മാനന്തവാടി: ഉത്തരമലബാറിന്റെ മഹോത്സവമെന്ന് വിശേഷിപ്പിക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള മുതിരേരി വാള് എഴുന്നള്ളത്ത് ഇന്ന്. വാള് എഴുന്നള്ളിപ്പിനുള്ള ഒരുക്കങ്ങള്‍ മുതിരേരി ശിവക്ഷേത്രത്തില്‍ പൂര്‍ത്തിയായി. വാള് കൊട്ടിയൂരിലെത്തുന്നതോടെ 27 ദിവസം നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കമാവും.
ഇടവ മാസത്തിലെ ആയില്യം നാളില്‍ നാഗത്തിന് കൊടുത്ത് മകം നാള് മുതല്‍ ഏഴ് ദിവസത്തെ വ്രതമെടുത്ത് ചോതി നാളിലാണ് വാള് എഴുന്നള്ളത്ത് നടക്കുക. ഏഴ് ദിവസത്തെ വ്രതത്തിനുശേഷം മൂഴിയോട്ട് ഇല്ലത്ത് സുരേഷ് നമ്പൂതിരിയാണ് വാളുമായി കൊട്ടിയൂര്‍ ക്ഷേത്രത്തെ ലക്ഷ്യം വെച്ച് നീങ്ങുക.
മുതിരേരി ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പ്രത്യേകം സൂക്ഷിച്ച വാളറയില്‍ നിന്നും ചോതി നാളില്‍ പുലര്‍ച്ചെ വാളെടുത്ത് ക്ഷേത്രകുളത്തില്‍ മുക്കിയെടുത്ത് ക്ഷേത്രപ്രതിഷ്ഠയില്‍ സ്ഥാപിക്കുന്ന വാള് ഉച്ചക്ക്ശേഷം നടക്കുന്ന പുള്ളംതോറ്റത്തിനുശേഷം വെളിച്ചപ്പാടോടെ നമ്പൂതിരി കൊട്ടിയൂര്‍ ക്ഷേത്രത്തെ ലക്ഷ്യം വെച്ച് നീങ്ങും. വാള് എഴുന്നള്ളിപ്പിനോടനുബന്ധിച്ച് ഏഴ് നാള് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും അന്നദാനവും നടക്കും. ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയുള്ള 27 ദിവസമാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: