തിരുവനന്തപുരം: ടിപി വധത്തിലെ ഗൂഢാലോചന അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കം. ?ടിപിയുടെ ഭാര്യ രമ നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന്റെ പ്രത്യേക സംഘം നല്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാരിനു വേണ്ടിയൊരു റിപ്പോര്‍ട്ട് പോലീസ് നല്‍കുകയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് സിബിഐ അന്വേഷണത്തിനു വിടുകയും ചെയ്തത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെ അത് ബാധിക്കും. സര്‍ക്കാര്‍ സിപിഎം ഒത്തുകളി കൂടുതല്‍ ചര്‍ച്ചയ്ക്കു വിധേയമാകുകയും ചെയ്യും.
ചന്ദ്രശേഖരന് വധം അന്വേഷിച്ച പോലീസ് ഗൂഢാലോചനയെകുറിച്ച് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. അതല്ലെങ്കില്‍ സിപിഎം നേതാവ് പി.മോഹനില് വരെയെത്തിയ അന്വേഷണം അതിനു മുകളിലേക്ക് നീക്കാന്‍ പോലീസിനായില്ല. സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം ആദ്യം മുതല്‍ തന്നെ ഉന്നയിക്കപ്പെട്ടിരുന്നതാണ്. സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കുള്ള പങ്ക് പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ രമ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹരവും കിടന്നു.
കേസില്‍ ആദ്യം മുതല്‍ സിപിഎം നേതാക്കളെ രക്ഷിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തിയത്. സര്‍ക്കാരിനെതിരെ സോളാര്‍ അഴിമതിയിലുള്പ്പെടെ രൂക്ഷമായ സമരം നടത്തിയ സിപിഎം അതില്‍ നിന്ന് പിന്‍വാങ്ങിയത് ടിപി കേസ് അടക്കമുള്ള ചില കേസുകളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിന്നു. യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകക്കേസും ഇതില്‍ പെടും. സര്‍ക്കാരും സിപിഎം നേതാക്കളുമായുള്ള ഒത്തുകളി വ്യാപകമായ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സിപിഎം നേതാക്കളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണം കെ.കെ.രമയ്ക്കും ആര്‍എംപി നേതാക്കള്‍ക്കും ഉണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം കിടന്ന രമയോട് നിയമപരവും സാങ്കേതികവുമായ കാരണങ്ങള്‍ പറഞ്ഞ് സിബിഐ അന്വേഷണം ഉടന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമ എടച്ചേരി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചു. ഈമാസം മൂന്ന് മുതല്‍ ഏഴുവരെയാണ് രമ നിരാഹാരസമരം കിടന്നത്. ഏഴിന് സമരം അവസാനിപ്പിക്കുമ്പോള്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു എന്ന ഉറപ്പുമാത്രമാണ് നല്‍കിയത്.
രണ്ടര ആഴ്ചകൊണ്ടാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്. രമയുടെ മൊഴിയും ജയിലിലെത്തി പ്രതികളുടെ വിവിരങ്ങളും മാത്രം ശേഖരിക്കുകയാണ് പോലീസ് ചെയ്തത്. ഗൂഢാലോചനക്കാരായ നേതാക്കളാരാണെന്ന് ആദ്യം കേസന്വേഷിച്ച സംഘത്തിനു തന്നെ വ്യക്തമായിരുന്നു. ഉന്നത സമ്മര്‍ദ്ദം കാരണമാണ് അവരിലേക്ക് എത്താന്‍ കഴിയാതിരുന്നത്. ഗൂഢാലോചന അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടെങ്കിലും സിബിഐ ആണ് അന്തിമ തീരുമാനം കൈക്കൊള്ളുക. കേസ് ഏറ്റെടുക്കണോ, വേണ്ടയോ എന്ന്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: