ആയിരങ്ങള്‍, ആവേശമായി കൊട്ടിത്തിമര്‍ക്കുന്ന മേളത്തിന് മുന്പില് മതിമറന്ന് നില്ക്കുമ്പോള്, പൊന്നണിഞ്ഞ് ദൈവസാന്നിധ്യത്തെ ആവാഹിച്ച് ഗജവീരന്മാര്, പാണ്ടിമേളവും, കുടമാറ്റവും, തെക്കോട്ടിറക്കവും, വെടിക്കെട്ടും നിറഞ്ഞ പൂരം വന്നണഞ്ഞൂ. മാലോകര്‍ കാത്തിരിക്കുന്ന തൃശൂര്‍ പൂരം. ഇലഞ്ഞിത്തറ മേളവും, മഠത്തില്‍ വരവും താളവട്ടം കൊട്ടുന്ന പ്രൗഢി ഇന്നും അതേപടി നിറഞ്ഞ് നില്ക്കുന്നു. ശ്രീവടക്കുംനാഥന്റെ പ്രദക്ഷിണ വഴികള്‍ മുഴുവന്‍ തിരക്കില്‍ ലയിച്ചിരിക്കും. ആനച്ചൂരും, കരിമരുന്നിന്റെ ഗന്ധവും ഇടപിരിഞ്ഞു നില്ക്കുന്ന തേക്കിന് കാട് മൈതാനത്തില്‍ ദേശദേവതകള്‍ വന്ന് സാന്നിധ്യമറിയിക്കുന്ന ഭക്തിനിര്‍ഭര ചടങ്ങുകള്‍ തട്ടകക്കാരില് ആവേശം നിറയ്ക്കുന്നു.
പുതുമഴയും, കത്തുന്ന മേടച്ചൂടും നിറഞ്ഞ പൂരപ്പറമ്പില്‍ മേളത്തിന്റെ ലയവിന്യാസവും, അഴകില്‍ മികവാര്‍ന്ന ആന നിരയും, പുതുപുത്തന്‍ ആനച്ചമയവും മറ്റൊരിടത്തും കാണില്ല. പുതിയതിന്റെ പര്യായമാണ് പൂരം. മാസങ്ങള്‍ക്കു മുമ്പേ അണിയറയില്‍ ഒരുങ്ങി എത്തുന്ന മനോഹര പൂരം ഇത് തൃശൂര്‍ നഗരത്തില്‍ കൊത്തിയെടുത്തത് കൊച്ചി വാണരുളിയ ശക്തന് തമ്പുരാന്. ഒരാളെപ്പോലും വകവയ്ക്കാത്ത തമ്പുരാന്റെ ഭരണകാലത്ത് ഒരുക്കിയ ഭരണഘടനയില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ടോ പിന്നോട്ടോ മാറാത്ത പൂരം.
തെക്കോട്ടിറക്കത്തില്‍ തിരുവമ്പാടിയും പാറമേക്കാവും കവിതയുമായി കുടമാറുന്ന അപൂര്‍വ യോഗം. അസ്തമയ സൂര്യന്റെ കിരണങ്ങള്‍ നിറഞ്ഞ് നില്ക്കുമ്പോള് തുടങ്ങി ഇരുട്ടിന്റെ കനം തുടങ്ങുമ്പോള്‍ തീരുന്ന കുടമാറ്റം. ലോക ജനത കണ്ടു നില്‍ക്കുന്നത് മലയാളത്തിന്റെ മനോഹാരിത തന്നെ. മേളവും താളവും ശ്രുതിയും ആരവവും എല്ലാം നിറഞ്ഞ് നില്ക്കുന്ന മാനത്ത് കരിമരുന്നിന്റെ കവിത. മെയ് ഒന്നിന് പുലര്‍ച്ചെ മുതല്‍ രണ്ടിന്റെ മധ്യാഹ്നത്തോടെ പൂരത്തിന് ഉപചാരം ചൊല്ലി പിരിയല്‍ വരെ. തേക്കിന് കാടു നിറയെ മേളത്തിന്റെ മാറ്റൊലി തന്നെ.
ശ്രീ വടക്കുംനാഥ ക്ഷേത്രം
തൃശൂര്‍ നഗരമദ്ധ്യത്തിലാണ് ദക്ഷിണഭാരതത്തിലെ പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രം. പൂരോത്സവം കൊണ്ട് വിശ്രുതമായ മഹാക്ഷേത്രം. തൃശൂര്‍ ഒരുകാലത്ത് തൃശ്ശിവപേരുമായി എന്നാണ് പറയപ്പെടുന്നുത്. പേരൂര്‍-പെരിയ ഊര്, എന്ന തമിഴ്പദത്തിനോട് തിരുശിവ എന്ന വിശേഷണം കൂടി ചേര്‍ത്തപ്പോള്‍ തൃശ്ശിവ പേരൂര്‍ ആയി എന്ന് പഴമ. തിരുശിവ പെരിയോര്‍ എന്ന് തമിഴ്നാട്ടുകാര്‍ വടക്കുംനാഥനെ വിളിച്ചിരുന്നതായും ഐതിഹ്യം. ഇന്ന് തൃശൂരിന്റെ മുഖമുദ്രപോലും വടക്കും നാഥക്ഷേത്രമാണ്. ഒരിക്കലെങ്കിലും തൃശൂരില്‍ വന്നുപോയിട്ടുള്ളവര്‍ ക്ഷേത്രം കാണാതിരിക്കാന്‍ വഴിയില്ല.
ക്ഷേത്രത്തിനുള്ളില്‍ കടന്നാല്‍ ഇടതുഭാഗത്ത് കൂത്തമ്പലം, കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലവും ഇതുതന്നെ. വാതില്‍മാടത്തില്‍ വടക്കുഭാഗത്ത് ഒരഴിക്കൂട്ടില് വെള്ളക്കാളയുണ്ട്. വടക്കുഭാഗത്ത് ഭക്തമനസ്സുകളുടെ കൈലാസനാഥനായി വിളങ്ങുന്ന ശിവപെരുമാളിന്റെ ശ്രീകോവില്‍. തെക്കുഭാഗത്ത് ശ്രീരാമന് നടുവില്‍ ശങ്കരനാരായണന്. ശിവന്റെ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ശ്രീപാര്‍വതി. ശിവലിംഗത്തെ മൂടി നെയ്യുണ്ട്. വടക്കേ അറ്റത്ത് പ്രതിഷ്ഠിച്ച ശിവന് – നാഥന് എന്ന അര്‍ത്ഥത്തില്‍ ക്ഷേത്രത്തിന് വടക്കുംനാഥന് എന്ന പേരുണ്ടായി എന്നും പരമശിവന്റെ വാസം കൈലാസത്തിലായതുകൊണ്ട് വടക്കുംനാഥനാണെന്നും കാശിവിശ്വനാഥസാന്നിധ്യം ഇവിടെ പരിലസിക്കുന്നതിനാല്‍ വടക്കുംനാഥനെന്ന് പേരുണ്ടായി എന്നും പറയപ്പെടുന്നു. എന്നാല്‍ കടലിന്റെ പിടിയില്‍ നിന്നും താന്‍ വീണ്ടെടുത്ത ഭൂമിയില്‍ മഹാദേവ സാന്നിധ്യം നിത്യമാവണമെന്ന ഭാര്ഗവരാമന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരമശിവന് വടക്കുംനാഥനായി ഇവിടെ സാന്നിധ്യമരുളാമെന്ന് സമ്മതിച്ചതായും പഴമ. ശിവല്‍ വിഷ്ണുവും, വിഷ്ണുവില് ശിവനുമാണെന്ന് മനസ്സിലാക്കിയ പാര്‍വ്വതി ഭഗവാനോട് അതൊന്നുകാട്ടിത്തരാന് ആവശ്യപ്പെട്ട് ശിവപുരത്ത് പോയി തപസ്സുചെയ്താല്‍ മതിയെന്ന് ഭഗവാന് മറുപടിയും നല്കി. ദേവി ഇവിടെ എത്തി തപസ്സ് ചെയ്തു. ഭഗവാന് ശങ്കരനാരായണന്റെ രൂപത്തില്‍ പ്രത്യക്ഷനായി. അതുകൊണ്ടാണ് ഭക്തജനങ്ങള്‍ വടക്കുംനാഥനില്‍ ശങ്കരനാരായണചൈതന്യമാണ് കളിയാടുന്നതെന്ന് വിശ്വസിച്ചുപോരുന്നത്. ആദിശങ്കരന്റെ മാതാപിതാക്കള്‍ വടക്കുനാഥനെ ഭജിച്ചതിന്റെ ഫലമായാണ് അവര്‍ക്ക് ശ്രീശങ്കരന് ജനിച്ചതെന്നുള്ള വിശ്വാസവും നിലനില്ക്കുന്നു.
വടക്കുംനാഥന് അഭിമുഖമായി ഇടതുവശത്ത് ഗണപതിയുണ്ട്. ചുറ്റമ്പലത്തിന്റെ വടക്കുഭാഗത്ത് വേട്ടയ്ക്കൊരുമകന്‍. കൂടാതെ അയ്യപ്പനും, ഗോശാലകൃഷ്ണനും സിംഹോദരനുമുണ്ട്. പ്രദക്ഷിണം വച്ച് തൊഴുതു വരുമ്പോള്‍ ശ്രീമൂലസ്ഥാനത്തുനിന്നും തുടങ്ങി ഗോശാലകൃഷ്ണന്, നന്ദികേശന്, പരശുരാമന്, സിംഹോദരന്, പിന്നെ കാശിവിശ്വനാഥനേയും വടക്കോട്ട് തിരിഞ്ഞ് ചിദംബരനാഥനെയും കിഴക്കോട്ട് തിരിഞ്ഞ് സേതുനാഥനെയും തെക്കേഗോപുരം നോക്കി ഊരകത്തമ്മ, കുടല്‍മാണിക്യം, കൊടുങ്ങല്ലൂര്‍ ഭഗവതി, വടക്കുംനാഥന്, ശങ്കരനാരായണന്, ശ്രീരാമന്, കിഴക്കേ ആല്‍ത്തറയിലുള്ള വേദവ്യാസന്, ശാസ്താവ്, സമാധിസ്ഥലം ശംഖ്ചക്രം എന്നീ സ്ഥാനങ്ങളിലും തൊഴുതുവരണം. വീണ്ടും അകത്തുകയറി വടക്കുനാഥനെയും ശ്രീരാമനെയും ശങ്കരനാരായണനേയും യഥാക്രമം നാലും ആറും തവണ തൊഴുത് ദര്ശനചക്രം പൂര്‍ത്തിയാക്കണം.
നെയ്യഭിഷേകമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. നെയ്വിളക്കും ദേവന് പ്രിയം. ഗണപതിക്ക് അപ്പനിവേദ്യമുണ്ട്. ശിവന് ആയിരത്തിയെട്ട് ഇളനീരിന്റെ അഭിഷേകം. ശങ്കരനാരായണന് ജലാഭിഷേകം വിശേഷവഴിപാടാണ്. ശ്രീരാമന് നല്ലെണ്ണ വഴിപാട്.
ശിവരാത്രി മഹോത്സവം പ്രധാനം. ഇവിടെ ഉത്സവമില്ല. തൃശൂര്‍പൂരം വടക്കുംനാഥന്റെ ഉത്സവമായി കണക്കാക്കുന്നില്ല. ആ തിരുമുറ്റത്ത് നടക്കുന്നുവെന്നുമാത്രം. ഇവിടെ ദേവീദേവന്മാര് ഒത്തുകൂടുന്ന ആഘോഷത്തിമിര്‍പ്പാണ് തൃശൂര്‍പൂരം.
പൂരം ഐതീഹ്യം
തൃശൂര്‍ പൂരത്തിനു് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവമായി തുടരുന്നു. ശക്തന് തമ്പുരാന്റെ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളില്‍ നിന്നും ദേവകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന് തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന് വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ 1797 മേയില്‍( 977 മേടം) സാംസ്കാരികകേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശൂര്‍ പൂരം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: