ഇടുക്കി : തേക്കടിയില്‍ ബോട്ടുയാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കാതെ ദൂരെനിന്നെത്തുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി മടങ്ങുന്നു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചു. സീസണ് ആരംഭിച്ചതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ദിനംപ്രതി തേക്കടിയില്‍ എത്തുന്നത്. സഞ്ചാരികളുടെ പ്രധാന ലക്ഷ്യം തേക്കടി തടാകത്തിലൂടെയുള്ള ബോട്ട് സവാരിയാണ്. തേക്കടിയുടെ മനോഹാരിത തടാകക്കരയില്‍ നിന്ന് ആസ്വദിക്കാന്‍ മാത്രമാണ് ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക് കഴിയുന്നത്.
വിവിധ ഇക്കോ ടൂറിസം പരിപാടികള്‍ തേക്കടിയില്‍ നടത്തുന്നുണ്ടെങ്കിലും ബോട്ട് സവാരിക്കായാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെയെത്തുന്നത്. കെടിഡിസിയും വനംവകുപ്പുമാണ് തേക്കടി തടാകത്തില്‍ ബോട്ടിങ് നടത്തുന്നത്. വനംവകുപ്പിന്റെ രണ്ടു ബോട്ടുകളും കെടിഡിസി യുടെ മൂന്ന് ബോട്ടുകളുമാണ് ജലയാത്രക്കുള്ളത്. ഒരുദിവസം ഒന്നര മണിക്കൂര്‍ വീതമുള്ള അഞ്ച് സര്‍വീസുകളാണ് നടത്തുന്നത്. വനംവകുപ്പിന്റെ രണ്ട് ബോട്ടുകളില്‍ ഒരേസമയം 120 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുമ്പോള്‍ കെടിഡിസിയുടെ ബോട്ടുകളിള്‍ 212 ആളുകള്‍ക്ക് സര്‍വീസ് നടത്താം. ഒരു ദിവസം അഞ്ച് സര്‍വീസുകളിലുമായി 1660 ആളുകള്‍ക്കു മാത്രമാണ് ബോട്ട്യാത്ര ചെയ്യാന്‍ കഴിയുകയുള്ളു. ഇതേസമയം കെടിഡിസിയും വനംവകുപ്പും 25 ശതമാനം ബോട്ട് ടിക്കറ്റ് 500 രൂപാ നിരക്കില്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്നുണ്ട്. വിഐപികളും, വിവിഐപികളും തേക്കടിയിലെത്തുമ്പോള്‍ ഇവര്‍ക്കായി ടിക്കറ്റ് മാറ്റിവയ്ക്കുന്നതിനാല്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് സാധാരണക്കാരാണ്. ഇക്കാരണങ്ങളാല്‍ ടിക്കറ്റ് ലഭിക്കാതെ തേക്കടിയിലെത്തുന്ന സ്ത്രീകളും കുട്ടികളും വിദേശികളും അടക്കമുള്ളവര്‍ നിരാശരായി മടങ്ങുകയാണു പതിവ്.
തേക്കടിയിലെ വനം വകുപ്പ് എന്‍ട്രന്‍സ് ചെക്പോസ്റ്റിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ മാസം 24 മുതല്‍ 30 വരെ തേക്കടിയിലെത്തിയത് 36,598 ആളുകളാണ്. ഇതില്‍ 35,083 പേര് സ്വദേശികളും 1,515 പേര് വിദേശികളുമാണ്. ഇരുചക്രവാഹനങ്ങള്‍ അടക്കം 5453 വാഹനങ്ങളാണ് ഈ ദിവസങ്ങളില്‍ വിനോദസഞ്ചാരികളുമായി തേക്കടിയിലെത്തിയത്. ഈ സീസണില്‍ 26നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ തേക്കടിയിലെത്തിയത്. 189 വിദേശികള്‍ ഉള്‍പ്പടെ 6103 സഞ്ചാരികള്‍ ഈ ദിവസം തേക്കടിയിലെത്തി.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: