മാഡ്രിഡ്: അമേരിക്കന്‍ സുരക്ഷാ ഏജന്‍സി എന്‍എസ്എ സ്പാനിഷ് പൗരന്മാരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി. ഒരു മാസത്തിനിടെ ആറു കോടി ഫോണ്‍ സന്ദേശങ്ങളാണ് എന്‍.എസ്.എ ചോര്‍ത്തിയതെന്ന് സ്പെയിനിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു.
2012 ഡിസംബര്‍ 10നും 2013 ജനുവരി എട്ടിനും ഇടയിലായിരുന്നു ഇത്രയും ഫോണ്‍ സന്ദേശങ്ങള്‍ അമേരിക്ക ചോര്‍ത്തിയതെന്ന് എല്‍മുണ്ടോ പത്രം പറയുന്നു. ഫോണ്‍ ചോര്‍ത്തല്‍ നടന്നത് എങ്ങനെയാണെന്നുള്ളതിന്റെ ഗ്രാഫിക് ചിത്രങ്ങളും പത്രം പ്രസിദ്ധീകരിച്ചു. സ്പെയിനിനെ ബാധിക്കുന്ന വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ലഭിക്കുന്നതിന് ബ്രസീലിലെ ഒരു മാധ്യമ പ്രവര്‍ത്തകനുമായി ധാരണയില്‍ എത്തിയതായും പത്രം വെളിപ്പെടുത്തി.
എന്‍.എസ്.എ മുന്‍ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡനില്‍ നിന്നാണ് മാധ്യമ പ്രവര്ത്തകന് രേഖകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് പൗരന്മാരുടെ ഫോണ്‍ വിവരങ്ങള്‍ യുഎസ് ചോര്‍ത്തിയെന്ന വിവരം പുറത്തുവന്ന പശ്ചാത്തലത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പാനിഷ് വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തിയിട്ടുണ്ട്.
നേരത്തെ ഫ്രഞ്ച് പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിലും ജര്‍മ്മന്‍ ചാന്‍സല്‍ അഞ്ചേല മാര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിലും ഫ്രാന്‍സും ജര്‍മ്മനിയും അമേരിക്കയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സ്പെയിനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: