ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം തിരിച്ചുപിടിക്കാന്‍ കൊതിക്കുന്ന ചെല്‍സിക്കു വിജയഹാസം. സ്വന്തംതട്ടകത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവര്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അതിജീവിച്ചു. കളിയുടെ അവസാന മിനിറ്റില്‍ സ്പാനിഷ് സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസാണ് നീലപ്പടയുടെ വിജയഗോള്‍ കുറിച്ചത്. സ്വന്തം പ്രതിരോധഭടന് മാറ്റിജ നസ്ടാസിക്കിന്റെ ഹെഡ്ഡര്‍ പിടിക്കാന്‍ മുന്നോട്ടുകയറിയ സിറ്റി ഗോളി ജോ ഹാര്‍ട്ടിന്റെ പിഴവ് മുതലെടുത്ത ടോറസ് ഒഴിഞ്ഞ വലയില്‍ പന്തടിച്ചു കയറ്റുകയായിരുന്നു. 33-ാം മിനിറ്റില്‍ ആന്ദ്രെ ഷറിളിലൂടെ മുന്നിലെത്തിയ ചെല്‍സിയെ രണ്ടാം പകുതിയില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വെറോയുടെ മികവില്‍ സിറ്റി തുല്യംപിടിച്ചെങ്കിലും ഹാര്‍ട്ടിന്റ പിഴവ് അവര്‍ക്ക് താങ്ങാനുവന്നതിനപ്പുറമായി.
ശരിക്കും സിറ്റി തോല്‍വി അര്‍ഹിച്ചിരുന്നില്ല. കളിയുടെ ആരംഭത്തില്‍ അവര്‍ നല്ല ഒത്തിണക്കം കാട്ടി. എന്നാലും സിറ്റിക്ക് നല്ല അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മറുവശത്ത് പൊസഷന്‍ ലഭിച്ചില്ലെങ്കിലും കുറച്ചുകൂടി കൃത്യത ചെല്‍സിയുടെ നീക്കങ്ങള്‍ക്കായിരുന്നു. ടോറസ് പലവട്ടം സിറ്റിയുടെ ഗോള്‍ മുഖത്ത് അപകടഭീഷണി ഉയര്‍ത്തി. അതിവേഗതം കുതിച്ച ഗെയ്ല് ക്ലിച്ചിയെ മറികടന്ന് ടോറസ് നല്കിയ പാസില്‍ നിന്നായിരുന്നു ഷറിള്‍ ചെല്‍സിയുടെ കന്നി ഗോള്‍ കുറിച്ചത്. സിറ്റിക്കുവേണ്ടി അഗ്വെറോ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. ഇടവേളയ്ക്കുശേഷം രണ്ടു സംഘങ്ങളും തുടരെ ആക്രമണങ്ങള്‍ സംഘടിപ്പിച്ചു. 49-ാം മിനിറ്റില്‍ സിറ്റി ലക്ഷ്യംകണ്ടു. സമീര്‍ നസ്റിയുടെ ത്രൂബാള്‍ പിടിച്ച അഗ്വെറോ ചെല്‍സിയുടെ ഹൃദയം പിളര്‍ന്നു (1-1). അവസാന നിമിഷങ്ങളില്‍ ഇരമ്പിയാര്‍ത്ത സിറ്റി ചെല്‍സിയുടെ പ്രതിരോധം പിളര്‍ത്തുമെന്നു തന്നെ തോന്നിച്ചു. അതിനിടെയാണ് ടോറസ് ചെല്‍സിക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. ഇതോടെ ചെല്‍സി (20 പോയിന്റ്) ടേബിളില്‍ രണ്ടാമതെത്തി. സിറ്റി 16 പോയിന്റുമായി ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: