തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസി സിബി ഐ അന്വേഷണം വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇരുവരുടെയും അഭിപ്രായം വേണ്ടവിധത്തില്‍ പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റിയെടുക്കുകയെന്നതാണ് ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ തന്റെ പ്രഥമ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സാഹചര്യമാണ് വേണ്ടത്. ഇതിനാവശ്യമായ നടപടികള്‍ക്ക് മുന്‍ഗണന നല്‍കും. സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊലീസ് സേനയില്‍ കൂടുതല്‍ വനിതകളെ നിയോഗിക്കും. വനിതാ പൊലീസിനെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ രണ്ടുദിവസത്തിനുള്ളില്‍ ആരംഭിക്കും. എസ്ഐ ഉള്‍പ്പെടെയുള്ള ഉന്നതസ്ഥാനങ്ങള്‍ വനിതകള്‍ക്കായി നീക്കിവെയ്ക്കും.
വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും രാഷട്രീയ താത്പര്യങ്ങള്‍ക്കായി വിജിലന്‍സിനെ ഉപയോഗിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. വിജിലന്‍സിന്റെ പ്രവര്‍ത്തനം തികച്ചും സുതാര്യമായ രീതിയിലാണെന്ന് ഉറപ്പുവരുത്തും. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത പ്രധാനമാണ്. അത് നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഗുണ്ടാ മാഫിയാ സംഘങ്ങളെ കര്‍ശനമായി നിയന്ത്രിക്കും. സലിംരാജിന്റെ കേസ് സിബിഐ അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. സിബിഐ അന്വേഷിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പോലീസിലെ ക്രിമിനല്‍ ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ക്രിമിനല്‍-പോലീസ് കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഒപ്പം പോലീസിലെ രാഷ്ട്രീയ വത്കരണത്തെ കുറിച്ചും അന്വേഷിക്കും.
പോലീസിന്റെ മാഫിയ ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വെളിപ്പെടുത്തണമെന്ന മുന്‍ ഡിജിപിയുടെ സര്‍ക്കുലര്‍ പിന്‍വലിച്ചത് അതിന് ആവശ്യമായി നിയമപിന്ബലമില്ലാത്തിനാലാണ്. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിഷയം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെക്കുറിച്ച് കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കെപിസിസി പ്രസിഡന്റിന്റെ പദവി ഔദ്യോഗികമായി ഒഴിഞ്ഞിട്ടില്ലെങ്കിലും ഒഴിഞ്ഞതു പോലെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ പ്രസിഡന്റ് വരുന്നതുവരെ തുടരുന്നുവെന്നേയുള്ളൂ. തന്റെ പിന്‍ഗാമി ആരാകണമെന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് നിര്‍ദേശം ആവശ്യപ്പെട്ടാല്‍ പറയും.
എന്‍എസ്എസുമായി നല്ല ബന്ധമാണ് എന്നും സൂക്ഷിച്ചിട്ടുള്ളത്. ബാലകൃഷ്ണപിള്ള യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. തനിക്ക് ഔദ്യോഗിക വസതി ആവശ്യമില്ലെന്നാണ് നിലപാട്. തിരുവനന്തപുരത്ത് സ്വന്തമായി വീട് ഉള്ളതിനാലാണ് ഔദ്യോഗിക വസതി വേണ്ടെന്ന് താന്‍ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് പി.പി. ജെയിംസ്, സെക്രട്ടറി ബിജു ചന്ദ്ര ശേഖര്‍, ട്രഷറര്‍ ജയന് മേനോന് എന്നിവര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: