ന്യൂദല്‍ഹി: മുസാഫിര്‍നഗര്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിനു ശേഷം പ്രദേശത്തെ മുസ്ലീംയുവാക്കളെ പാക് ചാരസംഘടനയായ ഐഎസ്ഐ വശത്താക്കാന്‍ ശ്രമിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രാജ്യമാസകലം അതിരൂക്ഷമായ പ്രതികരണം. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന പതിവു കോണ്‍ഗ്രസ് തന്ത്രം മുസ്ലീം സമുദായം തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ സൂചനകളാണ് രൂക്ഷമായ പ്രതികരണങ്ങള്‍ നല്‍കുന്നത്. രാഹുല്‍ഗാന്ധിയെ പിന്തുണച്ചു രംഗത്തെത്താന്‍ ദിഗ്വിജയ് സിങ് ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മടിക്കുന്നതും ശ്രദ്ധേയമായി. രാഹുല്‍ മാപ്പുപറയണമെന്ന മോദിയുടെ നിലപാടിനു പിന്തുണയുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.
രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തെത്തുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കലാപം നടന്ന മുസാഫിര്‍ നഗറില്‍നിന്നാണ് മുസ്ലീംസമുദായത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതികരണം ഉണ്ടായിരിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും ഒന്നും ലഭിക്കുന്നില്ലെന്നതാണ് ഇവിടുത്തെ സ്ഥിതിയെന്നും ഇതിനിടെ പാക്കിസ്ഥാനെ ബന്ധപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി പറയുന്നത് വീണ്ടും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും കലാപത്തിനിരയായവര്‍ പ്രതികരിച്ചു.
കലാപ ശേഷം മുസ്ലീങ്ങളെ മാത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച ജമീല്‍ അഹമ്മദ് എന്ന യുവാവ് രാഹുല്‍ഗാന്ധി നടത്തിയത് വീണ്ടും കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു. കഴിക്കാന്‍ ഭക്ഷണമില്ല, പുതയ്ക്കാന്‍ നല്ല കമ്പിളിയില്ല, കിടക്കാന്‍ കിടക്കകളില്ല, എല്ലാ ദിവസവും ദുരിത പൂര്‍ണ്ണമായി മുന്നോട്ടു പോകുന്ന ദുരവസ്ഥയാണ് ദുരിതാശ്വാസ ക്യാമ്പിലെന്നിരിക്കെ ആരാണ് പാക്കിസ്ഥാന് ചാരന്മാരെ ശ്രദ്ധിക്കുന്നത്, ജമീല്‍ അഹമ്മദ് പറയുന്നു.
മുസ്ലീങ്ങള്‍ക്കെതിരെ ദുസ്സൂചനയോടെയുള്ള പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് മുസ്ലീംമത പണ്ഡിതനായ മൗലാനാ സൈഫ് അബ്ബാസ് നഖ്വി പ്രതികരിച്ചു. മൗലാന അബ്ദുള്‍ ഇര്ഫാന്,മിയാന്‍ ഫരംഗി മഹാലി,ഷഹര്‍ ഖാസി എന്നീ മതപണ്ഡിതന്മാരും രാഹുലിനെതിരെ രംഗത്തെത്തി. ഇതിനു പുറമേ ജെഡിയു, സമാജ് വാദി പാര്‍ട്ടി,സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും രാഹുല്‍ഗാന്ധിക്കെതിരെ പ്രതികരിച്ചു.
എന്തെങ്കിലും രഹസ്യവിവരങ്ങള്‍ ജനപ്രതിനിധികള്‍ക്ക് ലഭിച്ചാല്‍ അതു ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് കൈമാറുകയാണ് വേണ്ടത്. അതിനു പകരം പരസ്യ പ്രസ്താവന നടത്തി മുസ്ലീം സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും ബിജെപി വക്താവ് പ്രകാശ് ജാവധേക്കര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: