കീവ്: നാടുകടത്തപ്പെട്ട മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി യുക്രെയിന് ഇടക്കാല ആഭ്യന്തരമന്ത്രി ആര്‍സന്‍ അവാക്കോവ് അറിയിച്ചു. കൂട്ടക്കൊലയ്ക്ക് യാനുക്കോവിച്ചിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ക്രിമിനല്‍ കുറ്റം ചുമത്തിയതായും അവാക്കോവ് ഫെയ്സ്ബുക്കില്‍ അറിയിച്ചു.
ക്രീമിയന്‍ പെനിന്‍സുലയിലെ ബലാക്ലാവയിലാണ് യാനുക്കോവിച്ചിനെ അവസാനമായി കണ്ടതെന്നാണ് റിപ്പോര്‍ട്ട്. ഒരു സഹായിക്കൊപ്പം അജ്ഞാതസ്ഥലത്തേക്ക് അദ്ദേഹം കാറില്‍ പോയതായും സൂചനകള്‍ ലഭിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ഉടമ്പടി ഉണ്ടാ ക്കുന്നതില്നിന്നു പിന്മാറി റഷ്യയില്‍ നിന്നു വന്‍തോതില്‍ സഹായം സ്വീകരിക്കാനുള്ള യാനുക്കോവിച്ചിന്റൈ തീരുമാനമാണു പ്രതിപക്ഷത്തെ വിപ്ലവത്തിനു പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ പ്രക്ഷോഭകര്‍ക്കു നേരേ സൈന്യം നടത്തിയ വെടിവയ്പില്‍ നൂറിലധികം പേര് കൊല്ലപ്പെടുകയുണ്ടായി.
ഇതിനുശേഷം യൂറോപ്യന്‍ വിദേശകാര്യമന്ത്രിമാരുടെ മധ്യസ്ഥതയില്‍ കീവില്‍ നടന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കു സമ്മതിച്ച യാനുക്കോവിച്ച് പ്രതിപക്ഷവുമായി കരാര്‍ ഒപ്പിടുകയും ചെയ്തതാണ്. തെരഞ്ഞെടുപ്പു നേരത്തെ നടത്താനും 2004ലെ ഭരണഘടന പുനഃസ്ഥാപിക്കുന്ന പാര്‍ലമെന്റിന്റെ തീരുമാനം അംഗീകരിക്കാനും പ്രസിഡന്റ് യാനുക്കോവിച്ച് തയാറായി. തുടര്‍ന്നാണ് യാനുക്കോവിച്ചിനെ നാടുകടത്തിയതായി പ്രഖ്യാപിച്ചത്.
യാനുകോവിച്ച് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാനമേറ്റ അലക്സാണ്ടര്‍ ടര്ക്കിനോവാണ് യൂറോപ്യന്‍ ചേരിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഞായറാഴ്ച രാത്രി രാഷ്ട്രത്തോടായി നടത്തിയ പ്രസ്താവനയില്‍ ജനങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയെന്നും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്നും ടര്‍ക്കിനോവ് പറഞ്ഞു. റഷ്യയുമായി ഒരു അയല്‍ രാജ്യമെന്ന നിലയില്‍ തുല്യരീതിയില് ചര്‍ച്ച നടത്താന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യ ഉക്രെയിനില്‍ സൈനികമായി ഇടപെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് അമേരിക്കയുടെ ദേശീയ ഉപദേഷ്ടാവ് സൂസന് റൈസ് പറഞ്ഞു. അതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ചു. ഉക്രെയിനില്‍ റഷ്യയെ പിന്തുണയ്ക്കുന്നവരും യൂറോപ്യന്‍ ചേരിയിലേക്ക് നീങ്ങാന്‍ താല്പര്യപ്പെടുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആഭ്യന്തര കലഹത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് എങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: