പത്തനംതിട്ട : സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ആദ്യനിയമസഭയിലെ പ്രോട്ടേം സ്പീക്കറുമായിരുന്ന മല്ലപ്പള്ളി കുന്നന്താനം പാമല പുളിമൂട്ടില്‍ റോസമ്മ പുന്നൂസിന്റെ (100) സംസ്കാരം ഇന്ന് നടക്കും. തിരുവല്ല വാരിക്കോട് സെഹിയോന്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ വൈകുന്നേരം 4.30ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരം. കഴിഞ്ഞ ശനിയാഴ്ച ഒമാനിലെ സലാലയില്‍ അന്തരിച്ച റോസമ്മ പുന്നൂസിന്റെ മൃതദേഹം എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചു. മൃതദേഹത്തോടൊപ്പം മകന് തോമസ് പുന്നൂസും മരുമകള്‍ ആലിസും കുടുംബവുമുണ്ടായിരുന്നു.
രാത്രിയില്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിക്കും. വീട്ടിലെ സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നിന് മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ശേഷം സംസ്കാരത്തിനായി വിലാപയാത്രയായി തിരുവല്ല വാരിക്കോട് സെഹിയോന്‍ മാര്‍ത്തോമ പള്ളിയിലെത്തിക്കും.
സംസ്കാര ചടങ്ങുകള്‍ക്ക് മാര്‍ത്തോമ മെത്രാപോലീത്ത ജോസഫ് മാര്‍ത്തോമ മുഖ്യകാര്‍മ്മികത്വം വഹിക്കും. സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, സ്പീക്കര്‍ ജി കാര്ത്തികേയന്, മന്ത്രിമാര്‍, എം എല്‍് എമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: