ഈ ലിപി നശീകരണ പ്രക്രിയയുടെ ഫലമായി മലയാളഭാഷയ്ക്കും കേരളത്തിനും വന്ന നഷ്ടം സഹസ്രകോടി കണക്കില്‍ ഒതുക്കാനാവില്ല. മുമ്പ് നൂറുപേജില്‍ അച്ചടിച്ചിരുന്ന പുസ്തകത്തിന് ഇപ്പോള്‍ നൂറ്റിമുപ്പത്തിയഞ്ചുപുറം വേണം. 35 % കൂടുല്‍ പേപ്പറും മഷിയും സമയവും. എഴുതാന്‍ വേണ്ട സമയം മൂന്നുമടങ്ങായി. വായിക്കുമ്പോള്‍ പലയിടത്തും ഓരോ ലിപിയും വെവ്വേറെ നോക്കേണ്ടിവരും. വിദ്യാര്‍ഥികളുടെ ബുദ്ധിവികാസത്തെ ബാധിക്കുമെന്നതിനാല്‍ ഇംഗ്ലീഷ് മീഡിയത്തിലേക്ക് കുട്ടികള്‍ മാറി. തുടര്‍ന്നുള്ള ലേഖനങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താം.
കേരളത്തില്‍നിന്ന് പ്രതിവര്‍ഷം ഇംഗ്ലീഷ് പുസ്തകകച്ചവടക്കാര്‍ കടത്തികൊണ്ടുപോകുന്ന തുക 1971 നുശേഷം ഒരുകോടി മടങ്ങായിട്ടുണ്ട്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഈ ലോബിക്കു വിധേയമായതു കേരളമാണ്. ഈ രോഗം മാറ്റാന്‍ വിഷമമുള്ളതല്ല. അതിനുള്ള ഇച്ഛാശക്തി നമുക്കുണ്ടാകുമെന്ന് ആശിക്കാം.
ലിപി നശീകരണത്തിന് മുന്‍കൈയെടുത്ത പണ്ഡിതന്മാര്ക്ക് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാനുള്ള സൗകര്യം ഇംഗ്ലീഷ് പ്രസാധകര് ഒരുക്കിക്കൊടുത്തു. മലയാളഭാഷയെ രക്ഷിച്ചവരെന്ന മട്ടില്‍ അവതരിപ്പിച്ചെങ്കിലും ഒരുത്തരും അവരെ അനുമോദിച്ചില്ല. കര്ണാടകത്തിലെത്തിയപ്പോള് പ്രശസ്ത പണ്ഡിതനായിരുന്ന നരസിംഹയ്യ അവരോടു പറഞ്ഞത് ”അല്പം എണ്ണയും കോതി ഒതുക്കാനുള്ള പരിശ്രമവും ഒഴിവാക്കാനായി പെറ്റമ്മയുടെ മുടിമുറിച്ചുകളയാന്‍ ഞങ്ങള്‍ക്കാവില്ല. മാതൃഹന്താവായ പരശുരാമന് ഉണ്ടാക്കിയ നാടാണ് കേരളമെന്ന് ഇപ്പോള്‍ ബോദ്ധ്യമായി”എന്നാണ് വന്ദ്യവയോധികനായ ആ പണ്ഡിത ശ്രേഷ്ഠന്റെ വാക്കുകള്‍ നമ്മുടെ പണ്ഡിതന്മാരുടെ വിജയോന്മാദം നശിപ്പിച്ചു. അവരില്‍ പ്രധാനി ”അമ്മേ മാപ്പ്” എന്നൊരു കവിതയെഴുതി. മാതൃഭാഷയോടു മാപ്പു ചോദിക്കുന്ന ആ കവിത ദിവസവും വായിച്ച് മലയാളത്തോടു മാപ്പു ചോദിക്കുമെന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു.
മലയാള ലിപി മലയാളം എഴുതാന്‍ മാത്രമുള്ളതല്ല. മലയാളികള്‍ക്കു ബന്ധമുള്ള അനേകം ഭാഷകളിലെ ആശയങ്ങള്‍ അതുപയോഗിച്ച് എഴുതേണ്ടിവരും. സംസ്കൃതത്തിലും തമിഴിലും അറബിയിലും സുറിയാനിയിലും ഗ്രീക്കിലും ലത്തിനിലുമൊക്കെയുള്ള പദങ്ങളും അക്ഷരങ്ങളും ആശയങ്ങളും രേഖപ്പെടുത്താനുള്ള കഴിവ് ആ ലിപിക്കുണ്ടായിരുന്നു. അതു വീണ്ടും ഉണ്ടാകാന്‍ വിവരസാങ്കേതികവിദ്യ ഇപ്പോള്‍ സഹായത്തിനുണ്ട്. ഒരു ഭാഷയെ നശിപ്പിക്കണമെങ്കില്‍ അതിന്റെ ലിപി പരിഷ്ക്കരിച്ചാല്‍ മതി എന്ന് മലയാളസാഹിത്യകാരന്മാരുടെ കുലപതിയായ എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞത് ഓര്‍ക്കാം.
(തുടരും)
അധിനിവേശ തന്ത്രങ്ങള്‍
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: