മട്ടാഞ്ചേരി: തകര്‍ന്ന റോഡില്‍ രൂക്ഷമായ പൊടിശല്യംമൂലം ദുരിതമനുഭവിക്കുന്ന കണ്ണമാലി നിവാസികള്‍ക്കായി ബിജെപി പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചു. ഫോര്‍ട്ടുകൊച്ചിയിലെ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങള്‍ക്കുനേരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവും വകുപ്പും നടത്തുന്ന അവഗണനയാണ് ഇത് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചെല്ലാനം പാണ്ടിക്കുടി റോഡില്‍ കണ്ടക്കടവ് മുതല്‍ കണ്ണമാലി വരെയുള്ള ഭാഗത്തെ റോഡ് നിര്‍മ്മാണത്തിലെ കാലതാമസം ഒഴിവാക്കി അടിയന്തരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.എസ്.സുരേഷ് ആവശ്യപ്പെട്ടു. പി.ഡി.പ്രവീണ്‍ അധ്യക്ഷത വഹിച്ചു. റോഡ് നിര്‍മ്മാണത്തിലെ കാലതാമസം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള മൂന്നാംഘട്ട സമരമാണ് ഫോര്‍ട്ടുകൊച്ചി ഉപരോധമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഓഫീസ് പ്രവര്‍ത്തന ഉപരോധമടക്കമുള്ള ശക്തമായ സമരത്തിന് ബിജെപി മുന്നിട്ടിറങ്ങുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഉപരോധസമരത്തില്‍ പി.എസ്.നവീന്‍ കുമാര്‍, എ.എ.ജോസഫ്, സി.എസ്.രാജേഷ്, രാമരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: