മലപ്പുറം: ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത യുവതി പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം എസ്.ഐ മനോഹരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എസ്. ഗോപിനാഥ് ആണ് സസ്പെന്റ് ചെയ്തത്. യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ദിവസം രാത്രി കുറ്റിപ്പുറം എസ്.ഐ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നെന്നും ഇത് ചട്ടവിരുദ്ധമാണെന്നും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
യുവതി തൂങ്ങിമരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച തിരൂര്‍ ഡിവൈഎസ്പി നല്കിയ റിപ്പോര്‍ട്ടിലും എസ്.ഐ നടത്തിയ ചട്ടലംഘനത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് സൂചന. ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയാണ് ഏപ്രില്‍ 24 ന് പുലര്‍ച്ചെ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചത്. മോഷണ കേസുമായി ബന്ധപ്പെട്ടാണ് യുവതിയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നത്.
ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. യുവതി തൂങ്ങി മരിച്ച സംഭവം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: