ആലുവ: ലക്ഷങ്ങള്‍ ഉറക്കമൊഴിഞ്ഞെത്തുന്ന ശിവരാത്രി ആഘോഷത്തിന് ഇനി ഏഴുനാള്‍. നഗരസഭയുടെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ തിരക്കിട്ട ഒരുക്കങ്ങള്‍ നടക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സജീവമായി രംഗത്തുണ്ട്. ശ്രീകോവിലിന് ചുറ്റും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള കൈവരികള്‍ സ്ഥാപിച്ചു. ശിവരാത്രി ബലിതര്‍പ്പണത്തിന് കാര്‍മികത്വം വഹിക്കാന്‍ യോഗ്യതയില്ലാത്ത പുരോഹിതര്‍ വരുന്നത് ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തവണയും നിബന്ധനകള്‍ കര്‍ശനമാക്കി. പോലീസിന്റെ എന്‍ഒസിയും താന്ത്രിക പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയവര്‍ക്ക് മാത്രമേ പുരോഹിതകര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. ആവശ്യമായ രേഖകള്‍ നല്കാത്തവരെ ബലിത്തറകളുടെ നറുക്കെടുപ്പില്‍നിന്നും മാറ്റിനിര്‍ത്തി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളല്ലെന്ന് ബോധ്യപ്പെടാനാണ് പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള എന്‍ഒസി വാങ്ങുന്നത്. പൂജാദികര്‍മ്മങ്ങള്‍ അറിയാമെന്നുമുള്ള തന്ത്രിമാരുടെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓലമേഞ്ഞ താല്‍ക്കാലിക ഓഫീസുകളുടെയും വ്യാപാരസ്റ്റാളുകളുടെയും മറ്റും പണിതിരക്കിലാണ്. പോലീസ് സ്റ്റേഷന്, ഫയര്സ്റ്റേഷന്, കെഎസ്ഇബി ഓഫീസ്, ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം, ഗവണ്മെന്റ് ഹോമിയോ ആശുപത്രി, കെഎസ്ആര്‍ടിസി ഓഫീസ്, ബസ്സ്റ്റാന്റ്, പോലീസ് വാച്ച്ടവറുകള്‍ എന്നിവയുടെ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നു. ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ പെരിയാറിന്റെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന നഗരവും അണിഞ്ഞൊരുങ്ങുകയാണ്. 27 നാണ് ശിവരാത്രിയെങ്കിലും ഇതോടനുബന്ധിച്ച് നടത്തുന്ന വ്യാപാരമേള ഒരു മാസത്തോളം നീളും. നഗരസഭ ഒരുക്കുന്ന ഒരാഴ്ചത്തെ ദൃശ്യോത്സവവും നഗരരാവുകളെ കലാസമ്പന്നമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: