തൃശൂര്‍: മലയാള നാടകവേദിക്ക് പുതിയ രംഗഭാഷ ഒരുക്കിയ ജി.ശങ്കരപ്പിളളയുടെ പ്രഥമ നാടകമായ സ്നേഹദൂതന്‍ വീണ്ടും അരങ്ങിലെത്തി. ശങ്കരപിള്ളയുടെ ചരമവാര്ഷികദിനത്തോടനുബന്ധിച്ച്് സാഹിത്യ അക്കാദമി ഹാളിലാണ് നാടകം അരങ്ങേറിയത്.
സിദ്ധാര്‍ത്ഥ രാജകുമാരനില്‍ നിന്നും ശ്രീബുദ്ധനിലേക്കുള്ള യാത്രയാണ് നാടകത്തിന്റെ ഇതിവൃത്തം. കാലത്തിനനുസരിച്ചുള്ള മാറ്റത്തോടെ സനേഹദൂതന് ഇക്കുറി രംഗഭാഷ്യം ചമച്ചത് നാടകരംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കെ.വി.ഗണേഷാണ്. പത്രപ്രവര്‍ത്തകനും സിനിമ-ടിവി നടനുമായ രാജേഷ് കുറുമാലി സിദ്ധാര്‍ത്ഥ രാജകുമാരന് ജീവന് നല്കി. ഛന്ദനായി ബൈജു ഗംഗാധരനും, ശുദ്ധോധനനായി ഹബീബ്ഖാനും, യശോധരയായി സിന്ധുവും കൂടാതെ സുധാകരന്, രാജു, ശശി, സുജാത ജനനേത്രി, ബാലഗോപാല്‍ തുടങ്ങിയവരും അരങ്ങിലെത്തി.
സംഗീതം സത്യജിത്തും, രംഗസജ്ജീകരണം ഗിരീശന്മാഷും, പ്രകാശ വിന്യാസം ജോസ് കോശിയും നിര്‍വ്വഹിച്ചു. 1956ല്‍ രചിക്കപ്പെട്ട ഈ നാടകം വിവിധ പ്രതിഭകളാല്‍ പലവട്ടം അരങ്ങിലെത്തിയിരുന്നു. രംഗചേതനയിലെ കലാകാരന്മാരാണ് നാടകം അരങ്ങിലെത്തിച്ചത്. ശങ്കരപ്പിള്ളയുടെ 25-ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ നാടകാവതരണമാണ് രംഗചേതന ഒരുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: