തിരുവനന്തപുരം: സര്‍വ്വാഭീഷ്ടദായിനിയായ ആറ്റുകാലമ്മയുടെ പുണ്യഭൂമിയില്‍ ആത്മസമര്‍പ്പണത്തിന്റെ നിവേദ്യം നിറകലങ്ങളില്‍ അര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ഐശ്വര്യവും പ്രത്യാശയും നിറഞ്ഞ ഭാവിക്കുവേണ്ടി വ്രതശുദ്ധമായ മനസുമായി 35 ലക്ഷത്തോളം സ്ത്രീകള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ അടുപ്പുകൂട്ടി പൊങ്കാലഅര്പ്പിച്ചപ്പോള് അനന്തപുരി യാഗഭൂമിയായി മാറി.
കുംഭത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേര്‍ന്ന പൊങ്കാലനാളായ ഇന്നലെ രാവിലെ പാട്ടുപുരയില്‍ മധു ആശാനും സംഘവും പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടി തീര്‍ന്നതോടെ പൊങ്കാലയ്ക്ക് അടുപ്പുവെട്ടി.
പത്തരയ്ക്ക് തോറ്റംപന്തലിന് മുന്നില്‍ ഒരുക്കിയ പണ്ടാരയടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. സഹ മേല്‍ശാന്തി ഈശ്വരന് നമ്പൂതിരി പാട്ടുപുരയിലും ക്ഷേത്ര പരിസരത്തും പുണ്യാഹം തളിച്ചു.തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് കൈവിളക്കില്‍ ദീപം തെളിച്ച് മേല്‍ശാന്തി നീലകണ്ഠന് നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും കത്തിച്ച ശേഷം ദീപം സഹമേല്‍ശാന്തി കേശവന് നമ്പൂതിരിക്ക് കൈമാറി . വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കേശവന് നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നു. വായ്ക്കുരവകളും ദേവീസ്തുതികളും ലക്ഷോപലക്ഷം കണ്ഠങ്ങളില്‍ നിന്നുയര്‍ന്നു. ചെണ്ടമേളത്തിന്റെയും കരിമരുന്ന് പ്രയോഗത്തിന്റെയും ശബ്ദമേളത്തില് ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നു തുടങ്ങി.
പണ്ടാര അടുപ്പിലേക്ക് ദീപം പകര്‍ന്ന ചടങ്ങിന് സാക്ഷിയാകാന്‍ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ശശി തരൂര്‍ എം.പി., കെ മുരളീധരന്‍എം.എല്‍.എ, വി. ശിവന്‍കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ എത്തി.
തിളച്ച പൊങ്കാലക്കലങ്ങള്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ ഭക്ത മനസ്സുകള്‍ ആനന്ദ നിര്‍വൃതിയിലായി. വെള്ളച്ചോറും, തെരളിയും, മണ്ടപ്പുറ്റും തുടങ്ങിയ ദേവിയുടെ ഇഷ്ട വിഭവങ്ങള്‍ തയ്യാറായി. പിന്നീട് നീണ്ട കാത്തിരിപ്പ്.
ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു പൊങ്കാല നിവേദ്യം. തിടപ്പള്ളികളിലെ അടുപ്പിലാണ് ആദ്യം തീര്‍ത്ഥം തളിച്ചത്. തുടര്‍ന്ന് പണ്ടാര അടുപ്പില്‍ പൊങ്കാല നിവേദിച്ചതോടെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാഡമിയുടെ ഹെലിക്കോപ്റ്ററില്‍ നിന്നും പുഷ്പവൃഷ്ടി നടന്നു. തുടര്‍ന്ന് 250 ശാന്തിക്കാരുടെ നേതൃത്വത്തില്‍ പൊങ്കാല കലങ്ങളില്‍ തീര്‍ത്ഥം തളിച്ചതോടെ ഒരാണ്ടത്തെ പുണ്യം മുഴുവന്‍ ഹൃദയത്തിലേറ്റുവാങ്ങി വീണ്ടും വരാന്‍ അനുഗ്രഹം ചൊരിയണമേയെന്ന പ്രാര്‍ത്ഥനയോടെ ഭക്തലക്ഷങ്ങള്‍ അനന്തപുരിയോട് യാത്ര പറഞ്ഞു.സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കുടിവെള്ളവും ഭക്ഷണവിതരണവും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഭക്തര്‍ക്ക് സഹായവുമായി രംഗത്തെത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: