1982-ല്‍ അരങ്ങേറിയ 12-ാം ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് സ്പെയിനാണ്. ഫൈനല്‍ റൗണ്ടില്‍ കളിച്ച ടീമുകളുടെ എണ്ണത്തില്‍ ഇത്തവണ വന്‍വര്‍ധനവുണ്ടായി. തൊട്ടുമുന്‍പത്തെ ലോകകപ്പുവരെ 16 ടീമുകളാണ് കിരീടത്തിനായി പോരാടിയതെങ്കില്‍ ഇത്തവണയത് 24 ആയി ഉയര്‍ന്നു. ആതിഥേയരായ സ്പെയിനും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും നേരിട്ട് യോഗ്യത നേടി. ബാക്കി 22 ടീമുകള്‍ യോഗ്യതാ റൗണ്ട് താണ്ടിയെത്തി. യൂറോപ്പില്‍ നിന്ന് 14, ലാറ്റിനമേരിക്കയില്‍ നിന്ന് 4, കോണ്‍കാകാഫ് മേഖലയില്‍ നിന്ന് 2, ആഫ്രിക്കയില്‍ നിന്ന് 2, ഏഷ്യാ-ഓഷ്യാനിയ മേഖലയില്‍ നിന്ന് 2 എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം. ആറ് മേഖലകളില്‍ നിന്ന് 109 ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ അങ്കംവെട്ടിയത്. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ ആകെ 306 മത്സരങ്ങള്‍ നടന്നു; 797 ഗോളുകളും പിറന്നു.
യൂറോപ്പില്‍ നിന്ന് പശ്ചിമ ജര്‍മ്മനി, ആസ്ട്രിയ, ബല്‍ജിയം, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്, ചെക്കോസ്ലോവാക്യ, ഹംഗറി, ഇംഗ്ലണ്ട്, യൂഗോസ്ലാവ്യ, ഇറ്റലി, സ്കോട്ട്ലന്റ്, വടക്കന്‍ അയര്‍ലന്റ്, പോളണ്ട് എന്നീ രാജ്യങ്ങള്‍ യോഗ്യത നേടി. ലാറ്റിനമേരിക്കയില്‍ നിന്ന് അര്‍ജന്റീനക്ക് പുറമെ ബ്രസീല്‍, പെറു, ചിലി എന്നിവരും കോണ്‍കാകാഫ് മേഖലയില്‍ നിന്ന് ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍ എന്നീ സംഘങ്ങളും ആഫ്രിക്കയില്‍ നിന്ന് അള്‍ജീരിയ, കാമറൂണ്‍ ടീമുകളും ഏഷ്യ-ഓഷ്യാനയില്‍ നിന്ന് കുവൈറ്റ്, ന്യൂസിലാന്റ് സംഘങ്ങളും ഫൈനല്‍ റൗണ്ടിലെത്തി. ഇതില്‍ അള്‍ജീരിയയും ഹോണ്ടുറാസും കാമറൂണും കുവൈറ്റും ന്യൂസിലാന്റുമൊക്കെ അരങ്ങേറ്റക്കാരായിരുന്നു.
പതിനാല് നഗരങ്ങളിലെ 17 വേദികളിലായി ജൂണ്‍ 13 മുതല്‍ ജൂലൈ 11 വരെയാണ് ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് നടന്നത്. 52 മത്സരങ്ങളില്‍ നിന്നായി നാല് ഹാട്രിക്കുള്‍പ്പെടെ 146 ഗോളുകളും പിറന്നു. ഹംഗറിയുടെ ലാസിയോ കിസ്സ്, പശ്ചിമ ജര്‍മ്മനിയുടെ കാള്‍ ഹെനിസ് റുമിനെഗെ, പോളണ്ടിന്റെ സിഗ്ന്യൂ ബൊണിക്ക്, ഇറ്റലിയുടെ പൗലോ റോസ്സി എന്നിവരാണ് ഹാട്രിക്ക് നേടിയത്. ജൂലൈ 11ന് നടന്ന കലാശപ്പോരാട്ടത്തില്‍ പശ്ചിമ ജര്‍മ്മനിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ഇറ്റലി ലോക ചാമ്പ്യന്മാരായി. ബ്രസീലിനു ശേഷം മൂന്നു തവണ ലോക കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഇറ്റലി സ്വന്തമാക്കി. രണ്ടാം ലോകകിരീടം നേടിയ 44 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു അസൂറികള്‍ക്ക് മൂന്നാം ചാമ്പ്യന്‍ പട്ടം കൈവന്നത്. അതേസമയം, നിലവിലെ ജേതാക്കളായ അര്‍ജന്റീന രണ്ടാം റൗണ്ടില്‍ പുറത്താവുകയും ചെയ്തു.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഫൈനല്‍ റൗണ്ട് സംഘടിപ്പിക്കപ്പെട്ടത്. യോഗ്യത നേടിയ 24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ച് ആദ്യ റൗണ്ട് നടന്നു. ഈ ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരായി 12 ടീമുകള്‍ രണ്ടാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ 12 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഇതിലെ ഗ്രൂപ്പ് ജേതാക്കള്‍ സെമിയിലെത്തി.
ആദ്യഘട്ടത്തില്‍ ഗ്രൂപ്പ് ഒന്നില്‍ പോളണ്ട്, ഇറ്റലി, കാമറൂണ്‍, പെറു, ഗ്രൂപ്പ് രണ്ടില്‍ അള്‍ജീരിയ, ചിലി, ആസ്ട്രിയ, പശ്ചിമ ജര്‍മ്മനി, ഗ്രൂപ്പ് മൂന്നില്‍ അര്‍ജന്റീന, ബല്‍ജിയം, ഹംഗറി, എല്‍സാല്‍വദോര്‍, ഗ്രൂപ്പ് നാലില്‍ ഇംഗ്ലണ്ട, ഫ്രാന്‍സ്, കുവൈറ്റ്, ചെക്കോസ്ലോവാക്യ, ഗ്രൂപ്പ് അഞ്ചില്‍ വടക്കന്‍ അയര്‍ലന്റ്, സ്പെയിന്, ഹോണ്ടുറാസ്, യൂഗോസ്ലാവ്യ, ഗ്രൂപ്പ് ആറില്‍ ബ്രസീല്‍, സോവിയറ്റ് യൂണിയന്, ന്യൂസിലാന്റ്, സ്കോട്ട്ലന്റ് എന്നീ ടീമുകള്‍ അണിനിരന്നു. ഇതില്‍ പോളണ്ട്, ഇറ്റലി, പശ്ചിമ ജര്‍മ്മനി, ആസ്ട്രിയ, ബല്‍ജിയം, അര്‍ജന്റീന, ഇംഗ്ലണ്ട്, ഫ്രാന്‍സ്, വടക്കന്‍ അയര്‍ലന്റ്, സ്പെയിന്, ബ്രസീല്‍, സോവിയറ്റ് യൂണിയന് എന്നീ ടീമുകള്‍ രണ്ടാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ സോവിയറ്റ് യൂണിയന്, പോളണ്ട്, ബല്‍ജിയം, ഗ്രൂപ്പ് ബിയില്‍ സ്പെയിന്, ഇംഗ്ലണ്ട്, പശ്ചിമ ജര്‍മ്മനി, ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ആസ്ട്രിയ, വടക്കന്‍ അയര്‍ലന്റ് എന്നീ ടീമുകള്‍ കളിച്ചു. ഈ ഗ്രൂപ്പുകളില്‍ നിന്ന് ചാമ്പ്യന്മാരായി പോളണ്ട്, പശ്ചിമ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ ടീമുകള്‍ സെമിയിലെത്തി. ജൂലൈ എട്ടിന് നടന്ന സെമി ഫൈനലുകളില്‍ ഇറ്റലി 2-0ന് പോളണ്ടിനെയും പശ്ചിമ ജര്‍മ്മനി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് ഫ്രാന്‍സിനെയും കീഴടക്കി കലാശക്കളിക്ക് അര്‍ഹതനേടി.
ജൂലൈ 10ന് നടന്ന ലൂസേഴ്സ് ഫൈനലില്‍ ഫ്രാന്‍സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോളണ്ട് മൂന്നാം സ്ഥാനം നേടി. ജൂലൈ 11ന് മാഡ്രിഡിലെ സാന്റിയാഗോ ബെര്ണാബ്യൂവില് 90,000 ആരാധകര്‍ക്ക് മുന്നില്‍ നടന്ന ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ കീഴടക്കി ഇറ്റാലിയന്‍ പട മൂന്നാം ലോകകപ്പില്‍ മുത്തമിട്ടു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 57-ാം മിനിറ്റില്‍ പൗലോ റോസ്സിയും 69-ാം മിനിറ്റില്‍ മാര്‍ക്കോ ടാര്‍ഡെല്ലിയും 81-ാം മിനിറ്റില്‍ അലസ്സാന്ദ്രോ ആള്‍ട്ടബെല്ലിയും ഇറ്റലിക്കായി ഗോളുകള്‍ നേടിയപ്പോള്‍ പശ്ചിമ ജര്‍മ്മനിയുടെ ആശ്വാസഗോള്‍ 83-ാം മിനിറ്റില്‍ പോള്‍ ബ്രിറ്റ്നറാണ് കുറിച്ചത്. പ്രാഥമിക റൗണ്ടില്‍ ഒരു മത്സരം പോലും ജയിക്കാതെയാണ് ഇറ്റലി രണ്ടാം റൗണ്ടിലെത്തിയത്. ആദ്യറൗണ്ടിലെ മൂന്നു മത്സരങ്ങളും സമനിലയില്‍ കലാശിച്ച് പോളണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിലെത്തിയത്. കാമറൂണും ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെ മൂന്ന് പോയിന്റ് നേടിയെങ്കിലും ഗോള്‍ ആവറേജിന്റെ ബലത്തില്‍ ഇറ്റലി അടുത്ത റൗണ്ടിലെത്തി. 40-ാം വയസ്സിലും ഗോള്‍വലയം കാത്ത ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ദിനോ സോഫ് ലോകകപ്പ് ഫൈനല്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിക്കും അര്‍ഹനായി.
1978-ലെ ലോകകപ്പ് പോലെ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്തും സ്വര്‍ണ്ണ പാദുകവും ഒരാള്‍ തന്നെ സ്വന്തമാക്കി. ചാമ്പ്യന്മാരുടെ പൗലോ റോസ്സിയാണ് ഈ രണ്ട് ബഹുമതിക്കും അര്‍ഹനായത്. ആറ് ഗോളുകളുമായാണ് പൗലോ റോസ്സി ടോപ് സ്കോററായത്. ബ്രസീലിന്റെ ഫാല്‍ക്കോ വെള്ളിപ്പന്തും പശ്ചിമ ജര്‍മ്മനിയുടെ കാള്‍ ഹെനിസ് റുമിനെഗെ മികച്ച താരത്തിനുള്ള വെങ്കലപ്പന്തും സ്വന്തമാക്കി. രണ്ടാമത്തെ ടോപ് സ്കോറര്‍ക്കുള്ള വെള്ളി പാദുകവും റുമിനെഗെക്ക് (അഞ്ച് ഗോള്‍) തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: