നോവല്‍
ചൊമാരി വന്നില്യേ?’ ഊരുക്ഷേത്രത്തിലെ ബലിക്കല്‍പ്പുരയിലേയ്ക്ക് ദ്വിവേദിയും അനിയനും കയറിയപ്പോള്‍ പാറാക്കര ചോദിച്ചു. ദ്വിവേദി പാറാക്കരയെ ഒരരുകിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. ‘വരില്യ. ചൊമാരിയുടെ അവിടെ ആര്‍ക്കോ വസൂരി തുടങ്ങിയിട്ടുണ്ട്. സഹോദരിയും കുഞ്ചുവും അടക്കം എല്ലാവരും അവിടെനിന്ന് ഒഴിഞ്ഞു പോന്നു എന്നും എല്ലാവരും എന്റെ ഇല്ലത്തെത്തിയിട്ടുണ്ടെന്നും ഇന്ന് യജ്ഞപുരത്ത് കാര്യസ്ഥന് വന്നു പറഞ്ഞു. ചൊമാരിയും പത്ത്നാടിയും മാത്രം വന്നിട്ടില്ല. ആര്‍ക്കാ എന്താന്ന് വ്യക്തമല്ല.’ ഊരു ദേശത്തിലെ ഒരുത്സാഹക്കാരന്‍ ആവാര്‍ത്ത ഏതോ നിധികിട്ടിയ ഉത്സാഹത്തോടെയാണ് കേട്ടത്. പതുക്കെ ക്ഷേത്രത്തില്‍ മുഴുവന്‍ ചൊമാരിയ്ക്ക് വസൂരി പിടിച്ചു എന്ന വാര്‍ത്ത പരന്നു. ആ കറുത്ത വാര്‍ത്ത യജ്ഞപുരത്തുകാരുടെ മുഖത്ത് വീഴ്ത്തിയ നിഴലിന് ഒരു വല്ലാത്ത നിറമായിരുന്നു. ഊരുഗ്രാമക്കാരോട് ചെയ്യുന്ന അതിക്രമത്തിന്റെ ഫലമാണ് ഇതെന്ന് അഗ്നിദത്തന്‍ നമ്പൂതിരി ഉറക്കെ പറയുമ്പോള്‍ അദ്ദേഹം ചെയ്ത മന്ത്രവാദങ്ങളുടെ ശക്തിയെ കുറിച്ച് ഉള്ളില്‍ അഹങ്കരിച്ചു.
പെരുങ്കൂറു വാഴുന്നവര്‍ ഊരുക്ഷേത്രത്തിലേയ്ക്ക് എഴുന്നൊള്ളിയപ്പോള്‍ പാറാക്കരയും പുലാപ്പിള്ളിയും ചേര്‍ന്ന് ആദരവോടെ സ്വീകരിച്ചു. സ്വീകരിയ്ക്കാന്‍ അഗ്നിദത്തന്‍ നമ്പൂതിരി എത്തിയിട്ടില്ലെന്നത് വാഴുന്നവരുടെ മന്ത്രി പ്രത്യേകം ശ്രദ്ധിച്ചു. വാഴുന്നവര്‍ കുളിയും തൊഴലും കഴിഞ്ഞ് വലിയമ്പലത്തിലെത്തിയപ്പോള്‍ അഗ്നിദത്തന്‍ നമ്പൂതിരിയെ അന്വേഷിച്ചു. അഗ്നിദത്തന്‍ നമ്പൂതിരി അത്യാവശ്യമായി അടുത്തുള്ള ഏതോ ഇല്ലത്തേയ്ക്ക് പോയിരിയ്ക്കുകയാണെന്ന് ആരോ പറഞ്ഞ മറുപടിയില്‍ അദ്ദേഹം വാഴുന്നവരെ ധിക്കരിയ്ക്കുന്നതിന്റെ ദുസ്സൂചനകളുണ്ടായിരുന്നു. ‘നമ്പൂതിരി വന്നാല്‍ എനിയ്ക്കൊന്നു കാണണം’ എന്നു വാഴുന്നവര്‍ കല്പ്പിച്ചു.
അപ്പോഴേയ്ക്കും കുറുങ്കൂറു വാഴുന്നവരുടെ ക്ഷേത്രങ്ങളിലെ തന്ത്രിയായ വരടിനമ്പൂതിരി അനിയന് ദ്വിവേദി കൃഷ്ണശര്‍മ്മ മുതലായവര്‍ വാഴുന്നവരെ മുഖം കാണിയ്ക്കാന്‍ വലിയമ്പലത്തിലേയ്ക്കു കയറി. വാഴുന്നവര്‍ ചൊമാരിയെ അന്വേഷിച്ചു. വസൂരി പിടിച്ചതിന്റെ കാര്യം പാറാക്കര ശബ്ദം താഴ്ത്തി അറിയിച്ചു. വിശദവിവരം അറിയാന്‍ വാഴുന്നവര്‍ മന്ത്രിയെ ചുമതലപ്പെടുത്താന്‍ തിരിഞ്ഞൊന്നു നോക്കിയപ്പോഴേയ്ക്കും ത്രിവിക്രമന്‍ നമ്പൂതിരി കയറിവന്നു. ‘പാതി തീയ്യിലും പാതിവെള്ളത്തിലും കലക്കും. ഗോവിന്ദന് പശുക്കളെ കയറൂരിവിടുകയാണ്.’ പിന്നെ തിരുമുറ്റത്തു നിന്നിരുന്ന കാലടിയുടെ അടുത്തുചെന്ന് ‘തീറ്റതടുത്താല്‍ തടികുറയും. അടിയും തടവും ഗോവിന്ദനൊരുപോലെ’ ആരോ ത്രിവിക്രമന്‍ നമ്പൂതിരിയെ പുറത്തേയ്ക്കു കൊണ്ടുപോയി. വരടി നമ്പൂതിരി യജ്ഞപുരത്തുനിന്നു വന്നവരെ ഓരോരുത്തരെയായി വാഴുന്നവര്‍ക്ക് പരിചയപ്പെടുത്തി. ദ്വിവേദിയെ പരിചയപ്പെടുത്തിയപ്പോള്‍ വാഴുന്നവര്‍ തിരുമുറ്റത്തു നിന്നിരുന്ന മന്ത്രിയെ നോക്കി. മന്ത്രി കയ്യിലിരുന്ന രണ്ടുകുത്തു മുണ്ടും പൊന്‍ കിഴിയും വാഴുന്നവരുടെ മുന്നില്‍ വച്ചു. വാഴുന്നവര്‍ അവ ദ്വിവേദിയുടെ കാല്ക്കല് വെച്ചു നമസ്കരിച്ചു. ‘തെറ്റ് പറ്റിയതിന് മാപ്പു തരണം’ എന്നപേക്ഷിച്ചു ദ്വിവേദി അവ സ്വീകരിച്ച് കിഴിയില്‍ നിന്ന് കുറച്ചു പണം എടുത്ത് തേവരുടെ നടയ്ക്കല്‍ കൊണ്ടുപോയി വെച്ചു നമസ്കരിച്ചു. മടങ്ങി വലിയമ്പലത്തില്‍ വന്ന് വാഴുന്നവരുമായി കുറച്ചു നേരം ലോഗ്യം പറഞ്ഞുകൊണ്ടു നിന്നപ്പോഴേയ്ക്കും ഊരില്‍ തേവരുടെ ഉച്ചപ്പൂജ ആരംഭിച്ചു. വരടി നമ്പൂതിരി മുതലായവര്‍ ഇലവെയ്ക്കാന്‍ പാകത്തില്‍ വലിയമ്പലത്തില്‍ നിന്ന് ഇറങ്ങി നിന്നു. വാഴുന്നവര്‍ അമ്പലത്തിന്റെ അടുത്തുള്ള പത്തായപ്പുരയിലേയ്ക്ക് എഴുന്നൊള്ളി. വാഴുന്നവര്‍ ഉച്ചപ്പൂജ നടതുറന്നു തൊഴുതിട്ടേ ഭക്ഷണം കഴിയ്ക്കുകയുള്ളൂ. അതു കഴിഞ്ഞാല്‍ മുതലായ പുതുതായി വന്നവരെയും പാറാക്കര മുതലായവരേയും ബഹുമാനിയ്ക്കുന്ന ചടങ്ങ് വലിയമ്പലത്തില്‍ വെച്ച് നടത്തും.
തേവരുടെ ഉച്ചപ്പൂജയ്ക്കുള്ള നിവേദ്യത്തിനിടയ്ക്ക് ഭക്ഷണം കൊടുക്കുന്ന ചടങ്ങിനാണ് നമസ്കാരം എന്നു പറയുന്നത്. രാജാജ്ഞ ഉള്ളതുകൊണ്ട് യജ്ഞപുരത്തേയും ഊരിലേയും ഒരുവിധം നമ്പൂതിരിമാരെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ട്. വിളമ്പാനുള്ളവര്‍ തയ്യാറായിക്കഴിഞ്ഞു. മാന്യസ്ഥാനത്ത് ദ്വിവേദിയാണിരിയ്ക്കുന്നത്. പണ്ട് സൗരാഷ്ട്രക്കാരോട് വാഴുന്നവര്‍ ചെയ്ത ക്രൂരതയ്ക്കുള്ള പ്രായശ്ചിത്തം കൂടിയാണ് നമസ്കാരം. ദ്വിവേദിയുടെ തുടര്‍ന്ന് കൃഷ്ണശര്‍മ്മ, കേശവന്, രവി എന്നു തുടങ്ങി പുതുതായി വന്നവരിരുന്നു. അതിനുശേഷം വരടി നമ്പൂതിരി, അനിയന് പാറാക്കര, കുന്നം ഓതിയ്ക്കന്‍ പുലാപ്പള്ളി അങ്ങിനെ ഊരിലേയും യജ്ഞപുരത്തേയും നമ്പൂതിരിമാര്‍ ഇടകലര്‍ന്ന് ഇരുന്നു. മേല്‍ശാന്തി കുടിയ്ക്കുനീര്‍ വീഴ്ത്താന്‍ വലിയമ്പലത്തിലേയ്ക്ക് കയറിയപ്പോള്‍ അഗ്നിദത്തന്‍ നമ്പൂതിരി ഉപസ്തരിയ്ക്കാന്‍ നെയ്യെടുത്തു നില്ക്കുന്ന ആളുടെ അടുത്തുനിന്ന് അത് വാങ്ങി. കാലടി ചോറും, അഗ്നിദത്തന്‍ നമ്പൂതിരിയുടെ ശിങ്കിടികളില്‍ ഒരാള്‍ ഉപ്പേരിയും എറ്റെടുത്തു. ഇലയ്ക്ക് വെള്ളം കൊടുത്തപ്പോള്‍ ദ്വിവേദി, കൃഷ്ണശര്‍മ്മ, കേശവന്, രവി എന്നിവരെ ഒഴിവാക്കി വരടി നമ്പൂതിരി മുതലായുള്ളവര്‍ക്ക് കാലടി ചോറു വിളമ്പി. ഉപ്പേരി വിളമ്പിയപ്പോള്‍ അഗ്നിദത്തന്‍ നമ്പൂതിരി ഉപസ്തരിച്ചു. വലിയമ്പലം മുഴുവന്‍ ആ കാഴ്ചകണ്ട് തരിച്ചു നിന്നു. ഈ അപമാനം കണ്ട് ദ്വിവേദി മുതലായവര്‍ അന്ധാളിച്ചിരിയ്ക്കുമ്പോള്‍ വരടി നമ്പൂതിരി കുടിയ്ക്കു നീരിന് കൈകാണിച്ചു. അഗ്നിദത്തന്‍ നമ്പൂതിരി മേല്‍ശാന്തിയോട് കുടിയ്ക്കു നീര് വീഴ്ത്തുവാന്‍ ആജ്ഞാപിച്ചു. ആകെ പരിഭ്രമിച്ചു നിന്നിരുന്ന മേല്‍ശാന്തി കുടിയ്ക്കു നീര് വീഴ്ത്തുകയും ചെയ്തു. വരടി നമ്പൂതിരി ഒന്നും സംഭവിയ്ക്കാത്ത മട്ടില്‍ അഞ്ചു പ്രാണാഹുതി മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലി ഏതാനും വറ്റുകള്‍ അകത്താക്കി, കൈകഴുകാന്‍ വെച്ചിരുന്ന കിണ്ടിയില്‍നിന്ന് വെള്ളം കയ്യിലെടുത്ത് ‘അമൃതാപിധാനമസി’ എന്ന് വലിയമ്പലം മുഴങ്ങുവാന്‍ പാകത്തില്‍ ചൊല്ലി ഊണു കഴിഞ്ഞുള്ള കുടിയ്ക്കു നീര് കുടിച്ച് കിണ്ടി അനിയന് കൈമാറിക്കൊണ്ട് പറഞ്ഞു. ‘നമുക്ക് ഊരില്‍ തേവരുടെ നമസ്കാരത്തിന് ഊണുകഴിച്ചില്ലെന്ന് ദോഷം വേണ്ട. അതുകൊണ്ടാണ് പ്രാണാഹുതിയിട്ടത്.’ എന്നു പറഞ്ഞുകൊണ്ട് ഇടത്തേ കൈ കുത്തി പതുക്കെ എണീറ്റു. തുടര്‍ന്ന് അനിയനും പാറാക്കരയും കുന്നം ഓതിയ്ക്കനും മറ്റും വരടി നമ്പൂതിരിയെ അനുകരിച്ചുകൊണ്ട് പ്രാണാഹുതികൊണ്ട് ഊണു മതിയാക്കി. കാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ വലിയമ്പലത്തിലുണ്ടായിരുന്ന ഒരുവിധം ആളുകളെല്ലാം അഗ്നിദത്തന്‍ നമ്പൂതിരിയേയും കാലടിയേയും ശപിച്ചുകൊണ്ട് എണീറ്റു. കുറച്ചുപേര്‍ എന്തു ചെയ്യണമെന്നറിയാതെ ഇരുന്നിടത്തുതന്നെ ഇരുന്നു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: