അങ്കമാലി: അങ്കമാലിയിലെ പഴയ മാര്‍ക്കറ്റ് റോഡില്‍ കള്ളനോട്ട് മാറാന്‍ ശ്രമിച്ച സംഭവത്തില്‍ അനേഷ്വണം പോലീസ് ശക്തമാക്കി. പിടികൂടിയ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പൂക്കാട്ടുപടി കൊഴുവേലിപടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 29 കള്ളനോട്ടുകളും 25000 രൂപയും പിടിച്ചെടുത്തു. പിടിയിലായ സമയത്ത് 16 കള്ളനോട്ടുകള്‍ ഇവരില്‍നിന്നും പിടിക്കൂടിയിരുന്നു. ബംഗാളില്‍നിന്നും 2 ലക്ഷം രൂപയോളം ആയിരത്തിന്റെ നോട്ടുകള്‍ എറണാകുളം ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ചതായി ഇവരെ ചോദ്യം ചെയ്തതില്‍നിന്നും വ്യക്തമായിട്ടുണ്ട്.
ബംഗാളില്‍നിന്നും നോട്ടുകള്‍ എറണാകുളത്ത് എത്തിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ വഴി കേരളത്തില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എസ്പി സതീഷ് ബിനു, ഇന്റേരിയണ്സ് ഡിവൈഎസ്പി അജിത്ത്, സ്റ്റേറ്റ് സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാബു മാത്യു, ആലുവ ഡിവൈഎസ്പി സനല്‍കുമാര്‍ എന്നിവര്‍ അങ്കമാലിയില്‍ എത്തി കള്ളനോട്ട് വിതരണം ചെയ്തതില്‍ പിടിയിലായ അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യുന്നുണ്ട്.
അങ്കമാലി പഴയ മാര്‍ക്കറ്റ് റോഡിലുള്ള കടകളില്‍ കള്ളനോട്ട് മാറാന്‍ ശ്രമിച്ച മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെയാണ് വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ പിടികൂടിയത്. ആയിരം രൂപയുടെ 16 നോട്ടുകളായിരുന്നു പ്രതികളുടെ കൈവശം ഉണ്ടായിരുന്നത്. ഓരോ കടകളിലും ആയിരത്തിന്റെ നോട്ട് കൊടുത്ത് പണി ആയുധനങ്ങളും സോപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങുകയായിരുന്നു.
വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലയിലെ ദൗലത്താബാദ് സ്വദേശികളായ ജോയ്ത് ഷേക് മകന് മുകള്‍ ഷേയ്ക് (26), മുഹറം ഷേയ്ഖ് മകന് നജ്മല്‍ ഷേയ്ഖ് (26), ജാഫര്‍ അലി ഷേയ്ഖ് മകന് മിറാജ്ജൂല്‍ (27) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഇവരെ പോലീസ് കോടതിയില്‍ ഹാജരാക്കി. 25 ആയിരത്തിന്റെ നോട്ടുകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. 9 നോട്ടുകള്‍ ഇവര്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി മാറിയിരുന്നു. ഇവരുടെ പക്കല്‍ കണ്ട ആയിരത്തിന്റെ നോട്ടില്‍ സംശയം തോന്നിയ പഴയ മാര്‍ക്കറ്റ് റോഡിലെ ചുമട്ട് തൊഴിലാളികള്‍ നല്കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടിക്കൂടാന്‍ കഴിഞ്ഞത്. 4ഡിപി സീരിയല്‍ നമ്പറുകളിലുള്ള നോട്ടുകളാണ് കള്ളനോട്ടുകളായി ഇറങ്ങിയിട്ടുള്ളത്. പിടിക്കൂടി കള്ളനോട്ടുകള്‍ അങ്കമാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ പോലീസ് പരിശോധിച്ചതിനുശേഷമാണ് പിടിക്കൂടിയ നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് സ്ഥിരീകരിച്ചത്. ഒറ്റയടിക്ക് യഥാര്ത്ഥനോട്ടുകളെന്ന് തോന്നിപ്പിക്കുന്നവിധം വളരെ സാമ്യമുള്ള നോട്ടുകളായിരുന്നു പിടികൂടിയ കള്ളനോട്ടുകള്‍.
കള്ളനോട്ട് ചെലവാക്കി കഴിഞ്ഞാല്‍ നോട്ട് നല്കിയവര് ഓരോ നോട്ടിനും 200 രൂപ വച്ച് നല്‍കാമെന്ന് പറഞ്ഞതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പണം നല്കിയ സ്രോതസ്സ് പോലീസ് അന്വേഷിച്ചു വരികയാണ്. പിടിയിലായ അന്യസംസ്ഥാന തൊഴിലാളികള്‍ അങ്കമാലി, ആലുവ, എറണാകുളം പ്രദേശങ്ങളില്‍ നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്നവരാണ്. കള്ളനോട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള സീരിയല്‍ നമ്പറുകളെക്കുറിച്ചുള്ള വിശദ വിവരം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ സീരിയല്‍ നമ്പറില്‍ പെട്ട നോട്ടുകള്‍ ലഭിക്കുന്നവര്‍ അങ്കമാലി പോലീസ് സ്റ്റേഷനില്‍ നേരിട്ടോ അല്ലാതെയോ അറിയിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: