ന്യൂദല്‍ഹി: ഐഎന്‍എസ് കൊല്‍ക്കത്തയില്‍ വാതകചോര്‍ച്ചയെത്തുടര്‍ന്ന് നാവിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച ബിജെപി, നാവികസേനയോടുള്ള അവഗണനയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. 11 മാസത്തിനിടെ 11-ാമത്തെ അപകടമാണിത്.
പ്രതിരോധവകുപ്പ് അനുവദിച്ച പണം ‘ബുദ്ധിപൂര്‍വം’ ഉപയോഗിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ധനമന്ത്രി ചിദംബരം ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ വിശദീകരിച്ചു. തുടക്കത്തില്‍ ധനമന്ത്രാലയം ആവശ്യത്തിന് പണം പ്രതിരോധവകുപ്പിന് നല്‍കിയില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പല നാവിക വാഹനങ്ങളുടെയും സ്ഥിതി പരിതാപകരമായി. അവ എപ്പോഴും പൊട്ടാവുന്ന ബോംബുകള്‍ പോലെയായി. സര്‍ക്കാര്‍ ഒരു ഡീസല്‍ മുങ്ങിക്കപ്പല്‍ വാങ്ങുകയോ പദ്ധതികള്‍ യഥാസമയം വൃത്തിയാക്കുക ചെയ്തില്ല. അതിനാലാണ് പഴകിയ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടി വന്നത്. വിമാനവാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യ യഥാസമയം പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാക്കാനായില്ല, ജാവ്ദേക്കള് പ്രസ്താവനയില്‍ വിശദീകരിച്ചു.
വായുസേനയ്ക്ക് പരിശീലന വിമാനങ്ങള്‍ ഇല്ല. അതിനാല്‍ ശരിയായ പരിശീലനം നടക്കുന്നില്ല. മിറാഷുകളുടെ നവീകരണം വൈകി, അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് വിവാദത്തിലായി. കരസേനയ്ക്ക് ആവശ്യമായ ആധുനിക റൈഫിളുകളും തോക്കുകളും വാഹനങ്ങളും ഇല്ല.
ഇതിനെല്ലാം കാരണം ചിലരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഓരോ ഇടപാടിലും കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട കമ്മീഷന് കൈപ്പറ്റലും മറ്റുമാണ്. പ്രതിരോധവകുപ്പില്‍ നടക്കുന്ന സംഭരണങ്ങള്‍ സുതാര്യമാക്കേണ്ടതിന് പകരം പ്രതിരോധമന്ത്രി ചെയ്യുന്നത് അഴിമതി പരസ്യമായിരിക്കെ കരാറുകളുണ്ടാക്കലാണ്. ഇതെല്ലാം തിരിച്ചടികളുണ്ടാക്കുകയാണ്, സേനയുടെ മൂന്ന് വിഭാഗങ്ങളും അനുഭവിക്കുകയാണ്.
ഈ ദുര്‍ഘടാവസ്ഥയെക്കുറിച്ച് സര്‍വസൈന്യാധിപനായ രാഷ്ട്രപതി വിശദമായ അന്വേഷണത്തിന് തയ്യാറാകണം. അപകടങ്ങളെക്കുറിച്ചും നമ്മുടെ തയ്യാറെടുപ്പുകളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരണം നല്‍കണം, ജാവ്ദേക്കര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: