ന്യൂദല്‍ഹി: ഒരേയൊരു തവണ മുസ്ലീംസമൂഹം ബിജെപിയെ പരീക്ഷിച്ചു നോക്കണമെന്ന് ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ പിന്നീടൊരിക്കലും ബിജെപിയെ പിന്തുണയ്ക്കേണ്ട. രാജ്യനന്മയെ കരുതി ബിജെപിക്ക് വോട്ട് ചെയ്യാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം,രാജ്നാഥ്സിങ് പറഞ്ഞു. മിഷന് 272+ലെ മുസ്ലീങ്ങളുടെ പങ്ക് സംബന്ധിച്ച് ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു രാജ്നാഥ് സിങ്.
എപ്പോഴെങ്കിലും എവിടെയെങ്കിലും ബിജെപിയുടെ ഭാഗത്തുനിന്നും തെറ്റുകളും കുറവുകളും ഉണ്ടായിട്ടുണ്ടെങ്കല് ശിരസുകുനിച്ച് മാപ്പിരക്കാം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ വ്യക്തമാക്കി. സാഹോദര്യത്തിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായ ശക്തമായ രാഷ്ട്രത്തിന് മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യണം. തുല്യത ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയേപ്പറ്റി കോണ്‍ഗ്രസ് നടത്തുന്ന മറിച്ചുള്ള പ്രചാരണങ്ങളില്‍ വീഴരുത്.
ബിജെപി മുസ്ലീംസമൂഹത്തിനെതിരാണെന്ന് വര്‍ഷങ്ങളായി തുടരുന്ന വ്യാജ പ്രചാരണത്തിന് അന്ത്യംകുറിക്കാന്‍ സമയമായെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്കിയ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്. 1984ല്‍ കോണ്‍ഗ്രസ് നടത്തിയ സിഖ് കൂട്ടക്കൊലയ്ക്ക് ശേഷം സിഖ് സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ചത് ബിജെപിയാണ്. പഞ്ചാബ്, ദല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്,ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും സിഖ് സമുദായത്തിന് ബിജെപി പ്രാതിനിധ്യം നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ നിരവധിപേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി വിജയിച്ച് എംഎല്‍എമാരായി. ബിജെപി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും ന്യൂനപക്ഷവിഭാഗമാണ്. രാജസ്ഥാന് നിയമസഭയിലെ ന്യൂനപക്ഷ അംഗങ്ങളായ നാലുപേരും വിജയിച്ചത് ബിജെപി ടിക്കറ്റിലാണ്. രണ്ടുപേര്‍ മുസ്ലീങ്ങളും രണ്ടുപേര്‍ സിഖുകാരുമാണ്. ഗുജറാത്ത്,മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വലിയൊരു ശതമാനം ന്യൂനപക്ഷ വിഭാഗക്കാരും ബിജെപി ടിക്കറ്റിലാണ് വിജയിച്ചതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ രാജ്യത്ത് ആയിരത്തിലധികം കേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള സെമിനാറുകള്‍ നടത്തി മതന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: