ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന് റെഡ്ഡിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ആന്ധ്രാമന്ത്രി മോപ്പിദേവി വെങ്കട്ടരമണയ്ക്ക് ജാമ്യം. അന്വേഷണ ഏജന്‍സിയുടെ അനുമതി കൂടാതെ ഹൈദരാബാദ് വിടരുതെന്ന് സിബിഐ കോടതി അദ്ദേഹത്തിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഇതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് 45 ദിവസത്തെ ഇടക്കാല ജാമ്യം മുന്‍മന്ത്രിയ്ക്ക് അനുവദിച്ചിരുന്നു. കാലാവധി തീരാന്‍ എട്ടുദിവസം ബാക്കി നില്‍ക്കെ ഒക്ടോബര്‍ 25 ന് അദ്ദേഹം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അതിനെത്തുടര്‍ന്നുള്ള ജാമ്യാപേക്ഷയിലാണ് ഈ നീക്കം.
മോപ്പിദേവി എക്സൈസ് മന്ത്രിയായിരിക്കെ കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മെയ് 24 നാണ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് രാജിവെക്കുകയും ചെയ്തു.
നിയമവിരുദ്ധമായി വ്യവസായിയായ നിമ്മഗദ്ദാ പ്രസാദിന്റെ പ്രോജക്ടുകള്‍ക്ക് ഇളവ് അനുവദിച്ചതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ ജഗന്മോഹന് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ പ്രസാദ് നിക്ഷേപം നടത്തിയെന്നും ആരോപണമുണ്ട്.
പതിനാറ് മാസത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞമാസമാണ് ജഗന്മോഹന് റെഡ്ഡിക്ക് കോടതി ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന്റെ സഹായിയായ വിജയ് സായ് റെഡ്ഡി, നിമ്മഗദ്ദാ പ്രസാദ്, കെ.വി.ബ്രഹ്മാനന്ദ റെഡ്ഡി എന്നിവര്‍ക്കും ഈ മാസമാദ്യം കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ഇവരുടെ നിക്ഷേപങ്ങളില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയതിന്റെ പത്ത് കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചിട്ടുള്ളത്. രാജശേഖര റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് തന്റെ മകന്റെ വ്യവസായ നിക്ഷേപമുള്ള കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ആനുകൂല്യം നല്‍കിയിരുന്നതായും അന്വേഷണ ഏജന്‍സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: