കല്ലും മണ്ണും സസ്യങ്ങളും ജന്തുക്കളും പ്രത്യക്ഷപ്പെട്ട് എത്രയോ കാലം കഴിഞ്ഞാണ് പ്രകൃതി മനുഷ്യന് രൂപം നല്‍കിയത്. സൃഷ്ടിയുടെ എല്ലാ മണ്ഡലങ്ങളും ആസ്വദിക്കുന്നതിനായി മനുഷ്യനിലൂടെ ദിവ്യമായ ഒരു ഉപകരണം വാര്‍ത്തെടുക്കുകയാണ് ആ മഹാശക്തി. പരിണാമത്തിന്റെ ഉയര്‍ന്ന രൂപങ്ങളായ മനുഷ്യശരീരവും മനസ്സും ബുദ്ധിയും ഇനിയും മാറ്റങ്ങള്‍ക്ക് വിധേയമായി ദിവ്യത്വം പ്രാപിച്ചാല്‍ മാത്രമേ പ്രപഞ്ചത്തിന്റെ വൈഭവങ്ങള് പൂര്‍ണമായി ആസ്വദിക്കാന്‍ പറ്റുകയുള്ളൂ. അത് പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് പ്രകൃതി നമ്മിലൂടെ നിര്‍വ്വഹിക്കുന്നത്. ആ ദിവ്യമായ മാറ്റത്തിന് സ്വയം സമര്‍പ്പിക്കാനാണ് കാലം നമ്മോടാവശ്യപ്പെടുന്നത്. സുഖവും ദുഃഖവും മാറിമാറി തന്നുകൊണ്ട് ശരിയായ വഴിയിലേക്ക് നമ്മെ പിന്നില്‍ നിന്ന് പ്രേരിപ്പിക്കുകയാണ് കാലം. ജീവിത പ്രശ്നങ്ങളില്‍ ഞെരുങ്ങി നമ്മുടെ തിരിച്ചറിവിന് മങ്ങലേറ്റിരിക്കുന്നു. ശരീരവും മനസ്സും താളം തെറ്റി പരസ്പരം ദ്രോഹിക്കുന്നു. അതിനാല്‍ അന്തഃസത്തയുടെ ആവശ്യം മനസ്സിലാക്കാനോ നമുക്ക് വേണ്ടത് എന്താണെന്ന് നിശ്ചയിക്കാനോ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കാലം ഒരുക്കുന്ന സന്ദര്‍ഭങ്ങളും കാലം നമ്മോടാവശ്യപ്പെടുന്നതും മനസ്സിലാക്കാനും കഴിയുന്നില്ല. തെറ്റിയ താളക്രമങ്ങള്‍ പൊരുത്തപ്പെടുത്തി ജീവിതം ശാന്തമാവുമ്പോള്‍ ഈ കാര്യങ്ങള്‍ എളുപ്പം തിരിച്ചറിയാം. അതില്‍ തെറ്റുവരാനുള്ള സാധ്യതയും വളരെ കുറവാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: