മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം വ്യാപാരദിനത്തിലും നഷ്ടക്കച്ചവടം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 149.05 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 46.55 പോയിന്റും കുറഞ്ഞാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. രണ്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ സെന്‍സെക്സ് 20,498.25 ലും നിഫ്റ്റി 6,073.70ലുമാണുള്ളത്. സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കുന്നതു തുടരുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനവും ഇതിന്റെ അനന്തരഫലമായി മൂലധന ഒഴുക്ക് പ്രതീക്ഷിച്ച് ഇടപാടുകാര്‍ ലാഭമെടുക്കലിലേക്കു തിരിഞ്ഞതുമാണ് ഇന്ത്യന്‍ ഓഹരിവിപണിയിലെ കിതപ്പിനു കാരണമായത്. ഏഷ്യ ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണികളുടെ ദുര്‍ബല പ്രകടനവും തകര്‍ച്ചയ്ക്കു കൂടുതല്‍ ഗതിവേഗം പകര്‍ന്നു. ബി.എസ്.ഇയില്‍ ബാങ്കിംഗ്, റിയല്‍റ്റി, ലോഹ, എണ്ണ, വാതക ഓഹരികള്‍ കടുത്ത വില്പനസമ്മര്ദത്തില് അകപ്പെട്ടപ്പോള്‍ ഉപഭോക്തൃ ഉല്പന്ന, വാഹന ഓഹരികള്‍ നേട്ടമുണ്ടാക്കി സൂചികയെ വന്പന് തകര്‍ച്ചയിലേക്കു കൂപ്പുകുത്താതെ കാത്തു. ബാങ്കിംഗ് അധിഷ്ഠിത ഓഹരികള്‍ക്ക് 2.67 ശതമാനവും റിയല്‍റ്റി അധിഷ്ഠിത ഓഹരികള്‍ക്ക് 2.60 ശതമാനവും ലോഹ ഓഹരികള്‍ക്ക് 2.52 ശതമാനവും എണ്ണവാതക ഓഹരികള്‍ക്ക് 1.08 ശതമാനവും നഷ്ടം നേരിട്ടു. സെസ സ്റ്റര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്പ്,ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ ഓഹരികള്‍ തിരിച്ചടി നേരിട്ടവയുടെ പട്ടികയിലെ മുന്‍പന്തിയിലുണ്ട്. ടാറ്റാ മോട്ടോഴ്സ്, ഭാരതി എന്നിവയ്ക്ക് ലാഭത്തില്‍ ഇടപാടുകള്‍ അവസാനിപ്പിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: