കോട്ടയം: പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന സിസ്റ്റമാറ്റിക്ക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍(സീപ്പ്) പരിപാടി കോട്ടയം ജില്ലയില്‍ തരംഗമാകുന്നു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ സീപ്പിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിവരുന്നത്.
ഇതോടനുബന്ധിച്ചുള്ള കൂട്ടയോട്ടം ‘റണ്‍ ഫോര്‍ വോട്ട്’ ഏപ്രില്‍ ഏഴിന് കോട്ടയത്ത് നടക്കും. വൈകുന്നേരം 4.30ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച് ലോഗോസ് ജംഗ്ഷന്, കളക്ട്രേറ്റ്, ചന്തക്കവല, തിരുനക്കര, ശീമാട്ടി റൗണ്ടാന വഴി തിരുനക്കര മൈതാനത്ത് സമാപിക്കും. കേരളാ സ്പോര്‍ട്സ് കൗണ്‍സിലിലെയും മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെയും കായിക താരങ്ങളും പൊതുജനങ്ങളും കൂട്ടയോട്ടത്തില്‍ അണിനിരക്കും. സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യവും സ്വതന്ത്രവും നിര്ഭയവുയമായി വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന പരിപാടി നെഹ്റു സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഫഌഗ് ഓഫ് ചെയ്യും. ഏപ്രില്‍ അഞ്ചിന് നടത്താനിരുന്ന കൂട്ടയോട്ടം ഏഴാം തിയതിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
സീപ്പ് പരിപാടിയുടെ പ്രചാരണാര്‍ത്ഥം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന റോക്ക് ബാന്‍ഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി, കൂട്ടയോട്ടത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുനക്കര മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് തിരുനക്കര മൈതാനത്തും പ്രത്യേക റോക്ക് മ്യൂസിക് ഷോ നടക്കും.
പ്രമുഖ വ്യക്തികളും സ്ത്രീകളും യുവതീയുവാക്കളും ഉള്‍പ്പെടുന്ന വോട്ടര്‍മാരെ ജില്ലാ വരണാധികാരി നേരില്‍ കണ്ട് വോട്ട് ചെയ്യണം എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് ജില്ലയില്‍ സീപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനു പുറമെ സ്റ്റിക്കറുകള്‍ ഉപയോഗിച്ചുള്ള പ്രചാരണം, പൊതുജന സേവനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളില്‍ സീപ്പിന്റെ സന്ദേശമടങ്ങിയ സീല്‍ പതിക്കല്‍, കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള സിഗ്നേച്ചര്‍ കാമ്പയിന്, പൊതു സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: