ആറന്മുള: കറുത്തപണത്തിന്റെ ശക്തികള്‍ക്കു മുമ്പില്‍ ഒരു മഹത് സംസ്കാരത്തേയും ഭൂമിയേയും അടിയറവ് വെയ്ക്കുവാന്‍ തയ്യാറാകുന്നത് ലജ്ജാകരമെന്ന് കേരള നദി സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി പ്രൊഫ. സീതാരാമന് അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ എട്ടാം ദിവസം ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പ്രൊഫ. സീതാരാമന്.
ജനങ്ങളെക്കുറിച്ച് ചിന്തിക്കാത്ത നിയമവ്യവസ്ഥയെക്കുറിച്ച് അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി ജനദ്രോഹപരമായ നടപടികളാണ് ആറന്മുളയില് സ്വീകരിക്കുന്നതെന്ന് സീതാരാമന് അഭിപ്രായപ്പെട്ടു. നദി മരിച്ചാല്‍ ജനജീവിതം താറുമാറാകുമെന്ന് അദ്ധ്യക്ഷത വഹിച്ച നദിസംരക്ഷണ സമിതി സംസ്ഥാന വൈസ്പ്രസിഡന്റ് വി.എന്‍. ഗോപിനാഥപിള്ള പറഞ്ഞു.
കേരളം മുഴുവന്‍ വികസിച്ചു കഴിഞ്ഞു ഇനി കടല്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോള്‍ മലയാളി ചോദിക്കുന്ന ചോദ്യമാണ് എന്തിന് ഈ വിമാനത്താവളം എന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ചോദിച്ചു. നമ്മള് കാണുന്ന ചതുപ്പ് നിലത്തിന് വളരെ പ്രാധ്യാന്യമുണ്ട്. എവിടെ വയല്‍ നികത്തിയാലും അവിടെ ജലമില്ലാതാകും. ആറന്മുളയിലെ ക്ഷേത്രത്തിലെ ആവശ്യത്തിനു പോലും വെള്ളം കിട്ടില്ല. ജനത്തിന്റെ ആവശ്യത്തിനനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്. ആറന്മുള സത്യാഗ്രഹം കേരള ചരിത്രത്തിലെ പ്രധാന സമരമാകുകയാണ്. ഈ സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് ആവശ്യമാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. പൈതൃക ഗ്രാമകര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്.ഷാജി സ്വാഗതം പറഞ്ഞു.
കേരള കര്‍ഷക സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, മുന്‍ എം.പി. ചെങ്ങറ സുരേന്ദ്രന്, സിപിഐ മുന്‍ ജില്ലാ സെക്രട്ടറി മുണ്ടപ്പിള്ളി തോമസ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, പ്രൊഫ. കുസുമം തോമസ്, ഏലൂര്‍ ഗോപിനാഥ്, രാമചന്ദ്രന് കിടങ്ങൂര്‍, മുന്‍ കേരള യൂണിവേഴ്സിറ്റി മുന്‍ ചെയര്മാന് വി.വിനോദ്, പ്രമുഖ കര്ഷകന് എം.കെ.പാപ്പന് എന്നിവര്‍ സത്യാഗ്രഹികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആലപ്പുഴ ജില്ലയിലെ തഴക്കര പഞ്ചായത്തിലെ സമരസമിതി പ്രവര്‍ത്തകരും സംസ്ഥാന നദിസംരക്ഷണ സമിതി അംഗങ്ങളും സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
ഒന്‍പതാം ദിനസത്യാഗ്രഹ പരിപാടികള്‍ പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. എം.കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: