നിയമസഭ തെരഞ്ഞടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകന് ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം. രാഹുല്‍ ഗാന്ധി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാകാം സോണിയ ഗാന്ധി ഇക്കുറി കാര്യമായ പ്രചരണത്തിനില്ല. രാജസ്ഥാനിലും ദല്‍ഹിയിലും ചില യോഗങ്ങളില്‍ പങ്കെടുത്തതൊഴിച്ചാല്‍ സോണിയ ഗാന്ധി കാര്യമായ പര്യടനങ്ങളൊന്നും നടത്തിയിട്ടില്ല.
രസകരമായ മറ്റൊരു കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെപ്പറ്റി പറയാന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗോ മറ്റു കേന്ദ്ര മന്ത്രിമാരോ കാര്യമായി രംഗത്തില്ല എന്നതാണ്. ഏപ്രിലില്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞടുപ്പിന്റെ മുന്നോടിയായിരിക്കും നവംബര്‍ -ഡിസംബര്‍ മാസങ്ങളിലെ നിയമസഭതെരഞ്ഞെടുപ്പുകളെന്ന് പറയുമ്പോഴും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തെരഞ്ഞടുപ്പ് പ്രചരണവേദികളില്‍ പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രിമാരോ എത്താത്തത് കൗതുകമുണര്‍ത്തുന്നു. തെരഞ്ഞെടുപ്പുമായോ ജനങ്ങളുമായോ ബന്ധമുള്ള ഒരു സര്‍ക്കാരല്ല കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് എന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിമര്‍ശനത്തിനു കരുത്തു പകരുന്നതാണ് ഈ അസാന്നിദ്ധ്യം.
തെരഞ്ഞടുപ്പിലോ രാഷ്ട്രീയത്തിലോ ജനവികാരങ്ങളിലോ താത്പര്യമോ ഉത്തരവാദിത്വമോ ഇല്ലാത്ത ഒരു ഉദ്യോഗസ്ഥ സംവിധാനം മാത്രമായി കേന്ദ്ര ഭരണകൂടം മാറിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഏക നേതാവ് എന്ന രീതിയില്‍ ഈ സാഹചര്യത്തില്‍ രാഹുലിനെ മാര്‍ക്കറ്റ് ചെയ്യാനാണ് ശ്രമം. രാഹുല്‍ പങ്കെടുക്കുന്ന വേദികളില്‍ മറ്റു നേതാക്കള്‍ക്കും കാര്യമായ റോളൊന്നുമില്ല. സ്വാഗതം പറയുക, നന്ദി പറയുക തുടങ്ങിയ ഔപചാരികതകളല്ലാതെ. രാഹുലിനെ മാര്‍ക്കറ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമം കാണുമ്പോള്‍ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ആ പാര്‍ട്ടി ഇന്ന് എത്തിച്ചേര്‍ന്നിട്ടുള്ള പരിതാപകരമായ പതനമാണ് ആര്‍ക്കും ഓര്‍മ്മ വരിക. രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും സ്വീകാര്യനാക്കി മാറ്റാനുള്ള ചുമതല ഏറ്റടുത്തിരിക്കുന്നത് അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് സ്ഥാപനമാണ്. ഇപ്പോള്‍ അവരുടെ നിര്‍ദ്ദേശമനുസരിച്ചാണത്രെ രാഹുല്‍ തന്റെ വേഷവും പെരുമാറ്റവുമെല്ലാം ചിട്ടപ്പെടുത്തുന്നത്.
നിലവിലുള്ള വ്യവസ്ഥിതികളോട് നിര്‍ദാക്ഷിണ്യം കലഹിക്കുന്ന ഒരു ക്ഷുഭിതനായ യുവനേതാവിന്റെ പ്രതിഛായയാണത്രെ രാഹുലിനു വേണ്ടി അമേരിക്കന്‍ കമ്പനി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ചതും മന്മോഹന് സിംഗിനെ അപമാനിച്ചതുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ഇക്കുറി കോണ്‍ഗ്രസിനെ മധ്യവര്‍ഗം കൈവിടുമെന്നാണ് പാര്‍ട്ടി കരുതുന്നത്. പാര്‍ട്ടിയെ ഏറ്റവും സഹായിക്കാന്‍ സാധ്യതയുള്ളത് സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരും ന്യൂനപക്ഷങ്ങളുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതു കൊണ്ട് ഇനിമേല്‍ രാഹുലിന്റെ പ്രസംഗങ്ങളിലെല്ലാം ദാരിദ്ര്യം ഒരു പ്രധാന ഘടകമായി കടന്നു വരും. ദരിദ്രരോടുള്ള അനുകമ്പ, ദാരിദ്ര്യത്തോടുള്ള പോര്‍വിളി തുടങ്ങിയവയാണ് ഇപ്പോള്‍ എല്ലായിടത്തും അദ്ദേഹം ആവര്‍ത്തിക്കുന്നത്. അതിനൊപ്പം ന്യൂനപക്ഷങ്ങളെ പ്രത്യകിച്ച് മുസ്ലിം വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള പൊടിക്കൈകളും. കഴിഞ്ഞദിവസം ഏറെ പഴികേട്ട പ്രസംഗം, മുസാഫര്‍ നഗറിലെ മുസ്ലീങ്ങളെക്കുറിച്ചുള്ളത്, ഇങ്ങനെ തയ്യാറാക്കി പറഞ്ഞതായിരുന്നു. ബുണ്ടേല്‍ ഖണ്ഡിലും കഴിഞ്ഞ ദിവസം രാഹുല്‍ ഇതേ പല്ലവി തന്നെയാണ് പാടിയത്. ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി വെട്ടിക്കുറക്കുമ്പോഴും മറ്റും ഈ ദരിദ്ര പ്രേമം എവിടെയായിരുന്നുവെന്ന് മാത്രം ചോദിക്കരുത്.
രാഹുലിന് ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായി മാറാന്‍ ഇനിയും കോണ്‍ഗ്രസിലെ ഒട്ടേറെ തലമുതിര്‍ന്ന നേതാക്കള്‍ തല്ലുകൊള്ളേണ്ടി വരുമെന്നാണ് സൂചനകള്‍ . ഇമേജ് മേക്കിങ്ങിന്റെ ഭാഗമായി വസ്ത്ര ധാരണത്തിലും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജീന്‍സും ടീ ഷര്‍ട്ടും സ്ഥിരമായി ധരിച്ചിരുന്ന രാഹുലിന് ഇനി അമ്മയും പി ആര് കമ്പനിയും പറയാതെ അത് ധരിക്കാന്‍ കഴിയില്ല. പകരം നിര്‍ദ്ദേശിച്ചിട്ടുളളത് അയഞ്ഞ കുര്‍ത്തയും പൈജാമയും . സ്ഥിരമായി ക്ലീന്‍ ഷേവ് ചെയ്തിരുന്നയാള്‍ക്ക് ഇപ്പോള്‍ കുറ്റിത്താടി നിര്‍ബന്ധമാക്കിയിരിക്കയാണ്. ചില സിനിമകള്‍ക്കു വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതു പോലെയാണ് രാഹുലിനെ അണിയിച്ചൊരുക്കുന്നത്. ഏറ്റവും രസകരമായ കാര്യം കുര്‍ത്തയുടെ കൈ തെറുത്ത് കയറ്റി വക്കുന്ന കാര്യമാണ്. കൈ അലസമായി തെറുത്തുകയറ്റി വക്കണമെന്നാണ് കമ്പനി നിര്‍ദ്ദേശം. അതു മാത്രമല്ല ചില കവലച്ചട്ടമ്പികള്‍ ചെയ്യുന്നതു പോലെ ഇടക്കിടക്ക് അത് അലസമായി വലിച്ചു കയറ്റിക്കൊണ്ടിരിക്കണം. എന്തായാലും രാഹുല്‍ അക്ഷരം പ്രതി ഇതെല്ലാം അനുസരിക്കുന്നുണ്ട്. ഒരു പ്രധാനമന്ത്രിയാകാന്‍ ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടെന്ന് പാവം അറിഞ്ഞു കാണില്ല. അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ പണിക്ക് ഇറങ്ങില്ലായിരുന്നു. ഗാന്ധിജിയും രാജാജിയും നെഹൃവും പട്ടേലുമൊക്കെ നയിച്ചിരുന്ന ഒരു പാര്‍ട്ടിയുടെ ചരിത്ര നിരാസമാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: