പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുടെ പേരില്‍ നടന്നിട്ടുള്ള തട്ടിപ്പും അഴിമതിയും സംബന്ധിച്ച് കേന്ദ്ര ഏജന്‍സി സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വിമാനത്താവള വിരുദ്ധ ഏകോപനസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയിലൂടെ സ്വകാര്യ കമ്പനി നടത്തിയ നിയമലംഘനങ്ങളും ക്രമക്കേടുകളും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കമ്പനിയില്‍ എടുത്ത പത്തുശതമാനം ഓഹരി പിന്‍വലിക്കുകയും നിര്‍ദ്ദിഷ്ട പദ്ധതിക്കായി നികത്തിയ നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കുകയും വേണം.
ഇതിന് പുറമേ 2000 ഏക്കര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കണം. വിമാനത്താവളത്തിനായി സര്‍ക്കാര്‍ തത്വത്തില്‍ നല്കിയ അനുമതിയും റദ്ദാക്കണം. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. ആറന്മുളയിലെ നെല്‍വയലും നീര്‍ത്തടവും കാവും കുന്നും പുഴയും സംരക്ഷിക്കാന്‍ നടത്തിയ ൈഎതിഹാസിക ജനകീയ പ്രക്ഷോഭം വിജയിച്ച സാഹചര്യത്തില്‍ തുടര്‍ന്നും പ്രകൃതിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പരിസ്ഥിതിദിനമായ 5 ന് ആറന്മുളയില് ജനമുന്നേറ്റത്തിന് തുടക്കംകുറിക്കുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
5 ന് 3.30ന് ആറന്മുള ശ്രീകൃഷ്ണ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജനകീയ കൂട്ടായ്മയില്‍ വിമാനത്താവള വിരുദ്ധ ഏകോപനസമിതി ചെയര്‍പേഴ്സണ്‍ സുഗതകുമാരി അദ്ധ്യക്ഷത വഹിക്കും. കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മുന്‍ മന്ത്രിമാരായ എം.വിജയകുമാര്‍, ഡോ.തോമസ് ഐസക്, മുല്ലക്കര രത്നാകരന്, മാത്യു ടി തോമസ്, ബിനോയ് വിശ്വം, പൈതൃകഗ്രാമ കര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്, അഡ്വ.പീലിപ്പോസ് തോമസ്, ഉഴവൂര്‍ വിജയന്, കെ.വേണുഗോപാല്‍, ഡോ.വി.എസ്.വിജയന്, സി.ആര്.നീലകണ്ഠന്, വര്‍ഗ്ഗീസ് തൊടുപറമ്പില്‍, എം.എന്‍.ജയചന്ദ്രന്, ഗോപിനാഥപിള്ള കോട്ടാങ്ങല്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് 2500 വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. ആറന്മുള പാടശേഖരങ്ങളില്‍ ജൈവകൃഷി നടത്തുന്നതിനുള്ള വിപുലമായ കര്‍മ്മപദ്ധതി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണത്തിനായി സാമൂഹിക പ്രതിജ്ഞയെടുക്കുമെന്നും ഏകോപനസമിതി ഭാരവാഹികള്‍ പറഞ്ഞു.
ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദൂചൂഡന്, സിപിഐ ജില്ലാ സെക്രട്ടറി പി.പ്രസാദ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.പത്മകുമാര്‍, കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.കെ.റോയിസണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: