കോണ്‍ഗ്രസ് സര്‍ക്കാര്‍ വെടിവെച്ചു കൊന്നുകളഞ്ഞ ഒരു മഹാരാജാവുണ്ടായിരുന്നു സ്വതന്ത്ര്യ ഇന്ത്യയില്‍. പ്രവിര്‍ ചന്ദ്ര ഭഞ്ജ് ദേവ്. മാവോയിസ്റ്റുകള്‍ ചോരക്കളം തീര്‍ക്കുന്ന ഇന്നത്തെ ഛത്തീസ്ഗഢിലെ ബസ്തറിന്റെ 20-ാമത് രാജാവ്. കാകതീയ സാമ്രാജ്യത്തിന്റെ അവസാന രാജാവ്. ദണ്ഡകാരണ്യത്തിലെ ഗോത്രജനതയ്ക്കു വേണ്ടി എന്നും നിലകൊണ്ട രാജാവിനെ 61 റൗണ്ട് വെടിയുണ്ടകള്‍ കൊണ്ടാണ് 1966ല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പോലീസ് കൊന്നുകളഞ്ഞത്. അന്നു മുതല്‍ നേതൃത്വം നഷ്ടപ്പെട്ട ഗോത്രജനത മാവോയിസത്തിലേക്ക് മാറിയത് തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെ കൊന്നവരോടുള്ള പകയാലാവാം. വനവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ജനാധിപത്യ ഭരണത്തിലേറിയവരോട് എന്നും കലഹിച്ച രാജാവിനെ സര്‍ക്കാര്‍ തലവേദനയായി കണ്ടതു വിരോധാഭാസം തന്നെ.
1929 ജൂണ്‍ 25ന് ജനിച്ച പ്രവിര്‍ 7-ാം വയസ്സില്‍ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്നു. 1947ല്‍ പതിനെട്ടു വയസ്സു പൂര്‍ത്തിയായ രാജാവ് പക്ഷേ 1948 ജനുവരി 1ന് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായി തന്റെ രാജ്യത്തേയും വിട്ടുകൊടുക്കുകയായിരുന്നു. റായ്പൂരിലെ രാജ്കുമാര് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രവിര്‍ 1957ല്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് ബസ്തറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ബസ്തര്‍ വനമേഖലയിലെ പ്രകൃതി വിഭവങ്ങളുടെ ചൂഷണം അനിയന്ത്രിതമായതോടെയാണ് രാജാവ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സ്വന്തം പ്രജകള്ക്കെതിരായ ചൂഷണത്തെ നേരിടുന്നതിനു ജനാധിപത്യ രീതിയില്‍ത്തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നേതാവുമായി.
സന്ധിയില്ലാ സമരവുമായി മുന്നോട്ടുപോയ പ്രവിര്‍ വനമേഖലയില്‍ അനധികൃത ഖാനന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടവരുടേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും ശത്രുവായി മാറി. ഒടുവില്‍ ആസ്ഥാനമായ ജഗ്ദല്‍പൂരിലെ വീട്ടില്‍ വെച്ച് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രവിര്‍ ചന്ദ്ര ഭഞ്ജ് ദേവ് കൊല്ലപ്പെടുകയായിരുന്നു. നിരവധി വനവാസികളും ഏറ്റുമുട്ടലില്‍ പോലീസിന്റെ തോക്കിനിരയായി. പലരും ബസ്തര്‍ വിട്ട് ഓടേണ്ടിവന്നു. ഒരു പക്ഷേ അന്നു തീര്‍ന്നതാകാം ജനാധിപത്യ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തോടുള്ള ഗോത്രവര്‍ഗ്ഗ ജനതയുടെ വിശ്വാസം.
വീണ്ടുമൊരു തെരഞ്ഞെടുപ്പിനു ബസ്തര്‍ വനമേഖലയില്‍ കളമൊരുങ്ങുമ്പോള്‍ ചില മാറ്റങ്ങള്‍ സാധാരണക്കാരിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അതു രമണ്‍സിങ് സര്‍ക്കാര്‍ വനവാസി മേഖലയില്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി രമണ്സിങ്ങെന്ന 61കാരന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ദാരിദ്ര്യത്തെ മുതലെടുത്ത് വിപ്ലവത്തിനിറങ്ങിയ മാവോയിസ്റ്റുകള്‍ക്ക് ലക്ഷ്യം മാറിത്തുടങ്ങിയതും ഗോത്രജനത തിരിച്ചറിയുന്നുണ്ട്. എന്നാല്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ധനസഹായം നിര്‍ലോഭം ഒഴുകുന്ന മാവോയിസ്റ്റ് സാമ്രാജ്യത്തിനു കാര്യമായ കേടുപാടുകള്‍ ഇനിയും ഉണ്ടായിട്ടില്ലെന്നതാണ് സത്യം.
2008ലെ തെരഞ്ഞെടുപ്പിനെ ചോരകൊണ്ട് ചുവപ്പിച്ച മാവോയിസ്റ്റുകള്‍ ഇത്തവണയും തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എങ്കിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണം എല്ലാവരിലുമെത്തിച്ച രമണ്‍സിങ് സര്‍ക്കാരിനെ അത്ര ശക്തമായി അവര്‍ എതിര്‍ക്കുന്നുമില്ല. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ദന്തേവാഡ,ബസ്തര്‍ ജില്ലകളില്‍ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറുന്നത് ജനങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിലുള്ള വിശ്വാസം മൂലമാണെന്ന് മാവോയിസ്റ്റുകളും അംഗീകരിച്ചു കഴിഞ്ഞു.
ദേശീയ-സംസ്ഥാന പാതകളും അന്തര്‍സംസ്ഥാന പാലങ്ങളും സ്കൂളുകളും പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനായുള്ള കടകളും വൈദ്യുതിയും എല്ലാം മാവോയിസ്റ്റ് സ്വാധീന മേഖലകളിലേക്ക് പതിയെ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഭൂപരിഷ്ക്കരണ പദ്ധതിയും പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറിയതും വനസമിതികള്ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിയതുമെല്ലാം മാറ്റങ്ങള്‍ക്ക് ശക്തികൂട്ടി. കൂടാതെ നക്സല്‍ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചു മടങ്ങിയെത്തുന്നവര്‍ക്ക് അഞ്ചുമുതല്‍ 7 ലക്ഷം രൂപ വരെ നല്‍കിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കി.
സാധാരണക്കാരുടെ സംരക്ഷണത്തിനെന്ന പേരില്‍ ഏകദേശം 300 കോടിയോളം രൂപയാണ് മാവോയിസ്റ്റുകള്‍ ഒരു വര്‍ഷം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സമാഹരിക്കുന്നത്. എന്നാല്‍ അതിന്റെ പകുതിയെങ്കിലും ജനങ്ങള്‍ക്കായി ചെലവഴിക്കണമെന്ന രമണ്‍സിങ്ങിന്റെ പ്രസ്താവന മാവോയിസ്റ്റുകളുടെ തനിനിറം പുറത്തുകാട്ടി. കൊള്ളയടിച്ചും ഭീഷണിപ്പെടുത്തിയും ഉണ്ടാക്കിയ പണം മുഴുവന്‍ എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിനു മാത്രമാണ് മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നത്. ഇതെല്ലാം വനമേഖലയിലെ ജനങ്ങളിലെത്തിക്കാന്‍ വനവാസി കല്യാണാശ്രമം പോലുള്ള എന്‍ജിഒകള്‍ക്കു വിജയകരമായി സാധിച്ചതും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാകുകയാണ്.
മുഖ്യമന്ത്രി രമണ്‍സിങ് മത്സരിക്കുന്ന രാജ്നന്ദ്ഗാവ് ഉള്‍പ്പെടെ 18 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണ ഭീഷണിയുമായി മാവോയിസ്റ്റ് നേതൃത്വം രംഗത്തുണ്ടെങ്കിലും 2008നേക്കാള്‍ ജനപങ്കാളിത്തം നവംബര്‍ 11ന് നടക്കുന്ന തെരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: