റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മത്തേയോ റെന്‍സി സത്യപ്രതിജ്ഞ ചെയ്തു. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് 39 കാരനായ റെന്‍സി. എന്‍ റിക്കോ ലെറ്റ രാജിവെച്ച പശ്ചാത്തലത്തിലാണ് റെന്‍സിയുടെ സ്ഥാനലബ്ധി. 2011 നവംബറില്‍ സില്‍വിയോ ബെര്‍ലുസ്കോണി രാജിവെച്ചതിനുശേഷമുള്ള മൂന്നാമത്തെ സര്‍ക്കാരാണ് റെന്‍സിയുടെ നേതൃത്വത്തില്‍ അധികാരമേറ്റത്. പുതിയ മന്ത്രിസഭയിലെ പകുതിപ്പേരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ആവശ്യമായ നടപടികള്‍ക്കാണ് മുന്‍ഗണനയെന്ന് റെന്‍സി പറഞ്ഞു.
ഭരണസഖ്യത്തെ നയിക്കുന്ന ഡെമോക്രാറ്റിക്ക് കക്ഷിയിലെ ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ റെന്‍സിയോടു പരാജയപ്പെട്ടതാണ് ലെറ്റയുടെ പ്രധാനമന്ത്രി സ്ഥാനം തെറിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ലെറ്റയ്ക്ക് ഒന്നുംചെയ്യാന്‍ സാധിച്ചില്ലെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. സ്വന്തം പാര്‍ട്ടി അംഗങ്ങളും എതിരായതോടെ ലെറ്റയ്ക്ക് അധികാരം കൈയൊഴിയേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: