കോട്ടയം: കേരളത്തെ സമ്പൂര്‍ണ്ണ പെന്ഷന് സംസ്ഥാനമായി പ്രഖ്യാപിച്ചു. മണര്‍കാട് പള്ളി ഓഡിറ്റോറിയത്തില്‍ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രഖ്യാപനം നടത്തിയത്. അര്‍ഹിക്കുന്ന എല്ലാവര്ക്കും പെന്ഷന് ഉറപ്പാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണമെന്നും ഇതൊരു ദൗത്യമായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും അര്ഹതയുള്ളവരില് 75 ശതമാനത്തിനു മാത്രമാണ് പെന്ഷന് ലഭിക്കുന്നത്. ശേഷിക്കുന്ന 25 ശതമാനം ആളുകള്‍ പെന്ഷന് പദ്ധതികളെക്കുറിച്ച് കേട്ടറിവുപോലുമില്ലാത്തവരാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായ എല്ലാവരിലേക്കും എത്തുന്നില്ല. ഒരു ലക്ഷം പേര്‍ക്ക് ഭൂമി കണ്ടെത്തി നല്കി. ശേഷിക്കുന്നവര്‍ക്കായി ഭൂമി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്ക്കും മൂന്ന് സെന്റ് കൊടുക്കുന്നതിന് ഭൂമി വിലയ്ക്ക് വാങ്ങാന്‍ സര്‍ക്കാരിനാവില്ല. അതുകൊണ്ട് ഉള്ളവരില്നിന്ന് കുറച്ച് ഏറ്റെടുക്കേണ്ടിവരും-മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളിലും ഭൂമിക്കുവേണ്ടിയുള്ള അപേക്ഷകള്‍ വീണ്ടും ക്ഷണിച്ചിരിക്കുകയാണ്. 28വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
നിലവിലുള്ള പഞ്ചായത്തംഗങ്ങളുടെ അലവന്‍സ് വര്ദ്ധിപ്പിക്കുതും മുന്‍ അംഗങ്ങള്‍ക്ക് പെന്ഷന് നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മൂന്നിലൊന്ന് പഞ്ചായത്തുകള്‍ക്കും പകുതിയോളം മുനിസിപ്പാലിറ്റികള്‍ക്കും സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്നതുകൊണ്ടാണ് തീരുമാനം വൈകുന്നത്. വൈകാതെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും- മുഖ്യമന്ത്രി വ്യക്തമാക്കി.
സമ്പൂര്‍ണ്ണ പെന്ഷന് പദ്ധതി വന്‍വിജയമാണെന്നും ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഭാവന വളരെ വലുതാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക തുകയായ 200 കോടി രൂപ ഈ മാസംതന്നെ പൂര്‍ണ്ണമായും കൊടുക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ ഫണ്ട് ചെലവഴിക്കുന്നതില്‍ പ്രതേ്യക താല്‍പ്പര്യമെടുക്കണം. പ്ലാന്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ ഫണ്ട് ലാപ്സാകാതെ ഇന്ദിര ആവാസ് യോജനയ്ക്കായി മാറ്റിവയ്ക്കണം- അദ്ദേഹം പറഞ്ഞു.
എം.എല്‍.എമാരായ മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.ടി. മാത്യ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അഡ്വ. എം. മണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് അസോസിയേഷന് ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി സ്വാഗതവും പഞ്ചായത്ത് ഡയറക്ടര്‍ ടി. മിത്ര നന്ദിയും പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് മണര്‍കാട് പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: