കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ്സിന്റെയും സിപിഎംന്റെയും അവസ്ഥ ഒരുപോലെയെന്നാണ് പ്രവര്‍ത്തകരുടെ പ്രതികരണം. ക്രിസ്റ്റി ഫെര്‍ണ്ണാണ്ടസ് സിപിഎം വാടകയ്ക്കെടുത്ത സ്ഥാനാര്‍ത്ഥിയാണെങ്കില്‍ കെ.വി.തോമസിനെ ‘ ഔട്സൈഡര് ‘ എന്നാണ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.
സംസ്ഥാന നേതൃത്ത്വത്തില്‍ നിന്നു തന്നെ അദ്ദേഹത്തിന് തികഞ്ഞ അവഗണന ലഭിക്കുന്നതിന്റെ തെളിവാണ് ഭക്ഷ്യ സുരക്ഷാ നിയമം. 2013 സെപ്റ്റംബര്‍ 12ന് ഒപ്പു വെച്ചതാണ് ദി ഇന്ത്യന്‍ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് 2013. എന്നാല്‍ ഭക്ഷ്യമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തിന്റെ കുറവായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ കെ.വി.തോമസ് കേരളത്തിനോട് ആവശ്യപ്പെട്ടത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഒന്ന് ഗുണഭോക്താക്കളെ കണ്ടെത്തുക, രണ്ട് സംഭരണശ്ശേഷി വികസിപ്പിക്കുക, മൂന്ന് പിഡിഎസ് വഴി വീടുകളില്‍ ധാന്യങ്ങള്‍ എത്തിക്കാനുള്ള നടപടിയെടുക്കുക. എന്നാല്‍ ആറ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ചുവടുപോലും മുന്നോട്ട് വക്കാന്‍ തയ്യാറായില്ല. എറണാകുളം ഒരു തീരദേശജില്ലയാണ്. ഇവിടുത്തെ പ്രധാന തൊഴില്‍ മത്സ്യബന്ധനമാണ്. സാമ്പത്തികമായി വളരെ കഷ്ടത അനുഭവിക്കുന്നവരാണ്. സ്വന്തം മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്കു വേണ്ടിയെങ്കിലും കെ.വി.തോമസിന് ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷെ ഒന്നും നടന്നില്ല.
സ്ഥാനാര്‍ത്ഥിയാകാന്‍ സോണിയ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ നേടിയെടുക്കാന്‍ കഴിയുന്ന തോമസ്സിന് യുഡിഎഫ് ഭരിക്കുന്ന കേരള സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയാതെ പോയതിന്റെ കാരണം മനപൂര്‍വ്വമായ അവഗണനയാണ് എന്നാണ് ആക്ഷേപം. 1984 മുതല്‍ നാല് വട്ടം എറണാകുളത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ്ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.വി.തോമസിന് ഇന്ന് നേട്ടമായി ചൂണ്ടി കാണിക്കാന്‍ ഭക്ഷ്യ സുരക്ഷാ നിയമം മാത്രമെ ഉള്ളു എന്നതും ശ്രദ്ധേയമാണ്.
2009ല്‍ ഹൈബി ഈഡന് കിട്ടേണ്ടിയിരുന്ന പാര്‍ലമെന്റ് സീറ്റ് ഹൈക്കമാന്റിന്റെ സഹായത്തോടെ തട്ടിയെടുത്തു എന്ന ആരോപണം ഇപ്പോഴും തോമസ്മാഷെ വേട്ടയാടുന്നു. പരാജയം മണത്ത അദ്ദേഹം പ്രചരണത്തിന് പോയ സ്ഥലങ്ങളിലെല്ലാം ഹൈബി ഈഡനെ കൂടെ കൂട്ടിയാണ് വിജയം തട്ടിയെടുത്തത് എന്നാണ് അരമന രഹസ്യം. കഴിഞ്ഞ തവണ എറണാകുളം മണ്ഡലം ലഭിക്കുവാന്‍ നടത്തിയ ശ്രമങ്ങളില്‍ ഒപ്പംനിന്ന ക്രിസ്റ്റി ഫെര്ണ്ണാണ്ടസാണ് ഇക്കുറി സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: