ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിച്ച രാഹുല്‍ഗാന്ധിയുടെ നടപടിക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
രാജസ്ഥാനിലെ ചുരുവിലും ഖേര്ളിയിലും നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ ബിജെപിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് രാഹുല്‍ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
മതേതരത്വത്തിനെതിരായ രീതിയില്‍ പ്രചാരണം സംഘടിപ്പിച്ചതിനാണ് രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ജനങ്ങളില്‍ വര്‍ഗ്ഗീയ ചേരിതിരിവു സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിച്ചതു മൂലമാണ് പാട്ന സ്ഫോടനങ്ങള്‍ പോലും ഉണ്ടായിരിക്കുന്നതെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
മതത്തിന്റേയും ജാതിയുടേയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന തരത്തിലാണ് രാഹുല്‍ഗാന്ധി പ്രസംഗങ്ങള്‍ നടത്തുന്നതെന്നും നഖ്വി പറഞ്ഞു.
രാഹുല്‍ നടത്തിയ പ്രസംഗങ്ങളുടെ രേഖകളും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനു തന്നെ അപമാനമായ വാക്കുകള്‍ രാഹുല്‍ഗാന്ധി പിന്‍വലിച്ചു മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. നഖ്വിക്കു പുറമേ ധര്‍മ്മേന്ദ്ര പ്രധാന്,സത്പാല്‍ ജയിന്,പ്രകാശ് ജാവധേക്കര്‍,നിര്‍മ്മല സീതാരാമന്,പിങ്കി ആനന്ദ് എന്നിവരടങ്ങിയ സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: