ധാക്ക: 1971 ല്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്നാണ് 42 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ട് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കുകൂടി വധശിക്ഷ. ബംഗ്ലാദേശില്‍ ജനിച്ചമുസ്ലിംനേതാവായ ബ്രിട്ടീഷുകാരനുംയുഎസ്പൗരനേയുമാണ് ധാക്കയിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ബ്രിട്ടണ് കേന്ദ്രമായി പ്രവര്ത്തിക്കുന്നമുസ്ലിം നേതാവായ ചൗധരി മുൗനുദീന്, അശ്റാഫുസ്മാന് ഖാന് എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.
മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണലാണ് കുറ്റവാളികളെ മരണംവരെ തൂക്കിലേറ്റണമെന്ന വിധി പ്രസ്താവിച്ചത്. ഭീകരവാദസംഘടനയായ എല്ലാ അല്‍ ബാദര്‍ നേതാക്കള്‍ക്കും ഈ വിധി ഒരു പാഠമായിരിക്കമെന്ന് ജഡ്ജ് ഒബൈദുള്‍ ഹസാനാ പറഞ്ഞു.
മതപണ്ഡിതരും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരുമടങ്ങുന്ന 18 പേര് കൊല്ലപ്പെട്ടതില്‍ ഇവരുടെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് വധശിക്ഷ വിധിക്കപ്പെട്ടത്. ഇവരുടെ കൊലയ്ക്ക് ഇരുവരും പ്രേരണയും പിന്തുണയും സഹായവും നല്‍കിയെന്ന് വിധി പ്രഖ്യാപിച്ച ജഡ്ജ് മുജീബുര്‍റഹ്മാന്‍ മിയ പറഞ്ഞു. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുന്ന പ്രക്ഷോഭ സമയത്ത് കുപ്രസിദ്ധ സംഘത്തിന് നേതൃത്വം നല്‍കുകയായിരുന്നു മുൗനുദീന്. യുദ്ധത്തിനുശേഷം ഇയാള്‍ ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞതായും ഇസ്ലാമി ചാത്ര സംഘ എന്ന സംഘടനയിലെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു എന്നും ജഡ്ജി പറഞ്ഞു. മുന്‍ മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാജ്യത്തെ പൗരന്മാര് തുടങ്ങിയ നിരവധി പേരെ വിസ്തരിച്ചതിന് ശേഷമാണ് കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചത്.
ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്നും സ്വതന്ത്രമാക്കുന്നതിനെതിരെ ഭീകരവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ ആശിര്‍വാദത്തോടെ രൂപീകരിച്ച ഭീകര സംഘടനയാണ് അല്‍ ബാദര്‍. ഈ സമയത്ത് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കണമെന്ന് വാദിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നിരവധിപേരെ അല്‍ ബാദര്‍ വധിച്ചു. 1971 ഡിസംബര്‍ 16 ന് ബംഗ്ലാദേശ് സൈന്യവും ഇന്ത്യന്‍ സൈന്യവും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവില്‍ രാജ്യത്തെ സ്വതന്ത്രമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: