രൂപം കൊടുക്കുമ്പൊഴേ ഭാവനക്കു മിഴിവരയ്ക്കലാകുന്നുള്ളു. ഭാവനയില്ലാത്തവരില്ല, അതു കാഴ്ചയും അതിനപ്പുറം അനുഭവവുമാക്കുകയും ചെയ്യുമ്പോഴാണ് ആവിഷ്കാരം പൂര്‍ണമാകുന്നതെന്ന് ജന്മഭൂമിയുടെ ഷീനാ സതീഷ്.
കരിമഷിയെഴുതിയ മിഴികളില്‍ ഈ നിറങ്ങളെല്ലാം മിഴിയുന്നതെങ്ങനെയെന്ന് ഒരു നിമിഷം മിഴിച്ചു നോക്കി നിന്നു പോകും. രംഗോലി, അതെ നിറങ്ങളുടെ ഉത്സവമൊരുക്കലാണ് നിരൂപക്ക് ആത്മാവിഷ്കാരം. വര്ണ്ണപ്പൊടികള് നിരൂപയുടെ വിരലിഴകളിലൂടെ വഴിയുമ്പോള്‍ അഴകിന്റെ നിറമാലകളാണല്ലോ ഉതിരുന്നത്. നിരൂപ വരച്ചിടുന്ന രൂപങ്ങളില്‍ അഴകുടലുകള്‍ വര്‍ണ്ണ സൗന്ദര്യങ്ങളായി വിരിയുന്നു.
സ്വന്തം വീട്ടില്‍ അമ്മ രംഗോലി വരയ്ക്കുന്നത് ഒരു ബാലിക കൗതുകത്തോടെ അന്നൊക്കെ നോക്കിനില്‍ക്കുമായിരുന്നു. ഒരിക്കല്‍ അമ്മ ചിത്രം വരയ്ക്കാനുപയോഗിച്ച ചോക്കുകൊണ്ട് ഗണപതിയുടെ രൂപം വരച്ചു. നവരാത്രി പൂജയ്ക്ക് ബൊമ്മക്കൊലു ഒരുക്കുമ്പോള്‍ അതിനുമുന്നില്‍ ദൈവങ്ങളുടെ രൂപങ്ങള്‍ ചെയ്തുതുടങ്ങി. അന്ന് അമ്മ മനസില്‍കുറിച്ചു; ഇവള് ഒരു ചിത്രകാരിയാകും എന്ന്. ആ അമ്മയുടെ ദീര്‍ഘവീക്ഷണം തെറ്റിയില്ല.
തിരുച്ചന്തൂര്‍ ഉടന്‍കുടി സ്വദേശിനിയായ നിരൂപ സതീഷ് ഇന്ന് പുരുഷന്മാരുടെ കുത്തകയായിരുന്ന രംഗോലി ചിത്രകലയില്‍ പ്രാവീണ്യം നേടിയ കലാകാരിയായി മാറി. ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ 20011 ല്‍ അമ്മയുടെ രൂപവും 2013 ല്‍ കൊടുങ്ങല്ലൂരമ്മയുടെയും ചിത്രവും രംഗോലിയില്‍ ചെയ്ത് തന്റെ കഴിവു തെളിയിച്ചു. 16 ാം വയസില്‍ മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ രംഗോലി മത്സരവിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് തനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരമാണെന്ന് നിരൂപ സതീഷ് പറയുന്നു. തുടര്‍ന്ന് യൂണിവേഴ്സിറ്റി തലത്തില്‍ നടത്തിയ മത്സരത്തിലും ഒന്നാമതെത്തി. ബിസിനസുകാരനും തിരുവനന്തപുരം സ്വദേശിയുമായ എ.ആര്.സതീഷ് വിവാഹം ചെയ്തതോടെ അനന്തപുരിയിലേക്കെത്തി. ഒരിക്കല്‍ ഗണപതിയുടെ രൂപം വരച്ചതുകണ്ട ഭര്‍ത്താവ് കഴിവ് മനസിലാക്കി വേണ്ട പ്രോത്സാഹനം നല്കി. ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം 2011ല്‍ ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ അമ്മയുടെ രൂപം രംഗോലി ചെയ്തത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് നിരൂപാ സതീഷ് പറയുന്നു.
“കഠിനവ്രതം നോറ്റാണ് ദേവീരൂപം രംഗോലി ചെയ്തത്. ഇതിനായി ക്ഷേത്രഭരണസമിതിയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു. രാവിലെ അഞ്ചു മണിമുതല്‍ രാത്രി എട്ടുവരെയാണ് ഈ ചിത്രരചനയില്‍ മുഴുകുക. അങ്ങനെ മൂന്നുദിവസം കൊണ്ടാണ് മനസില്‍ പതിഞ്ഞ അമ്മയുടെ രൂപം പകര്‍ത്താനായത്. അമ്മയുടെ സന്നിധിയില്‍ അമ്മയുടെ രൂപം പകര്‍ത്തുക, അത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. ഈ രംഗോലി ചെയ്യുമ്പോള്‍ മനസും ശരീരവും അമ്മയുടെ സമക്ഷം സമര്‍പ്പിച്ച ഒരു തപസ്യ തന്നെയായിരുന്നു. അമ്മയ്ക്ക് സമര്‍പ്പിച്ച ഈ രംഗോലി ഒരുമാസം വരെ മായ്ക്കാതെ ക്ഷേത്ര അധികൃതര്‍ കാത്തുസൂക്ഷിച്ച”തായി നിരൂപ സതീഷ് നന്ദിയോടെ സ്മരിക്കുന്നു.
വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ രംഗോലി ആര്‍ട്ട് ചെയ്ത് ക്ലബ്ബ് അംഗങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. കിറ്റ്സില്‍ എത്നിക് ടൂറിസം സെമിനാറിനോടനുബന്ധിച്ച് ദേവിയുടെയും വേതാളത്തിന്റെയും രൂപങ്ങള്‍ സമന്വയിപ്പിച്ച് രംഗോലി ചെയ്്തു. 2001 ല്‍ സരസ്വതിദേവിയെയും തുടര്‍ന്ന് മഹിഷാസുരമര്‍ദിനിയെയും പകര്‍ത്തി. 45 അടി നീളവും 40 അടി വീതിയുമുള്ള ശ്രീരംഗനാഥന്റെ രൂപം ഇതുവരെ ചെയ്ത രംഗോലിയില്‍ ഏറ്റവും വലുപ്പമേറിയതായിരുന്നു. ഇതിന് ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ അവാര്‍ഡ് ലഭിച്ചു.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് അനന്തപദ്മനാഭനെ രംഗോലിയില്‍ പകര്‍ത്തുകയാണ് അടുത്ത ലക്ഷ്യം.
മഞ്ഞള്‍പ്പൊടി, കരിപ്പൊടി, വിവിധ നിറങ്ങളിലുള്ള കുങ്കുമങ്ങള്‍ എന്നിവയാണ് രംഗോലിക്ക് ഉപയോഗിക്കുന്നത് ചിത്രത്തിന് സ്വാഭാവികത കൈവരിക്കാനായി നിറങ്ങള്‍ കലര്‍ത്തി ഉപയോഗിക്കുന്നു. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ ലൈബ്രേറിയനാണ് നിരൂപാ സതീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: