവസരം പാഴാക്കി. 27-ാം മിനിറ്റില്‍ കോസ്റ്ററിക്കയുടെ ജോയല്‍ കാംപെലിന്റെ ഒരു ലോംഗ്റേഞ്ച് ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു. തുടര്‍ന്ന് 44-ാം മിനിറ്റില്‍ ഡീഗോഫോര്ലാന് പറത്തിയ ഇടംകാലന്‍ ഷോട്ട് കോസ്റ്ററിക്ക ഗോളി കെയ്ലര് നവാസ് കിടിലനായി രക്ഷപ്പെടുത്തി. ഇഞ്ച്വറി സമയത്ത് ജോയല്‍ കാംപെല്ലിന്റെ നല്ലൊരു ഹെഡ്ഡര്‍ മാനംമുട്ടെ ഉയര്‍ന്നതോടെ ആദ്യ പകുതിയില്‍ സമനില പിടിക്കാമെന്ന കോസ്റ്ററിക്കയുടെ സ്വപ്നം തകര്‍ന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തരായ കോസ്റ്ററിക്കയെയാണ് മൈതാനത്ത് കാണാന്‍ കഴിഞ്ഞത്. 50-ാം മിനിറ്റില്‍ അവര്‍ സമനിലക്കടുത്തെത്തി. എന്നാല്‍ ക്രിസ്റ്റിയന്‍ ബോളോനസിന്റെ ക്രോസ് ഓസ്കാര്‍ ഡുരാറ്റെ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഉറുഗ്വെ ഗോളി തട്ടിത്തെറിപ്പിച്ചു. റീബൗണ്ട് പന്ത് വീണ്ടും ഡുരാറ്റെ വലയിലേക്ക് തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും പുറത്തുപോയി. 52-ാം മിനിറ്റില്‍ ഉറുഗ്വെയുടെ എഡിസന് കവാനിയുടെ ഒരു ഇടംകാലന്‍ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ കോസ്റ്ററിക്ക സമനില ഗോള്‍ നേടി. ബോക്സിന്റെ മധ്യഭാഗത്തുനിന്ന് ജോയല്‍ കാംപെല്‍ തൊടുത്ത തകര്‍പ്പന്‍ ഇടംകാലന്‍ ഷോട്ട് ഉറുഗ്വെ വലയില്‍ തറച്ചുകയറി. രണ്ട് മിനിറ്റിന്റെ ഇടവേളക്കുശേഷം കോസ്റ്ററിക്ക ലീഡ് ഉയര്‍ത്തി. അവര്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ക്രിസ്റ്റിയന്‍ ബോളോനസ് എടുത്ത കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയത് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ ഓസ്കര് ഡുറേറ്റ വലയിലെത്തിച്ചപ്പോള്‍ ഉറുഗ്വെ ഗോളി നിസ്സഹായനായിരുന്നു. പിന്നീട് 84-ാം മിനിറ്റില്‍ മാര്‍ക്കോ യുരേനയും വലകുലുക്കിയതോടെ ഉറുഗ്വെയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചുകയറ്റി. കളിയുടെ ഇഞ്ച്വറി സമയത്ത് ഉറുഗ്വെയുടെ മാക്സി പെരേരയ്ക്ക് ചുവപ്പുകാര്‍ഡ് കണ്ടതോടെ ലാറ്റിനമേരിക്കന്‍ കരുത്തരുടെ പതനം പൂര്‍ണ്ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: