ലോകം പുതിയ വാക്കുകള്‍ തിരയുന്നു. വിശേഷണങ്ങള്‍ തീര്‍ക്കാന്‍.. ആകാംഷയുടെ ആഴം അറിയിക്കാന്‍.. പന്തിനോളം ഭൂമി ചുരുങ്ങുന്നെന്ന പതിവു പല്ലവിമാറ്റിവയ്ക്കാന്… ഈ ഉത്സവലഹരിയെ എന്തിനോട് ഉപമിക്കും. കാല്പ്പന്തുകലയുടെ മധുരോദാത്ത നിമിഷങ്ങളില്‍ വീണലിയാന്‍ ബ്രസീലിയന്‍ മൂടിയില്ലാത്ത ചില്ലുപാത്രം മലര്ത്തിവെച്ചതുപോലത്തെ കൂടാരങ്ങള്‍ക്കുള്ളിലെ പുല്ക്കളങ്ങളിലേക്ക് പഞ്ചേന്ദ്രിയങ്ങളെ ആവാഹിക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനി മുപ്പത് ദിനരാത്രങ്ങള്‍ പന്താണവരുടെ ഹൃദയം. അതിട്ടു തട്ടിക്കളിക്കാന്‍ പോകുന്നത് നെയ്മറെയും ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോയും പോലുള്ള ഇന്ദ്രജാലക്കാര്‍. മനുഷ്യരാശികണ്ട ഏറ്റവും സുന്ദരമായ കളിയുടെ മഹനീയ മേളയ്ക്ക് ഇന്നു തുടക്കം. ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും രണകാഹളം മുഴക്കുമ്പോള്‍ സാംബയുടെ താളത്തില്‍ വാനും മണ്ണും തുള്ളുമ്പോള്‍ ലോകകപ്പ് ഫുട്ബോള്‍ അരങ്ങുണരും.
പന്തയച്ചന്തയില്‍ ബ്രസീലാണ് മുമ്പന്മാര്. സ്വന്തം മണ്ണിലെ കളി അവര്‍ക്ക് വ്യക്തമായ മാനസികാധിപത്യം നല്കുന്നു. കേളീവൈഭവമുള്ളവരേറെയുള്ള മഞ്ഞക്കിളിക്കൂട്ടം അതിശക്തരാണ്. കാനറികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുക എക്കാലത്തെയും ശത്രുവും അയല്‍വാസികളുമായ അര്‍ജന്റീനയാവും.
അര്‍ജന്റീനയും ബ്രസീലും കലാശപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കാന്‍ കൊതിക്കുന്നവരും ചില്ലറയല്ല. ലൂയീസ് സുവാരസിന്റെയും ഡീഗോ ഫോര്ലാന്റെയും ഉറുഗ്വയും സ്വന്തം വന്‍കരയില്‍ അത്ഭുതങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു. യൂറോപ്യന്‍ ശക്തിദുര്‍ഗങ്ങള്‍ സര്‍വ്വ സന്നാഹങ്ങളുമായാണ് വരുന്നത്. ലാറ്റിനമേരിക്കയില്‍ നിന്ന് കപ്പ് കടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തവരെന്ന പേരുദോഷം അവര്‍ക്കു മാറ്റണം. നിലവിലെ ചാമ്പ്യന്‍ സ്പെയിന്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവര്‍ കിരീടപ്രതീക്ഷയുടെ അമരത്തു തന്നെയുണ്ട്. ക്രിസ്റ്റ്യാനോയെ ഭ്രമണംചെയ്യുന്ന പോര്‍ച്ചുഗലും മോശമാക്കില്ലെന്ന് കളിവിദഗ്ധര്‍. ബെല്‍ജിയവും ആഫ്രിക്കന്‍ സാന്നിധ്യം ഘാനയും ചിലിയുമൊക്കെ കറുത്തകുതികളാവുമെന്നും കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: