ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലാണ് പ്രസിദ്ധമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം. പമ്പയാറും മണിമലയാറും കൈകോര്‍ക്കുന്ന ഇവിടെ ആലപ്പുഴ-പത്തനംതിട്ട ജില്ലകള്‍ മുട്ടിയുരുമ്മുന്നു. ബസ്സിറങ്ങിയാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ ഇടതുവശത്ത് പാടം. പാടത്തിനരുകളില്‍ പുരാതനമായ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഐതിഹ്യമായി ബന്ധപ്പെട്ട കാട്ടിലെ കുളത്തിലെ വെള്ളത്തിന് ചക്കരയുടെ മധുരമായിരുന്നു. അതുകൊണ്ട് ചക്കരകുളമെന്ന പേരുവന്നു. പിന്നീട് ചക്കുളമായി- ചക്കുളത്തുകാവ് എന്ന് പ്രസിദ്ധമാവുകയും ചെയ്തു. ശ്രീകോവിലില്‍ ദേവി-ദുര്‍ഗ്ഗ സ്വയംഭൂവായി വിരാജിക്കുന്നു. ശിവന്, ഗണപതി, വിഷ്ണു, ശാസ്താവ്, നാഗം, മുരുകന്, ആനമറുത, നവഗ്രഹങ്ങള്‍, യക്ഷി ഇവരില്‍ യക്ഷിക്ക് പ്രധാന്യം പായസവും തെരളിയും. വറപൊടിയും, നിരവധി വഴിപാടുകളില്‍ പ്രധാനപ്പെട്ടവ. ചക്കുളത്തമ്മയ്ക്ക് കുട്ടികളോടുള്ള വാത്സല്യം പ്രസിദ്ധമാണല്ലോ. ബാലാരിഷ്ടതകള്‍ മാറാനും കുട്ടികളില്‍ ബുദ്ധിയും ശ്രദ്ധയും ഉണ്ടാകുവാനും ഈ വഴിപാട് നടത്താറുണ്ട്.
പണ്ട് ഈ പ്രദേശം ഘോരസര്‍പ്പങ്ങള്‍ നിറഞ്ഞ വനപ്രദേശമായിരുന്നു. അക്കാലത്ത് ഒരു വേടന് ഭാര്യയോടും കുട്ടികളോടും കൂടി വിറക് ശേഖരിക്കാന്‍ കാട്ടില്ലെത്തി. ഉള്ളിലേക്ക് കടന്നപ്പോള്‍ ഒരു സര്‍പ്പം ചീറ്റിയെടുത്തു. അയാള്‍ കയ്യിലിരുന്ന കോടാലികൊണ്ട് അതിനെ വെട്ടി. അതു ചത്തില്ല. കാടിനുള്ളിലേയ്ക്ക് പോയി. വേദനിച്ച സര്‍പ്പം രക്ഷപ്പെട്ടതില്‍ വേടന് ഭയമായി. അതിനെ കണ്ടുപിടിച്ച് കൊല്ലാന്‍ തന്നെ തീര്‍ച്ചയാക്കി. ഒരു ചിതല്‍പുറ്റിനകത്തിരിക്കുന്നതായി കണ്ടു. വീണ്ടും അയാള്‍ വെട്ടാന്‍ തുടങ്ങി. വെട്ടൊന്നും അതിനേറ്റില്ല. ചോരപ്പാടല്ലാതെ അതിനെ പിന്നെ അവിടെങ്ങും കണ്ടില്ല. ഇളകിയ ചിതല്‍പുറ്റിനകത്തുനിന്നും വെള്ളമൊഴുകാന്‍ തുടങ്ങി. വേടന് പേടി വര്‍ദ്ധിച്ചു.അപ്പോഴേക്കും ഭാര്യയും മകനും അയാളെ തിരക്കി അവിടെ എത്തി. ഇതെല്ലാം കണ്ട് അത്ഭുതത്തോടെ അവരും നിന്നു. അപ്പോള്‍ ഒരു സന്യാസി അവിടെ പ്രതൃക്ഷപ്പെട്ടു. സ്വാമി പുറ്റിനകത്തു നിന്നും ഒരു വിഗ്രഹം എടുത്ത് ഉറപ്പിച്ചു നിര്‍ത്തുകയും വനദുര്‍ഗ്ഗായ ഈ പരാശക്തിയെ ആരാധിച്ചാല്‍ നിങ്ങള്‍ക്കും നാടിനും ഐശ്വര്യമുണ്ടാകും എന്നും വെളിപ്പെടുത്തി. അതിനു മുന്പില് വേടനും കുടുംബവും വണങ്ങി. അവര്‍ എഴുന്നേറ്റു നോക്കുമ്പോള്‍ സന്യാസിയെ കാണാനില്ല. അതിനുശേഷം പൂക്കളും മാലകളും അര്‍പ്പിച്ച് പ്രാര്‍ത്ഥന തുടര്‍ന്നു.
അന്നുരാത്രി അവര്‍ അവിടെ കഴിഞ്ഞു. വേടന് സ്വപ്നദര്‍ശനമുണ്ടായി. അവിടെ എത്തിയത് നാരദമഹര്‍ഷിയായിരുന്നുവെന്ന് വിവരമറിഞ്ഞ് ആളുകള്‍ എത്തി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വേടനേയും കുടുംബത്തേയും അവിടെയെങ്ങും കാണാനില്ല. ആ പ്രദേശം ആരാധനാ കേന്ദ്രമായി. പട്ടമന ഇല്ലത്തു കുടുംബക്കാര് കാട്ടുകുളം നികത്തി ക്ഷേത്രം പണിതൂ. ഈ കുടുംബം ഇപ്പോഴും ക്ഷേത്രത്തിനടുത്ത് താമസമുണ്ട്. നീരേറ്റുപുറമെന്ന് ഈ സ്ഥലത്തിനു പേരുവരാന്‍ കാരണം.
ചക്കുളത്തുകാവിലെ പൊങ്കാലയ്ക്ക് ഏറെ പ്രസിദ്ധി പണ്ട് വേടനും കുടുംബവും ആഹാരം പാകം ചെയ്തിരുന്നത് മണ്കലത്തിലായിരുന്നല്ലോ.ഇതില്‍നിന്നും ദേവിക്കു കൊടുത്തിനുശേഷം ബാക്കിയുള്ളത് അവര്‍ ഭക്ഷിച്ചിരുന്നു. ഒരു ദിവസം വിറകിനുപോയിരുന്ന അവര്‍ എത്താന്‍ വൈകി. ദേവിയ്ക്ക് നിവേദ്യം നല്കാന് കഴിഞ്ഞില്ല. അമ്മയെ പട്ടിണിക്കിടേണ്ടി വന്നല്ലോ എന്ന ദു:ഖം അവരില്‍ കണ്ണീരായി. വൈകിയെങ്കിലും അമ്മയ്ക്ക് ആഹാരം പാകംചെയ്യാന്‍ കലം നോക്കുമ്പോള്‍ മരച്ചുവട്ടിലിരുന്ന കലത്തില്‍ നിറയെ ചോറുംകറികളും അവരുടെ അത്ഭുതം പ്രാര്‍ത്ഥനയായി. അമ്മയെ വിളിച്ചുള്ള പ്രാര്‍ത്ഥന തുടര്‍ന്നു. അപ്പോള്‍ അതാ കേള്‍ക്കുന്നു.”മക്കളേ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ ആഹാരം. നിങ്ങളുടെ ഭക്തിയില്‍ ഞാന്‍ സന്തുഷ്ടയായി. തീരാദു:ഖത്തില്‍പോലും എന്നെ കൈവിടാത്തവര്‍ക്ക് ഞാന്‍ ദാസിയും തോഴിയുമായിരിക്കും. അങ്ങനെ വേടനും കുടുംബവും അമ്മയ്ക്കു മണ്കലങ്ങളില് അര്‍പ്പിച്ച നിവേദ്യവും പരാശക്തിയായ അമ്മ വേടനും കുടുംബത്തിനും നല്കിയ ആഹാരവുമാണ്. ചക്കുളത്തുകാവിലെ പൊങ്കാലയുടെ ഐതിഹ്യം. ആണ്ടുതോറും ആയിരക്കണക്കിന് ഭക്തരുടെ മക്കളായ സ്ത്രീജനങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയ്ക്ക് പുത്തന്‍കലങ്ങളില്‍ നിവേദ്യം തയ്യാറാക്കുന്നു. അന്ന് സന്ധ്യയ്ക്ക് കാര്‍ത്തിക സ്തംഭം കത്തിക്കുന്നതോടെ ദേവിയെ എഴുന്നെള്ളിക്കുന്നു.
ഭക്തജനങ്ങളുടെ വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയുണ്ട്. എല്ലാ മലയാളമാസവും ആദ്യത്തെ വെള്ളിയാഴ്ചയാണിത്. അന്ന് ഭക്തജനങ്ങള്‍ ഒന്നായി പ്രാര്‍ത്ഥന ഉച്ചത്തില്‍ ഏറ്റുചെല്ലുന്നു. എല്ലാ വെള്ളിയാഴ്ചയും മരുന്നുവെള്ളം വിതരണം ഉണ്ട്. അമ്മയുടെ ദിവ്യഔഷധം സൗജന്യമാണ്. ധാരാളം പച്ചമരുന്നുകള്‍ ചേ രുന്ന ഇത് ചര്‍മ്മരോഗങ്ങള്‍ മാറാനും രക്തശുദ്ധിക്കും വിദ്യാഭ്യാസത്തില്‍ ഉല്‍ക്കര്‍ഷമുണ്ടാകാനും ഉപകരിക്കുന്നു. കന്നി മാസത്തിലെ ആയില്യത്തിന് നൂറുംപാലും അര്‍പ്പിക്കുന്നു.
ചക്കുളത്തുകാവിലെ നാരിപൂജയ്ക്കു പ്രത്യേക വൈശിഷ്ട്യം. സ്ത്രീകളുടെ പാദം കഴുകി അവരെ ആദരിക്കുന്ന ചടങ്ങ് ഈ ക്ഷേത്രത്തിലല്ലാതെ മേറ്റ്വിടെയും ഉണ്ടെന്നു തോന്നുന്നില്ല. ജാതിമതപ്രായഭേദം കൂടാതെ സ്ത്രീകള്‍ ഈ ചടങ്ങിനെത്തുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രമതില്‍ കെട്ടിനകത്ത് ശ്രേഷ്ഠമായ ഒരു പൂജനടക്കുകയാണ്. എല്ലാ സ്ത്രീകളും വെളിയിലേക്ക് ഇറങ്ങിനില്‍ക്കാന്‍ നിര്‍ദ്ദേശമുണ്ടായി. പ്രായമായ ഒരു സ്ത്രീയൊഴികെ എല്ലാവരും വെളിയിലേയ്ക്ക്പോയി. “നിങ്ങളോട് മാത്രം പറയണോ?” എന്ന് ചോദ്യമുണ്ടായി. പ്രായമായവരോട് കരുണ വേണമെന്നും അവര്‍ അവിടെ നിന്നുകൊണ്ട് പൂജ കണ്ടുകൊള്ളാമെന്നും അപേക്ഷിച്ചു. ഇവിടെ ആര്‍ക്കും ഒരു പ്രത്യേകതയും ഇല്ലെന്നുപറഞ്ഞുകൊണ്ട് അവരെ പുറത്താക്കി. അപ്പോള്‍ അവിടെ ശക്തമായ കാറ്റടിക്കാന്‍ തുടങ്ങി. വിളക്കുകള്‍ അണഞ്ഞു. അശുഭലക്ഷണങ്ങള്‍ പലതും കണ്ടു തുടങ്ങി. അവിടെ കൂടിയവരെല്ലാം പരിഭ്രാന്തരായി”ഇവിടെ നില്ക്കുന്ന എല്ലാ സ്ത്രീകളുടെയും പാദം കഴുകി പൂജിച്ച് അകത്തുകയറ്റുമ്പോള്‍ അതിലൊരാളായി ഞാനും അകത്തുവരാം”.ദേവിയുടെ അരുളപാടുണ്ടായി. അതിന്റെ സ്മരണയ്ക്കായി അമ്മയോടുള്ള ആദരസൂചകമായി സാരിപൂജ നടത്തിവരുന്നു. പരിസരപ്രദേശങ്ങള്‍ കൂരിരുളില്‍ താഴുമ്പോഴും പദ്മരാഗപ്രഭ വിടര്‍ത്തി പ്രകാശിക്കുകയാണ് ചക്കുളത്തമ്മ. പരിസരവാസികളുടെ ഹൃദയങ്ങളില്‍ ദേവി പ്രകാശമരുളുന്നു.
– പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: