വാഷിങ്ങ്ടണ്‍: പാക്ഭീകര സംഘടനയായ തെഹരിക് ഇ താലിബാന്റെ തലവന്‍ ഹക്കീമുള്ള മസൂദിന്റെ വധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നു.
മസൂദിനെ കൊലപ്പെടുത്തിയ അമേരിക്കന്‍ നടപടി താലിബാനുമായുള്ള സമാധാന ചര്‍ച്ചകളെ വഴിമുട്ടിച്ചെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. യുഎസുമായുള്ള ബന്ധം പഴയനിലയില്‍ തുടരാനാവില്ലെന്നും പാക് ഭരണകൂടം സൂചിപ്പിച്ചിരുന്നു. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഇതിനകം പ്രതിഷേധമുയര്‍ത്തിയ പാക്കിസ്ഥാനെ കൂടുതല്‍ ചൊടിപ്പിക്കുന്നതായി ഇപ്പോഴത്തെ അമേരിക്കന്‍ നടപടി. അതിനിടെ അമേരിക്കന്‍ ബന്ധത്തെകുറിച്ച് ചര്‍ച്ചചെയ്യാന്‍ വേണ്ടി ചേരാനിരുന്ന ഉന്നതതലയോഗം പാക്കിസ്ഥാന് മാറ്റിവച്ചു.
വടക്കന്‍ വസീരിസ്ഥാനിലെ ഒരു മസ്ജിദില്‍ നടന്ന രഹസ്യയോഗത്തിനുശേഷം മടങ്ങുകയായിരുന്ന മസൂദിനെ വെള്ളിയാഴ്ച്ച ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലൂടെയാണ് അമേരിക്ക വധിച്ചത്. മെസൂദ് സഞ്ചരിച്ച വാഹനത്തിനു നേരെയുള്ള അമേരിക്കന്‍ മിസെയില്‍ ആക്രമണത്തില്‍ ഭീകരത്തലവന്റെ അഞ്ച് അനുയായികളും കൊല്ലപ്പെട്ടിരുന്നു. മസൂദിന്റെ മരണം പാക്കിസ്ഥാന്റെ ആഭ്യന്തര സുരക്ഷയെയും അപകടത്തിലാക്കിയിട്ടുണ്ട്.
നവാസ് ഷെരീഫ് സര്‍ക്കാരിന്റെ അറിവോടെയല്ലാതെ അമേരിക്ക മസൂദിനെ ലക്ഷ്യമിടില്ലെന്നും പ്രതികാരമായി പാക്കിസ്ഥാനിലുടനീളം സ്ഫോടനങ്ങള്‍ നടത്തുമെന്നും പാക് താലിബാന് ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഷെരീഫ് അധികാരമേറ്റശേഷം അമേരിക്കയുമായുള്ള ബന്ധം ഉലയാന്‍ ആരംഭിച്ചത് പാക്കിസ്ഥാനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യുഎസ് നിരാകരിച്ചതും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിനു കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: