ഹരിപ്പാട്: സ്വകാര്യമേഖലയ്ക്ക് മേല്‍കൈയുള്ള നിര്‍ദ്ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളേജിനു എന്‍ടിപിസിയുടെ സ്ഥലം ഏറ്റെടുത്തുള്ള വിജഞ്ഞാപനം ഇറങ്ങി. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച കേസ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ആരോഗ്യവകുപ്പിന്റെ ധൃതിപിടിച്ച ഈ വിവാദ നീക്കം. ഇതിനെതിരെ പ്രക്ഷോഭത്തിനും നിയമ നടപടിക്കും ഒരുങ്ങുകയാണ് നാട്ടുകാര്‍.
വരാന്‍ പോകുന്ന മെഡിക്കല്‍ കോളജിന്റെ പൂര്‍ണ നിയന്ത്രണം സംസ്ഥാന സര്ക്കാരിനാണോയെന്നതു സംബന്ധിച്ച അവ്യക്തത നിലനില്‍ക്കെയാണ് സ്ഥലമെടുപ്പു വിജ്ഞാപനം.
ചിങ്ങോലി നങ്ങ്യാര്‍കുളങ്ങര ജങ്ങ്ഷന് തെക്ക് ദേശീയപാതയോട് ചേര്‍ന്ന 25 ഏക്കര്‍ ഭൂമിയണ് എടുക്കുന്നത്. സര്വ്വേരേഖകളില് പാടമെന്ന് രേഖപ്പെടുത്തിയിട്ടുള്ള 56ഉം പുരയിടവിഭാഗത്തിലുള്ള 53ഉം ഒരു കുളവും ചേര്‍ന്നതാണ് ഭൂമി. ഇത് കായംകുളം താപനിലയത്തിനു വേണ്ടി 1988ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നല്കിയതും നിലയത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് ആവശ്യമെന്ന് എന്‍ടിപിസി അധികൃതര്‍ സര്‍ക്കാരിനെയും കോടതിയേയും അറിയിക്കുകയും ചെയ്തിട്ടുള്ളതുമാണ്. താപനിലയത്തിന്റെ വികസനത്തിന് മറ്റു ഭൂമിയില്ലാത്തതിനാല്‍ മറ്റാവശ്യങ്ങള്‍ക്കായി വിട്ടുനല്‍കാന്‍ കഴിയില്ലെന്നതു സംബന്ധിച്ച എന്‍ടിപിസിയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് ജനുവരി മൂന്നാം വാരത്തിലേക്കു മാറ്റിയിരിക്കുകയാണ്.
രണ്ട് വര്‍ഷം മുമ്പ് നങ്ങ്യാര്‍കുളങ്ങരയിലെ ഒരു സ്വകാര്യ ചടങ്ങിലാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജ് എന്ന ആശയം ഉയര്‍ന്നു വന്നത്. നെടുമ്പാശേരിയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം നിര്‍മിച്ച മാതൃകയില്‍ മെഡിക്കല്‍ കോളെജെന്ന നിര്‍ദ്ദേശം രമേശ് ചെന്നിത്തല എംഎല്‍എയാണ് മുന്നോട്ടു വച്ചത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ രണ്ട് ഉത്തരവുകളിലും മെഡിക്കല്‍ കോളേജിലെ സര്‍ക്കാര്‍ പങ്കാളിത്തം സംബന്ധിച്ച വ്യക്തതയില്ലാത്തത് സംശയങ്ങള്‍ക്കിടയാക്കുന്നു.
മെഡിക്കല്‍ കോളേജ് പദ്ധതി സംബന്ധിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ആരോഗ്യകുടുംബ ക്ഷേമ വകുപ്പിന് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനെന്ന പേരിലാണ് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്.
ആലപ്പുഴ-കായംകുളം ദേശീയപാതയില്‍ 25 ഏക്കര്‍ വസ്തുവിന് 200 കോടിയിലധികം രൂപ വിലമതിക്കുന്നതാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്ന സമയം നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കി നിസാരതുക നല്‍കിയാണ് കായംകുളം താപവൈദ്യുതനിലയം എന്ന പേരില്‍ ഇറക്കി വിട്ടത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്ഥലമെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമ്പോള്‍ പറയുന്നത് ഹരിപ്പാട് നിയോജക മണ്ഡലത്തിലെ എപിഎല്‍/ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപവരെയുള്ള ചികിത്സ സൗജന്യമായി നല്‍കുമെന്നാണ്. ജില്ലയില്‍ ഇത് ഒരു ലക്ഷമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഭരണകക്ഷി എംഎല്‍എയുടെ നീക്കത്തോട് സിപിഎമ്മും അനുകൂല നിലപാടിലാണ്. എന്നാല്‍ സ്ഥലമേറ്റെടുക്കാനുള്ള നീക്കം കായംകുളം താപവൈദ്യുതനിലയത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന് ചൂണ്ടിക്കാണിച്ച് പൊതുതാല്‍പ്പര്യഹര്‍ജി നല്കാന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
കെ. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: