മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളച്ചുവന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ‘നീ ആര്?’ എന്ന് ബ്രഹ്മാവ് ചോദിച്ചു. ‘ഞാന്‍ നിന്റെ അച്ഛനായ വിഷ്ണു ആണ്’ എന്ന് മറുപടി കിട്ടി. ആ മറുപടി ബ്രഹ്മാവിന് തൃപ്തികരമായി തോന്നിയില്ല. തമ്മില്‍ വഴക്കാരംഭിച്ചു. അത് ഒരു യുദ്ധത്തില്‍ കലാശിച്ചു. ബ്രഹ്മാവ് ബ്രഹ്മാസ്ത്രം ഉപയോഗിച്ചു. അതിനെതിരെ വിഷ്ണു പാശുപതാസ്ത്രം തൊടുത്തു. ലോകം മുഴുവന്‍ ചുറ്റിനടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കാന്‍ മഹാവിഷ്ണുവിനോ ബ്രഹ്മാവിനോ കഴിഞ്ഞില്ല.
എന്തുചെയ്യണമെന്നറിയാതെ അവര്‍ രണ്ടുപേരും പകച്ചുനില്‍ക്കവേ അവരുടെ മധ്യത്തില്‍ ഒരു ശിവലിംഗം ഉയര്‍ന്നുവന്നു. അതിന്റെ മേലഗ്രഹവും കീഴഗ്രവും അദൃശ്യമായിരുന്നു. അഗ്രങ്ങള്‍ കണ്ടുപിടിക്കുന്നതിന് ബ്രഹ്മാവ് മേല്പ്പോട്ടും വിഷ്ണു കീഴ്പ്പോട്ടും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ടുപേരും പൂര്വസ്ഥാനത്തുവന്നിരുന്നു. ഉടനെ ശിവന് അവരുടെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തില്‍ കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാവര്‍ഷവും പ്രസ്തുതരാത്രി ഒരു വ്രതമായി അനുഷ്ഠിക്കണമെന്നും അതിന് ശിവരാത്രിവ്രതം എന്ന പേരായിരിക്കുമെന്നും ശിവന് അരുളി ചെയ്തു.
കുംഭമാസത്തിലനുഷ്ഠിക്കപ്പെടുന്ന ഒരു പുണ്യദിനമാണ് ശിവരാത്രി. ഈ ദിവസം രാത്രിയില്‍ വ്രതം ധരിച്ച് ഉറങ്ങാതിരുന്ന് ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. ചതുര്ദ്ദശിയിങ്കല് ആഹാരം കഴിക്കാതിരുന്ന് രാത്രിയില്‍ ഉറക്കമിളച്ച് വ്രതം ധരിച്ച്, ശിവനെ പൂജിക്കുകയാണ് ശിവരാത്രിവ്രതത്തില് ചെയ്യേണ്ടത്.
ശിവപൂജയ്ക്കുള്ള സ്തോത്രം:
“ആവാഹിച്ചീടുന്നേന്‍ ഞാന്‍ ഭൂമി മുക്തികള്‍ നിത്യം
കൈവരുത്തീടുന്നൊരു ശംഭുവെബ്ഭക്തിയോടെ
നരകപ്പെരുങ്കടല്‍ക്കക്കരെ കടക്കുവാന്‍
തരണിയായുള്ളൊരു ശിവനെ! നമസ്കാരം
സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ
സൗഖ്യങ്ങളരുളീടും ശിവന് നമസ്കാരം!
ധര്‍മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മലമൂര്‍ത്തേ! കാമഭോഗങ്ങള്‍ നല്കേണമേ,
ഗുണവും സല്‍ക്കീര്‍ത്തിയും സുഖവും നല്കേണമേ!
ഗുണവാരിധേ! സ്വര്‍ഗമോക്ഷങ്ങള്‍ നല്കേണമേ!
– വെട്ടംമാണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: